കേരളം സാമ്പത്തിക ഞെരുക്കത്തിൽ ആണ് എന്ന് ധനകാര്യമന്ത്രി നാഴികക്ക് നാല്പതു വട്ടം പറയുന്നത് കേൾക്കാം. കേരളം കടക്കെണിയിലേക്കെന്നു ആർ ബി ഐ യും ചൂണ്ടിക്കാട്ടുന്നു. കടം വാങ്ങി പലിശ അടക്കേണ്ട അവസ്ഥയിലാണ് സംസ്ഥാനം എന്നും ധാരാളം റിപ്പിർട്ടുകൾ വരുന്നു. ഇതിനിടയിൽ ആണ് കൗതുകകരവും എന്നാൽ കെടുകാര്യസ്ഥതയുടെ, അഴിമതിയുടെ ഒരു വാർത്തയും പുറത്തു വരുന്നത്. ഒരു കടുവക്കു ഞ്ഞിനെ അതിന്റെ ആവാസ വ്യവസ്ഥ യിലേക്ക് വിടുന്നതിനായി സർക്കാർ ചെ ലവഴിക്കുന്ന തുകയെ കുറിച്ചാണ് ആ വാർത്ത!!!
കഴിഞ്ഞ സെപ്റ്റംബർ 28 ന് വാൽപ്പാറയിൽ നിന്ന് പരിക്കേറ്റ നിലയിൽ ഒരു കടുവാകുഞ്ഞിനെ വനം വകുപ്പിന് ലഭിക്കുന്നു. കൃത്യമായ ചികിത്സ നൽകിയതോടെ കടുവ രക്ഷ പ്രാപിച്ചു. അങ്ങനെ ഇരിക്കെ വനം വകുപ്പിലെ ഉന്നത ഏമാന്മാരുടെ തലയിൽ ബുദ്ധി ഉദിക്കുകയാണ്. കടുവാക്കുഞ്ഞിനെ നേരെ വനത്തിലേക്കു വിട്ടാൽ അത് രക്ഷപെടില്ല, ഇര പിടിക്കാനും മറ്റും അതിനു വശമില്ല. അതുകൊണ്ട് ഇര പിടിക്കാൻ ഒരു താൽക്കാലിക വനം അങ്ങൊരുക്കികളയാം എന്ന് അങ്ങ് തീരുമാനിച്ചു. പണമൊന്നും അതിനു തടസമായില്ല…
മാനാമ്പിള്ളി വനത്തിനുള്ളിൽ കാടിന്റെ പ്രതീതി ഉണർത്തും വിധം പതിനായിരം ചതുരശ്ര അടിയിൽ ആണ് വി വി ഐ പി യായ കടുവാകുഞ്ഞിന് രമ്യഹർമം ഒരുക്കിയിരിക്കുന്നത്.30 മീറ്റർ ഉയരത്തിൽ കമ്പി വേലി, അടിഭാഗം പച്ച ഷീറ്റു കൊണ്ട് മറച്ചു മഴയും വെയിലും കൊള്ളാതെ കിടക്കാനുള്ള സൗകര്യം കുളിക്കാൻ സ്വിമ്മിംഗ് പൂൾ.. ഇരയെ പിന്തുടർന്ന് പിടികൂടാൻ കോഴികൾ, മുയലുകൾ… ആഹാ എന്ത് രസം അല്ലെ?അങ്ങനെ സ്വയം ഇര പിടിക്കാൻ കടുവാ കുഞ്ഞന് കഴിയും എന്ന് വരുമ്പോൾ കാട്ടിലേക്കു തുറന്നു വിടും. എല്ലാം കൂടി ചെലവ് വെറും 75 ലക്ഷം!!
പരിശീലനം പൂർത്തിയാക്കി കടുവയെ തുറന്നു വിട്ടു കഴിഞ്ഞാൽ ആ കൂടു പിന്നീട് എന്തിനു വേണ്ടി ഉപയോഗിക്കും? വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇടക്ക് ഇടയ്ക്കു പാർട്ടി നടത്താൻ കൊള്ളാമായിരിക്കും. അതുമല്ലെങ്കിൽ അവരുടെ കുടുംബങ്ങൾക്ക് ഇടയ്ക്കു കാടിനുള്ളിൽ താമസിക്കാൻ ഒരിടം ആക്കുമായിരിക്കും. സാരമില്ല ചെലവ് വെറും 75 ലക്ഷമല്ലെ!!സർക്കാർ കടം മേടിച്ചും കടുവയെ സംരക്ഷിച്ചുവല്ലോ!!
ഈ കടുവാ കുഞ്ഞിനെ ഏതെങ്കിലും മൃഗശാലയിൽ ആക്കിയിരുന്നെങ്കിൽ ഈ ചെലവ് വരുമായിരുന്നോ? ഈ 75 ലക്ഷം ഉപയോഗിച്ച് വീടില്ലാത്ത 15 കുടുംബങ്ങൾക്ക് വീട് വച്ചു നൽകിയിരുന്നു എങ്കിൽ, എത്ര നന്നായിരുന്നു!!.ഈ പണം ഓരോ പൗരന്റേയും അധ്വാനത്തിന്റെ കൂടി വിലയാണെന്ന് സർക്കാരും വനം വകുപ്പും തിരിച്ചറിയണം. ഇത്തരം ധൂ ർത്തു ഇനിയും വച്ചു പൊറുപ്പിക്കരുത്.
വിജിലൻസ് കേസ് എടുത്തു അന്വേഷണം നടത്തണം. അഴിമതി നടന്നു എങ്കിൽ ഉദ്യോഗസ്ഥരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം.