NEWS

ദേശീയ പാതാ വികസനത്തിന്റെ ഭൂമി ഏറ്റെടുക്കലിന് കിഫ്ബി ഇതുവരെ കൈമാറിയത് 5580 കോടി രൂപ; മൊത്തം 20000 കോടി രൂപ 

തിരുവനന്തപുരം:  വിവിധ പദ്ധതികൾക്കായി കിഫ്ബി ഇതുവരെ വിനിയോഗിച്ച തുക 20000 കോടി രൂപ. 2022 ജൂൺ ആറ് വരെയുള്ള കണക്കനുസരിച്ച് 20,184.54 കോടി രൂപയാണ് വിവിധ പദ്ധതികൾക്കായി കിഫ്ബി വിനിയോഗിച്ചത്. ഇതിൽ 2021-22 വർഷത്തിലാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന വിനിയോഗം ഉണ്ടായത്. 8459.46 കോടി രൂപയാണ് 2021-22ൽ പദ്ധതികൾക്കായി വിനിയോഗിച്ച തുക.2022-23 സാമ്പത്തിക വർഷത്തിലാകട്ടെ ജൂൺ 6 വരെ മാത്രം 1,226.03 കോടി രൂപയാണ് വിനിയോഗിച്ചത്.
20,184.54 കോടി വിനിയോഗിച്ചതിൽ 10,676.77 കോടി രൂപ അടിസ്ഥാനസൗകര്യവികസന പദ്ധതികൾക്കും 9,507.77 കോടി രൂപ വിവിധ പദ്ധതികൾക്കായുള്ള ഭൂമി ഏറ്റെടുക്കലിനും വേണ്ടിയാണ് . ഇതിൽ 4315 കോടി രൂപ നൽകിയിട്ടുള്ളത് തിരിച്ചടവുള്ള പദ്ധതികൾക്കാണ്. ഇത്തരത്തിലുള്ള പദ്ധതികളിൽ നിന്ന് ഇതുവരെ 712.93 കോടി രൂപ കിഫ്ബിക്ക് ലഭിച്ചിട്ടുണ്ട്.മൊത്തം 70,838.36 കോടി രൂപ മൂല്യമുള്ള 962 പദ്ധതികൾക്കാണ് ധനാനുമതി നൽകിയിട്ടുള്ളത്.
ഏറ്റവും ഒടുവിൽ നൽകിയ 269.63 കോടി ഉൾപ്പെടെ ദേശീയപാതയ്ക്കുവേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലിനായി എൻഎച്ച്എഐയ്ക്ക് ഇതുവരെ 5580 കോടി രൂപ കിഫ്ബി കൈമാറിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ തുക വിനിയോഗിച്ചത് പൊതുമരാമത്ത് വകുപ്പിന് കീഴിൽ വരുന്ന പദ്ധതികൾക്കായാണ്.9,662.80 കോടി രൂപയാണ് ഈ വകുപ്പിന് കീഴിലുള്ള പദ്ധതികൾക്കായി വിനിയോഗിച്ചത്.വ്യവസായ വകുപ്പിന് കീഴിൽ വരുന്ന പദ്ധതികൾക്കായി 3,927.03 കോടി രൂപയും പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന പദ്ധതികൾക്കായി 1,566.93 കോടി രൂപയും ചെലവഴിച്ചു.ജലവിഭവ വകുപ്പിന് കീഴിൽ വരുന്ന പദ്ധതികൾക്കായി 1,670.99 കോടി രൂപയും ഊർജവകുപ്പിന് കീഴിൽ വരുന്ന പദ്ധതികൾക്കായി 1,250.73 കോടി രൂപയും വിനിയോഗിച്ചു.ആരോഗ്യ കുടുംബക്ഷേമവകുപ്പിന് കീഴിലെ പദ്ധതികളിൽ വിനിയോഗിച്ചത് 597.92 കോടി രൂപയാണ്.
ആകെ 24 ഭരണവകുപ്പുകൾക്ക് കീഴിൽ വരുന്ന പദ്ധതികൾക്കായാണ് 2022 ജൂൺ ആറ് വരെ 20,184.54 കോടി രൂപ വിനിയോഗിച്ചിരിക്കുന്നത്.

Back to top button
error: