NEWSWorld

ഉച്ചവിശ്രമ നിയമം യുഎഇയില്‍ ഇന്നു മുതൽ പ്രാബല്യത്തിൽ, നിയമം ലംഘിച്ചാൽ പിഴ 50,000 ദിര്‍ഹം

     അബുദാബി: യു.എ.ഇയില്‍ നിര്‍മ്മാണ സ്ഥലങ്ങള്‍ ഉള്‍പ്പെടെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തുറസ്സായ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമ സമയം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇത് സംബന്ധിച്ച് മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം നേരത്തെ തന്നെ അറിയിപ്പ് പുറത്തിറക്കിയിരുന്നു. ഉച്ചവിശ്രമം പ്രാബല്യത്തിലുണ്ടാവുക ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ്.

തു​ട​ർ​ച്ച​യാ​യ പതിനെട്ടാം വ​ർ​ഷ​മാ​ണ് യു.എ​.ഇ ഉ​ച്ച​വി​ശ്ര​മ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത്. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ 3 മണി വരെയാണ് വിശ്രമ സമയം അനുവദിച്ചിരിക്കുന്നത്. തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനും ഉയര്‍ന്ന താപനിലയില്‍ ജോലി ചെയ്യുന്നതു മൂലമുണ്ടാകുന്ന അപകടസാധ്യതകളില്‍ നിന്ന് അവരെ സംരക്ഷിക്കാനും വേണ്ടിയാണിത്.

Signature-ad

നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഓരോ തൊഴിലാളികള്‍ക്കും 5,000 ദിര്‍ഹം വീതമാണ് പിഴ ചുമത്തുക. പരമാവധി 50,000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്ത് ഉ​ച്ച​വി​ശ്ര​മ നി​യ​മം ലം​ഘി​ക്കു​ന്നതായി ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 600590000 എ​ന്ന ന​മ്പ​റി​ൽ വിളിച്ച് റി​പ്പോ​ർ​ട്ട് ചെ​യ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ചൂട് കൂടിയ സാഹചര്യത്തിൽ മറ്റ് ​ഗൾഫ് രാജ്യങ്ങളിലും ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

സൗദിയില്‍ മധ്യാഹ്ന ജോലിക്ക് കര്‍ശന നിയന്ത്രണം

റിയാദ്: ചൂട് ശക്തമായതോടെ ഉച്ചക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ ജോലി ചെയ്യുന്നതില്‍ നിയന്ത്രണം എര്‍പ്പെടുത്തി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ഉത്തരവിറക്കി. ജൂണ്‍ 15  മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് നിയന്ത്രണം. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുള്‍പ്പെടെ  ഉച്ചക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ സൂര്യ താപമേറ്റ്  ജോലി ചെയ്യുന്നതാണ് നിരോധിച്ചിരിക്കുന്നത്.

തൊഴില്‍ സംബന്ധമായ രോഗങ്ങളും പരിക്കുകളും കുറയ്ക്കാനും ജീവനക്കാരുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും ഉത്തരവിനനുസരിച്ച് തൊഴില്‍ സമയം ക്രമീകരിക്കണമെന്നും ഉത്തരവിലെ വ്യവസ്ഥകള്‍ പാലിക്കണമെന്നും മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു. നിയമ ലംഘനം ഉപഭോക്തൃ സേവന നമ്പറായ  19911 വഴിയോ മന്ത്രാലയത്തിന്റെ ആപ്ലിക്കേഷന്‍ വഴിയോ അറിയിക്കണമെന്നും  മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൂര്യപ്രകാശത്തിന്റെ താപമേറ്റുണ്ടാവുന്ന അപകടങ്ങള്‍ തടയാനുള്ള നിര്‍ദേശങ്ങള്‍ തൊഴിലുടമകളെ അറിയിക്കാനായി  മന്ത്രാലയം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

Back to top button
error: