IndiaNEWS

കൂളിമാട് പാലം തകര്‍ച്ച: രണ്ട് പി.ഡബ്ലു.ഡി. എഞ്ചിനീയര്‍മാര്‍ക്കെതിരേ നടപടി; ഊരാളുങ്കലിന് താക്കീത്

കോഴിക്കോട്:  കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ പിഡബ്ല്യുഡി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്കും അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് വകുപ്പ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു. പാലം തകര്‍ച്ചയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം മന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. പാലത്തിന്റെ നിര്‍മാണ ചുമതലയുണ്ടായിരുന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കര്‍ശന താക്കീത് നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേലില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കണം. ആവശ്യമായ സുരക്ഷ ഉറപ്പാക്കിയ ശേഷമേ നിര്‍മാണങ്ങള്‍ നടത്താവൂ എന്നും ഊരാളുങ്കലിനോട് നിര്‍ദേശിച്ചു.

പാലം നിര്‍മ്മാണം നടക്കുന്ന സൈറ്റില്‍ നിരീക്ഷണവും പരിശോധനയും നടത്തേണ്ട ചുമതല അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ആയിരുന്നു. എന്നാല്‍ അപകടസമയത്ത് ഈ ഉദ്യോഗസ്ഥന്‍ സംഭവസ്ഥലത്ത് ഇല്ലായിരുന്നു. ഇദ്ദേഹത്തിന് പകരം ആരെയാണ് നിര്‍മ്മാണം നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയത് എന്ന ചോദ്യത്തിന് കൃത്യമായ വിശദീകരണം നല്‍കാന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് സാധിച്ചില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. താന്‍ സൈറ്റിലുണ്ടായിരുന്നുവെന്ന് പറഞ്ഞ അസി.എകിസ്യൂട്ടീവ് എഞ്ചീനിയര്‍ പക്ഷേ അപകടം നടക്കുന്നത് കണ്ടില്ലെന്ന് കൂടി മൊഴി നല്‍കിയിരുന്നു. ഇതാണ് ഇദ്ദേഹത്തിനെതിരായ നടപടിക്ക് കാരണം.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി നിര്‍ണായകമായ അസംഖ്യം പദ്ധതികള്‍ നടപ്പാക്കുകയും സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കി അഭിനന്ദനം ഏറ്റുവാങ്ങുകയും ചെയ്ത് ഊരാളുങ്കല്‍ ലേബര്‍ കോര്‍പ്പറേഷന് ഇതാദ്യമായാണ് ഒരു കര്‍ശന താക്കീത് സര്‍ക്കാരില്‍ നിന്നുണ്ടാവുന്നത്. പാലം നിര്‍മ്മാണം പുനരാരംഭിക്കണമെന്ന് മന്ത്രി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു മുന്നോടിയായി പാലത്തില്‍ സുരക്ഷ ഉറപ്പാക്കാണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി വകുപ്പ് സെക്രട്ടറി സ്വീകരിക്കും.

പാലം തകര്‍ച്ചയുമായി ബന്ധപ്പെട്ട് പി.ഡബ്ലു.ഡി. വിജിലന്‍സ് ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രി തിരിച്ചയച്ചിരുന്നു. ടെക്‌നിക്കല്‍, മാന്വല്‍ വശങ്ങളും പരിശോധിച്ച് വ്യക്തത വരുത്തി റിപ്പോര്‍ട്ട് നല്‍കാനാണ് വിജിലന്‍സിനോട് ആവശ്യപ്പെട്ടതെന്നു റിയാസ് പറഞ്ഞു. കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് കൂളിമാട് കടവില്‍ നിര്‍മിക്കുന്ന പാലത്തിന്റെ ബീമുകള്‍ നിര്‍മാണത്തിനിടെ മെയ് 16ന് തകര്‍ന്നുവീഴുകയായിരുന്നു. അപകടം നടക്കുമ്പോള്‍ പ്രവൃത്തിയുടെ ചുമതലയിലുണ്ടായിരുന്നവര്‍ ഉള്‍പ്പടെ എന്‍ഞ്ചിനീയേഴ്‌സ് അസോസിയേഷന്‍െ്‌റ കലാകായിക മേളയില്‍ പങ്കെടുക്കുകയായിരുന്നുവെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു.

Back to top button
error: