MovieNEWS

സസ്പെസിന് വിരാമം, ‘ജെൻ്റിൽമാൻ2’ സംവിധായകൻ ഗോകുൽ കൃഷ്ണ; ഛായഗ്രാഹകൻ അജയൻ വിൻസെൻ്റ്

സൂര്യൻ, ജെൻ്റിൽമാൻ, കാതലൻ, കാതൽ ദേശം, രക്ഷകൻ എന്നീ ബ്രഹ്മാണ്ഡ സിനിമകൾ നിർമ്മിച്ച മെഗാ പ്രൊഡ്യൂസർ, മലയാളിയായ ‘ജെൻ്റിൽമാൻ’ കെ.റ്റി.കുഞ്ഞുമോൻ നിർമ്മിക്കുന്ന ‘ജെൻ്റിൽമാൻ2’ വിൻ്റെ സംവിധായകൻ ആരായിരിക്കും എന്ന അഭ്യൂഹങ്ങൾക്ക് അറുതിയായി. നാനിയെ നായകനാക്കി ‘ആഹാ കല്യാണം’ എന്ന ഹിറ്റ് ചിത്രം അണിയിച്ചൊരുക്കിയ എ. ഗോകുൽ കൃഷ്ണയാണ് ബ്രഹ്മാണ്ഡ ചിത്രമായ ‘ജെൻ്റിൽമാൻ2’ വിൻ്റെ സംവിധായകൻ. നിർമ്മാതാവ് തന്നെയാണു ഇക്കാര്യം സോഷ്യൽ മീഡിയാ പേജിലൂടെ അറിയിച്ചത്. പ്രശസ്ത തെന്നിന്ത്യൻ സംവിധായകൻ വിഷ്ണു വർദ്ധൻ്റെ സഹ സംവിധായകനായി ബില്ല, അറിന്തും അറിയാമലും, പട്ടിയൽ, സർവ്വം എന്നീ സിനിമകൾക്ക് വേണ്ടി പ്രവർത്തിച്ച അനുഭവ സമ്പത്തിൻ്റെ ഉടമ കൂടിയാണ് ഗോകുൽ കൃഷ്ണ.

‘ജെൻ്റിൽമാൻ2’ വിൻ്റ ഛായഗ്രാഹകനായി ഇന്ത്യൻ സിനിമയിലെ പ്രഗത്ഭരിൽ ഒരാളായ അജയൻ വിൻസെൻ്റിൻ്റെ പേരും പ്രഖ്യാപിച്ചിരിക്കുന്നു കെ.ടി കുഞ്ഞുമോൻ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ എല്ലാ ഭാഷകളിലെയും ബ്രമാണ്ഡ സിനിമകൾക്ക് ക്യാമറാമാനായി പ്രവർത്തിച്ച അനുഭവ സമ്പത്തിൻ്റെ ഉടമയായ അജയൻ വിൻസെൻ്റിൻ്റെ ‘ അന്നമയ്യ,’ ‘രുദ്രമാദേവി,’ ‘ഡാം 999’ എന്നീ സിനിമകളുടെ സിനിമാട്ടോഗ്രാഫി ഏറെ പ്രശംസ നേടിയിരുന്നു. കുഞ്ഞുമോൻ നിർമ്മിച്ച ‘രക്ഷകൻ’ എന്ന സിനിമയുടെ ക്യാമറാമാനും ഇദ്ദേഹമായിരുന്നു. അതി നവീന സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും അജയൻ ‘ജെൻ്റിൽമാൻ2’ വിൻെറ ഛായാഗ്രഹണം നിർവഹിക്കുക.

ഷങ്കർ എന്ന സംവിധായകനെ സമ്മാനിച്ച നിർമ്മാതാവാണ് കുഞ്ഞുമോൻ. എ. ആർ റഹ്മാനെ പ്രശസ്തനാക്കിയതും കുഞ്ഞുമോൻ സിനിമകളായിരുന്നു. ‘ജെൻ്റിൽമാൻ2’ വിലൂടെ മറ്റൊരു ബ്രഹ്മാണ്ഡ സംവിധായകനെയാണ് താൻ സമ്മാനിക്കുന്നത് എന്നാണ് കുഞ്ഞുമോൻ പറയുന്നത്.

നേരത്തെ തന്നെ സംഗീത സംവിധായകനായി കീരവാണി എന്ന മരഗതമണി, നായികമാരായി നയൻതാരാ ചക്രവർത്തി, പ്രിയാ ലാൽ എന്നിവരുടെ പേരുകളും പ്രഖ്യാപിച്ചിരുന്നു. നായകൻ ആരെന്ന സസ്പെൻസ് ഇപ്പോഴും നില നിർത്തുകയാണ് നിമ്മാതാവ്. ‘ജെൻ്റിൽമാൻ2’വിൻ്റെ അണിയറ സാങ്കേതിക വിദഗ്ദർ, മറ്റ് അഭിനേതാക്കൾ എല്ലാവരും ഇന്ത്യൻ സിനിമയിലെ തന്നെ പ്രഗൽഭരാണെന്നും അതിനെ കുറിച്ചുള്ള അറിയിപ്പുകൾ വരും ദിവസങ്ങളിൽ തന്നെ ഉണ്ടാവുമെന്നും കെ.ടി കുഞ്ഞുമോൻ അറിയിച്ചു. ജെൻ്റിൽമാൻ ഫിലിം ഇൻ്റർനാഷണലിൻ്റെ ബാനറിൽ കെ.റ്റി.കുഞ്ഞുമോൻ നിർമ്മിച്ച് എ.ഗോകുൽ കൃഷ്ണ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ ‘ജെൻ്റിൽമാൻ2’ വിൻ്റെ ചിത്രീകരണം ചിങ്ങമാസത്തിൽ ഇന്ത്യയിലും വിദേശത്തുമായി ആരംഭിക്കും.

സി. കെ അജയ് കുമാർ, പി ആർ ഒ

Back to top button
error: