NEWS

അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ മകന്റെ അഭ്യർഥന; ഇടപെട്ട് യൂസഫലി

തിരുവനന്തപുരം: സൗദിയിൽ അപകടത്തിൽ മരിച്ച അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള മകന്റെ അഭ്യർത്ഥനയിൽ ഉടൻ ഇടപ്പെട്ട് എം.എ.യൂസഫലി.
 നിയമസഭാ മന്ദിരത്തിൽ ലോകകേരള സഭയുടെ ഭാഗമായ ഓപ്പൺ ഫോറത്തിലാണ് പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ നോർക്ക റൂട്സ് വൈസ് ചെയർമാൻ എം.എ.യൂസഫലിയോട് തിരുവനന്തപുരം കരകുളം ചെക്കക്കോണം കോഴിയോട് ബാബു സദനത്തിൽ എബിൻ അച്ഛൻ ബാബുവിന്റെ അപകട വിവരം പറഞ്ഞത്.
ഓപ്പൺ ഫോറത്തിന്റെ ഭാഗമായ സംവാദത്തിൽ മറ്റുള്ളവരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുന്നതിനിടയിൽ അദ്ദേഹത്തിന്റെ സഹായികൾ സൗദിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഫോണ‍ിൽ വിളിച്ച് യൂസഫലിക്കു കൈമാറി. ‘‘ ഒരു മൃതദേഹം നാട്ടിലെത്തിക്കാനുള്ള അപേക്ഷ അയച്ചിട്ടുണ്ട്. എത്രയും വേഗം നടപടിയെടുക്കണം. എന്തു ബുദ്ധിമുട്ടുണ്ടായാലും രണ്ടു ദിവസത്തിനുള്ളിൽ മൃതദേഹം നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കണം. അതിനായി ഏത് ഓഫിസിലും ഞാൻ നേരിട്ടു വിളിച്ചുകൊള്ളാം’’– മൈക്കിനു മുന്നിൽ എല്ലാവരെയും സാക്ഷിയാക്കി യൂസഫലി നിർദേശം നൽകിയപ്പോൾ സദസ്സിൽ കയ്യടി നിറഞ്ഞു. അച്ഛനെ അവസാനമായി കണ്ട് ആചാരപ്രകാരം വിടനൽകാൻ കഴിയുമെന്നുറപ്പായപ്പോൾ എബിനും വികാരാധീനനായി.
11 വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന ബാബു 3 വർഷം മുൻപാണ് അവസാനമായി നാട്ടിലെത്തിയത്. കഴിഞ്ഞ 9 ന് രാവിലെ വീട്ടുകാരുമായി വിഡിയോ കോളിൽ സംസാരിച്ച ശേഷം ജോലിക്കു പോയ ബാബു അപകടത്തിൽ മരിക്കുകയായിരുന്നു. സ്പോൺസർ ഇല്ലാത്തതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ ബുദ്ധിമുട്ടാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതോടെ ആകെ സങ്കടത്തിലായിരുന്നു എബിന്റെ കുടുംബം.
മാർ ഇവാനിയോസ് കോളജിൽ രണ്ടാം വർഷ ബിഎ ഇംഗ്ലിഷ് വിദ്യാർഥിയാണ് എബിൻ.സഹോദരൻ വിപിൻ പ്ലസ് ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ്.അമ്മ ഉഷ.

Back to top button
error: