ചെന്നൈ: ജയലളിതയുടെ മരണശേഷം തമ്മിലടി രൂക്ഷമായതോടെ ഒഴിച്ചിട്ട ജനറല്‍ സെക്രട്ടറി പദവിക്കായി എ.ഐ.എഡി.എം.കെയില്‍ വീണ്ടും കലഹം ശക്തമായി. ഏകനേതൃത്വം വേണമെന്ന ആവശ്യവുമായി പാര്‍ട്ടി കോ ഓഡിനേറ്റര്‍ ഒ.പനീര്‍ ശെല്‍വം രംഗത്തെത്തിയതോടെയാണ് വിഭാഗീയത കടുത്തത്.
പനീര്‍ ശെല്‍വത്തെ ജനറല്‍ സെക്രട്ടറി ആക്കണമെന്ന ആവശ്യവുമായി ചെന്നൈയിലെ അണ്ണാ ഡിഎംകെ സംസ്ഥാന കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ചും പളനിസ്വാമിക്ക് ഇതേ സ്ഥാനം വേണമെന്ന ആവശ്യവുമായി സേലത്തെ അദ്ദേഹത്തിന്റെ വീട് കേന്ദ്രീകരിച്ചും മൂന്ന് ദിവസമായി ഗ്രൂപ്പ് യോഗങ്ങള്‍ നടക്കുകയാണ്. ജയലളിതയുടെ മരണശേഷം ഇരുവരുടേയും ഇരട്ട നേതൃത്വമാണ് അണ്ണാ ഡിഎംകെയെ നയിക്കുന്നത്.
പളനിസാമിയെ ജനറല്‍ സെക്രട്ടറി പദവിയിലെത്തിക്കാനുള്ള നീക്കവുമായി മുന്‍മന്ത്രി ഡി.ജയകുമാറിന്റെ നേതൃത്വത്തിലും നീക്കം സജീവമാണ്. ഡി.ജയകുമാറിനെ പനീര്‍ ശെല്‍വം അനുകൂലികള്‍ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ തടഞ്ഞുവച്ചു. ചെന്നൈയിലും സേലത്തും ഇരുവിഭാഗത്തെയും പിന്തുണച്ച് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.
ജയലളിതയുടെ കാലശേഷം വിഭാഗീയത കടുത്തപ്പോള്‍, ജനറല്‍ സെക്രട്ടറി പദവിയിലേക്ക് ആരും വേണ്ടെന്നും പാര്‍ട്ടി കോ ഓഡിനേറ്റര്‍ സ്ഥാനം ഒ .പനീര്‍ ശെല്‍വത്തിനും ജോയിന്റ് കോ ഓഡിനേറ്ററും പ്രതിപക്ഷ നേതൃസ്ഥാനവും ഇ.പളനിസാമിക്കും എന്നുമായിരുന്നു ഒത്തുതീര്‍പ്പ് വ്യവസ്ഥ. എന്നാല്‍ ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണയടക്കം പാര്‍ട്ടി സംവിധാനത്തിന്റെ നിയന്ത്രണം പൂര്‍ണമായും പളനിസാമി പിടിച്ചതോടെയാണ് പനീര്‍ ശെല്‍വം കലാപക്കൊടി ഉയര്‍ത്തുന്നത്. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ കാരണം ഇരട്ടനേതൃത്വമാണെന്ന് ഒപിഎസ് ആരോപിക്കുന്നു.
പനീര്‍ ശെല്‍വത്തിന് പാര്‍ട്ടി പ്രീസിഡിയം ചെയര്‍മാന്‍, സ്റ്റിയറിംഗ് കമ്മിറ്റി പ്രസിഡന്റ് പദവികള്‍ നല്‍കി അനുനയിപ്പിക്കാനുള്ള പളനിസാമിയുടെ ശ്രമവും പാളിയതോടെ ചെന്നൈയിലെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ ഇരു വിഭാഗവും പരസ്പരം പോര്‍വിളിക്കുന്ന നിലയിലെത്തി കാര്യങ്ങള്‍. അണ്ണാ ഡിഎംകെയുടെ ആഭ്യന്തര തര്‍ക്കങ്ങളില്‍ ഇടപെടാനില്ല എന്നാണ് സഖ്യകക്ഷിയായ ബിജെപിയുടെ നിലപാട്. ഈ മാസം 23ന് ചേരുന്ന അണ്ണാ ഡിഎംകെ ജനറല്‍ കൗണ്‍സിലിന്റെ ഏക അജണ്ട ഒറ്റ നേതൃത്വക്കാര്യത്തില്‍ തീരുമാനം എടുക്കലാണ്. വരും ദിവസങ്ങളില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കാനാണ് സാധ്യത.