NEWSWorld

അലറിക്കരഞ്ഞ് സമ്പാദിക്കുന്ന യുവതി

ജീവിതത്തില്‍ അലറി കരയേണ്ട അവസരമൊന്നുമുണ്ടാകല്ലേ ദൈവമേ, എന്നായിരിക്കും നമ്മുടെ ഒക്കെ പ്രാര്‍ത്ഥന. എന്നാല്‍ ആഷ്ലി പെല്‍ഡണ്‍ എന്ന യുവതിയുടെ ജീവിതത്തില്‍ തീര്‍ത്തും ഒഴിച്ച് കൂടാന്‍ കഴിയാത്ത ഒന്നാണ് ഈ അലര്‍ച്ച. എന്നാല്‍ അതിലൊരു വ്യത്യാസമുള്ളത്, ജീവിതത്തിലല്ല മറിച്ച് സിനിമയിലാണ് അവള്‍ ഇത് ചെയ്യുന്നത് എന്നതാണ്. അതെ ആഷ്ലി ഒരു സ്‌ക്രീമിംഗ് ആര്‍ട്ടിസ്റ്റാണ്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളെ കുറിച്ച് കേട്ടിട്ടുണ്ടാകുമല്ലോ? അതുപോലെ സിനിമയിലും, സീരിയലുകളിലും അലറുന്നതാണ് അവളുടെ തൊഴില്‍. ഇങ്ങനെ അലറി വിളിച്ചാണ് അവള്‍ പണം സമ്പാദിക്കുന്നത്.

മണിക്കൂറുകളോളം മൈക്കിന് മുന്നില്‍ തൊണ്ട പൊട്ടുമാറ് അലറി വിളിക്കുന്നതാണ് ആഷ്ലിയുടെ ജോലി. ആഷ്ലിയുടെ പല രീതിയിലുള്ള നിലവിളികള്‍ റെക്കോര്‍ഡ് ചെയ്ത് സിനിമകളിലും ടിവി ഷോകളിലും ഉപയോഗിക്കുന്നു. ഹോറര്‍ സിനിമകളില്‍ പ്രേതത്തെ കണ്ട് കരയുന്നതും, നൈരാശ്യം മൂത്ത് പൊട്ടി കരയുന്നതും എല്ലാം ഒരേ പെര്‍ഫെക്ഷനോടെ തന്നെ. അത്ര തന്മയത്വത്തോടെയാണ് അവള്‍ ഇത് ചെയ്യുന്നത്.

Signature-ad

വളരെ അധികം വൈദഗ്ധ്യം വേണ്ടുന്ന ഒരു തൊഴിലാണ് ഇതെന്ന് ആഷ്ലി പറയുന്നു. കാരണം വെറുതെ അലറി വിളിക്കുകയല്ല ചെയ്യേണ്ടത്, സന്ദര്‍ഭത്തിനനുസരിച്ച്, നിലവിളിയില്‍ ഏറ്റക്കുറച്ചിലും, ഉയര്‍ച്ച താഴ്ചകളും കൊണ്ട് വരണം. ‘ഞങ്ങള്‍ സ്റ്റണ്ട് ചെയ്യുന്ന ആളുകളെപ്പോലെയാണ്. ഒരു നടന്റെ ശബ്ദത്തിന് ഹാനികരമാകുന്നതോ അല്ലെങ്കില്‍ അവരുടെ പരിധിക്ക് പുറത്തുള്ളതോ ആയ പ്രയാസമേറിയ കാര്യങ്ങളാണ് ഞങ്ങള്‍ ചെയ്യുന്നത്, ”-ആഷ്ലി അടുത്തിടെ ബ്രിട്ടീഷ് പത്രമായ ദി ഗാര്‍ഡിയനില്‍ എഴുതി.

തീരെ ചെറുപ്പത്തില്‍ തന്നെ തനിക്ക് അലറാനുള്ള കഴിവ് ഉണ്ടെന്ന് തിരിച്ചറിഞ്ഞതായി ആഷ്ലി പറയുന്നു. ഏഴ് വയസ്സുള്ളപ്പോള്‍, ‘ചൈല്‍ഡ് ഓഫ് ആംഗര്‍’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. കുട്ടിക്കാലത്ത് പീഡനത്തിന് ഇരയായ ഒരു പെണ്‍കുട്ടിയുടെ കഥയായിരുന്നു അത്. സ്വാഭാവികമായും നിലവിളിക്കേണ്ട രംഗങ്ങള്‍ നിരവധി അതിലുണ്ടായിരുന്നു. അതായിരുന്നു ഇപ്പോഴത്തെ തൊഴിലിലേക്കുള്ള അവളുടെ കവാടം. പിന്നീട് ആഷ്ലി അഭിനയം ഒരു തൊഴിലാക്കി.

20-കളില്‍ എത്തിയപ്പോഴേക്കും, ആഷ്‌ലി 40-ലധികം സിനിമകളിലും ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ കുറെ കഴിഞ്ഞപ്പോള്‍ അവള്‍ക്ക് മടുപ്പ് തോന്നി തുടങ്ങി. അഭിനയത്തിന്റെ പളപളപ്പ് വിട്ട്, ശാന്തമായ ഒരു ജീവിതം നയിക്കാന്‍ അവള്‍ ആഗ്രഹിച്ചു. അങ്ങനെയാണ് ഡബ്ബിംഗ് രംഗത്തേയ്ക്ക് വരുന്നത്.

തന്റെ നിലവിളികള്‍ എല്ലാം സ്വാഭാവികമാണെന്ന് ആഷ്ലി പറയുന്നു. അതിനായി ഒരു പരിശീലനവും ആവശ്യമില്ലെന്ന് അവള്‍ പറയുന്നു. പോസ്റ്റ്-പ്രൊഡക്ഷന്‍ സമയം മുതല്‍ അവളുടെ ജോലി ആരംഭിക്കുന്നു. ചിലപ്പോള്‍ ദിവസം എട്ട് മണിക്കൂര്‍ വരെ ഇങ്ങനെ മൈക്രോഫോണുകളിലൂടെ അലറിവിളിക്കേണ്ടതായി വരുമെന്ന് അവള്‍ പറയുന്നു. എന്നാല്‍ അതില്‍ അല്പം പോലും മടുപ്പ് തോന്നിയിട്ടില്ല അവള്‍ക്ക്. ദിവസം ചെല്ലുന്തോറും ഈ ജോലിയോട് ഇഷ്ടം കൂടി വരുന്നതേയുള്ളൂവെന്നാണ് അവളുടെ അഭിപ്രായം.

Back to top button
error: