ദില്ലി: സ്വകാര്യ മേഖലയിലെ വായ്പാ ദാതാക്കളായ ആക്‌സിസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെയും സേവിംഗ്‌സ് അക്കൗണ്ടുകളുടെയും പലിശ നിരക്ക് ഉയർത്തി. 2 കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. 7 ദിവസം മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 2.50 ശതമാനം മുതൽ 5.75 ശതമാനം വരെ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് 3 ശതമാനം മുതൽ 3.50 ശതമാനം വരെ പലിശ ലഭിക്കും.
ആക്സിസ് ബാങ്ക് സ്ഥിരനിക്ഷേപ നിരക്കുകൾ
ഏഴ് ദിവസം മുതൽ 29 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 2.50 ശതമാനം പലിശയും 30 ദിവസം മുതൽ 3 മാസത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 3 ശതമാനം പലിശയും ലഭിക്കും. 3 മുതൽ 6 മാസത്തിനുള്ളിൽ അടയ്‌ക്കേണ്ട നിക്ഷേപങ്ങൾക്ക് ഇപ്പോൾ 3.50 ശതമാനം പലിശ ലഭിക്കും. അതേസമയം 6 മുതൽ 9 മാസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 4.40 ശതമാനം പലിശ നിരക്ക് ലഭിക്കും. 9 മാസം മുതൽ 1 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.75 ശതമാനം പലിശയും 1 വർഷം മുതൽ 15 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.25 ശതമാനം പലിശയും ആക്‌സിസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. അടുത്ത രണ്ടോ അഞ്ചോ വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് ഇപ്പോൾ 5.60 ശതമാനം പലിശയും അടുത്ത അഞ്ച് മുതൽ പത്ത് വർഷത്തിനുള്ളിൽ പൂർത്തിയുമാകുന്ന നിക്ഷേപങ്ങൾക്ക് 5.75 ശതമാനവും റിട്ടേൺ ലഭിക്കും. 7 ദിവസം മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 2.50 ശതമാനം മുതൽ 6.50 ശതമാനം വരെ പലിശ ലഭിക്കും.
ആക്സിസ് ബാങ്ക് സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കുകൾ
1000 രൂപയിൽ താഴെയുള്ള സേവിംഗ്‌സ് അക്കൗണ്ട് ബാലൻസുകൾക്ക് ബാങ്ക് ഇപ്പോൾ പ്രതിവർഷം 3.00 ശതമാനം പലിശ നൽകും. 50 ലക്ഷം വരെ വരുന്ന നിക്ഷേപങ്ങൾക്ക് 3.50 ശതമാനം പലിശ നൽകും. രാജ്യത്തെ മുൻനിര പൊതുമേഖലാ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കും 2 കോടി രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്.