KeralaNEWS

ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഈ ശനിയാഴ്ച പരിഗണിക്കും, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോർട്ട് അടുത്ത മാസം 16ന് സമർപ്പിക്കണം

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപ്, ജാമ്യവ്യവസ്ഥ ലംഘിച്ചതിന് മതിയായ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ. ജാമ്യത്തിലിരിക്കെ മറ്റൊരു കേസിൽ പ്രതിയാകുന്നതും അന്വേഷണത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതും ജാമ്യവ്യവസ്ഥയുടെ ലംഘനമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വിചാരണക്കോടതി പരിഗണിക്കവെയാണ് പ്രോസിക്യൂഷൻ്റെ വാദം. ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻഡ്രൈവിൻ്റെ ഫോറൻസിക് പരിശോധന ഫലം പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ഹാജരാക്കി. അതേ സമയം ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് ഈ മാസം 18 ശനിയാഴ്ചത്തേയ്ക്ക് മാറ്റി.

സുപ്രീംകോടതി ഉത്തരവിനെ ഉദ്ധരിച്ചായിരുന്നു പ്രോസിക്യൂഷൻ വാദം. ജാമ്യത്തിലിരിക്കെ മറ്റൊരു കേസിൽ പ്രതിയാകുന്നതും അന്വേഷണത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതും ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിൽ ദിലീപ് പ്രതിയായത് ചൂണ്ടിക്കാട്ടിയാണ് ഈ വാദം മുന്നോട്ടു വച്ചത്. പ്രതി പലരീതിയിലും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ട്.നിർണ്ണായക തെളിവുകൾ നശിപ്പിച്ചതായും പ്രോസിക്യൂഷൻ വാദിച്ചു.ഫോണിലെ വിവരങ്ങളിൽ കൃത്രിമം നടത്താൻ പ്രതി ശ്രമിച്ചതായും പ്രോസിക്യൂഷൻ ആരോപിച്ചു.

ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻഡ്രൈവിൻ്റെ ഫോറൻസിക് പരിശോധനാ ഫലം പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ഹാജരാക്കി.ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്ത സംഭാഷണത്തിൻ്റെ യഥാർത്ഥ തീയതികൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്ത സംഭാഷണത്തിൻ്റെ ശബ്ദം വർധിപ്പിച്ചതിനാലാണ് തീയതി കണ്ടെത്താൻ കഴിയാത്തതെന്നും ഫോറൻസിക്ക് ഫലത്തിൻ്റെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ വ്യക്തമാക്കി. എന്നാൽ സംഭാഷണം റെക്കോഡ് ചെയ്ത തീയതികൾ പ്രധാനമെന്ന് കോടതി പറഞ്ഞു.

അതേ സമയം പ്രതിയുടെ ജാമ്യം റദ്ദാക്കുന്നതിന് നിലവിൽ ഹാജരാക്കിയ തെളിവുകൾ മതിയെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്നാൽ പ്രോസിക്യൂഷ ആരോപണങ്ങളെ ദിലീപ് ശക്തമായി എതിർത്തു. വധ ഗൂഢാലോചനക്കേസ്, അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതികാരത്തിൻ്റെ ഭാഗമാണെന്നായിരുന്നു ദിലീപിൻറെ വാദം.

ദിലീപ് ദൃശ്യങ്ങൾ വീട്ടിലിരുന്ന് കണ്ടു എന്ന വാദം അവിശ്വസനീയമാണ്. ബാലചന്ദ്രകുമാറിൻ്റെ തിരക്കഥയാണ് കേസിനാധാരമെന്നും പ്രതിഭാഗം ആവർത്തിച്ചു.
തുടർന്ന് ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് കോടതി ഈ മാസം 18 ലേക്ക് മാറ്റുകയായിരുന്നു.

Back to top button
error: