NEWS

എ പ്ലസ് കിട്ടാത്തത് ജീവിതത്തിന്റെ അവസാന തോൽവിയൊന്നുമല്ല ; ഞങ്ങളുടെയൊക്കെ ആ കാലം!!

എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് കിട്ടിയില്ലെന്നും പറഞ്ഞ് വീട് വിട്ടിറങ്ങുന്നവരോടും തൂങ്ങാൻ കയർ അന്വേഷിക്കുന്നതുമായ കുഞ്ഞുങ്ങളോടാണ് – എസ്എസ്എൽസി പരീക്ഷ ഇന്നും ഇന്നലെയും പൊട്ടിമുളച്ചതല്ല.ഒരു എസ്എസ്എൽസിക്കാലം ഞങ്ങൾക്കുമുണ്ടായിരുന്നു.
തോറ്റാൽ പിന്നെ പഠനം മതിയാക്കി കൂലിപണിക്ക്  പോകേണ്ടവരുടെ കാലം. അവസാന ക്ലാസും കഴിഞ്ഞ് പിരിയുമ്പോൾ ഇനി കോളേജിൽ കാണാമെന്ന പ്രതീക്ഷയധികമില്ലാത്തവരുടെ ജീവിതതീർപ്പു കാലം.
പത്തിൽ തോറ്റവർ ഒരു  വലിയ സമൂഹമായിരുന്നു. നാലിൽ മൂന്നിലധികം പേരും
ഒട്ടും അവഗണിക്കാനാകാത്തവർ.. ഡിസ്റ്റിംഗ്ഷനും ഫസ്റ്റ് ക്ലാസും സെക്കന്റ് ക്ലാസുമൊക്കെ മിടുക്കിന്റെ അടയാളങ്ങൾ. ഭൂരിഭാഗവും ഇരുനൂറ്റി പത്ത് മാർക്ക് തികയ്ക്കാൻ ഉറക്കം ഇല്ലാതെ പഠിച്ച  കൊടുംകാലം. 50 ൽ പതിനേഴര എന്ന ഒട്ടും ചേരാത്ത കണക്കും രസതന്ത്രവും.
പാസ് മാർക്ക് , മോഡറേഷൻ എന്ന സർക്കാർ ദയക്ക് വേണ്ടി കാത്തിരുന്ന എത്രയെത്ര SSLC പുസ്തകങ്ങൾ. സപ്ലിമെന്ററിയെഴുതി തോറ്റു കൊണ്ടേയിരുന്നവർ പലരും അന്നും ജീവിതത്തിൽ തോൽക്കാൻ സമ്മതിച്ചിട്ടില്ല. അന്നൊക്കെ ഒരുപാട് പെൺകുട്ടികളും തോൽക്കുമായിരുന്നു. അവരുടെ അച്ഛൻമാർ പതിവായി മംഗളവും, മനോരമയും, സഖിയും മനോരാജ്യവും അവർക്ക് വാങ്ങി വായിക്കാൻ കൊടുക്കുമായിരുന്നു.
 അന്നൊക്കെ എസ്എസ്എൽസി റിസൾട്ട് വന്നെന്ന് പലവട്ടം പറഞ്ഞു കേൾക്കും. പാരലൽ/ ട്യൂട്ടോറിയലുകാർ തിരുവനന്തപുരത്തു പോയി ആദ്യം റിസൾട്ടെത്തിച്ച് കേമന്മാരാകുമായിരുന്നു.
റിസൾട്ട് നോക്കി ജയിച്ച എന്നെ നോക്കി നീ ജയിച്ചല്ലേയെന്ന് വിഷാദനെടുവീർപ്പിട്ട കൂട്ടുകാരന്റെ മുഖമിപ്പോഴും ഓർമ്മയിലുണ്ട്. സ്കൂളിൽ നിന്നും എസ്എസ്എൽസി ബുക്ക് കിട്ടിയാൽ മാത്രം വിശ്വാസമാകുകയുള്ളൂ. ജീവിത കാലം മുഴുവൻ ബാദ്ധ്യതയായ ആ SSLC പുസ്തകത്തിലെ ആദ്യ പേജിലെ തന്റെ ആദ്യ ഒപ്പ് പില്ക്കാലമവനെ  വല്ലാതെയലട്ടിക്കൊണ്ടേയിരിക്കും.
 പ്രീഡിഗ്രിയുടെ ത്രസിപ്പിക്കുന്ന വിസ്മയ കാലം. റെഗുലർ കോളേജുകളുടെ അതേ ചാരുതയോടെ തുറന്നു വെച്ച പാരലൽ കോളേജുകൾ.. ഒരൊറ്റ A+ ഉം ഇല്ലാത്തവരുടെ സ്കൂൾ കാലം സൈക്കിൾ ചവിട്ടി കടന്ന് കോളേജിലേക്ക് ഒരൊറ്റ നോട്ട് പുസ്തകം ചുരുട്ടിപ്പിടിച്ച് പത്ത് പൈസ ST എന്ന പേരിൽ ബസിൽ വഴക്കിട്ട് വാഴുന്ന ഒരു കൗമാരകാലം ഞങ്ങൾക്കുമുണ്ടായിരുന്നു.
ഇന്ന് SSLC പിന്നിട്ട് മുപ്പതോളം വർഷത്തിനിപ്പുറം സ്കൂളിൽ അന്ന് ഒപ്പം ക്ലാസ് മുറി പങ്കിട്ടവരിൽ തോറ്റു മടങ്ങിയ ആ ‘പത്തിൽ തോറ്റവർ ‘  പലരും ജീവിതത്തിൽ എത്രയോ മുന്നിലാണ്.ആ ഡിസ്റ്റിംഗ്ഷൻകാരേക്കാൾ തൊഴിലിൽ അതിലുമേറെ മിടുക്കന്മാരുമാണ്.!!
എന്ന് കരുതി ഇത് വായിച്ചിട്ട് ഇനിയുള്ള കാലം ഉഴപ്പാമെന്നല്ല.പഠിച്ചാൽ നിനക്കൊക്കെ കൊള്ളം.അത്രേയുള്ളൂ!!!

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: