KeralaNEWS

ഇരു വിഭാഗങ്ങളും തെരുവിൽ പോരാട്ടം, ഇടുക്കിയിൽ ഡി.സി.സി പ്രസിഡന്റിനും കണ്ണൂരിൽ കെ സുധാകരന്റെ ഭാര്യാ സഹോദരിയുടെ വീടിനും നേരെ ആക്രമണം

  കോൺഗ്രസ് കൊളുത്തി വിട്ട തീപ്പൊരി നാടാകെ കത്തിപ്പടരുന്നു. എല്ലാ സുരക്ഷാ സംവിധാനങ്ങളും തൃണവൽഗണിച്ച് ഇൻഡിഗോ വിമാനത്തിനുള്ളിൽ വച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിയെ ആക്രമിക്കാൻ തുനിഞ്ഞതിൽ ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകർ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്.
ജനജീവിതം ദുസഹമാക്കിക്കൊണ്ട് ഇരു വിഭാഗങ്ങളും സംസ്ഥാനമാകെ അക്രമണം അഴിച്ചുവിടുകയാണ്. പലയിടത്തും സി.പി.എം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുന്ന സ്ഥിതിയുണ്ടായി.
ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യുവിനു നേരെ ഡിവൈഎഫ്ഐ കൈയേറ്റ ശ്രമം. മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധം പ്രകടനം നടത്തുന്നതിനിടെയാണ് സി.പി മാത്യുവിന്റെ കാർ തടഞ്ഞ് നിർത്തി ആക്രമിച്ചത്. വാഹത്തിന്റെ സൈഡ് ഗ്ലാസ് ഉൾപ്പെടെ തകർത്തു. സി.പി മാത്യുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴ ഗാന്ധി സ്വകയറിൽ വച്ചാണ് ആക്രമണം.

ഇതിനിടെ കണ്ണൂരിൽ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ഭാര്യ സഹോദരിയുടെ വീടിന് നേരെ ആക്രമണം. കണ്ണൂര്‍ ആഡൂരിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. സുധാകരന്റെ ഭാര്യ സ്മിതയുടെ സഹോദരിയുടെ വീടിന് നേരെയായിരുന്നു കല്ലേറ്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിലെ പ്രതിഷേധത്തിന്റേയും അതിന് തൊട്ടുപിന്നാലെ തിരുവനന്തപുരത്തെ കെപിസിസി ഓഫിസിന് നേരെയുണ്ടായ കല്ലേറിന്റേയും പശ്ചാത്തലത്തില്‍ വിവിധയിടങ്ങളില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം നടക്കുന്നതിനിടെയാണ് ഈ ആക്രമണം  ഉണ്ടായത്.

തിരുവനന്തപുരത്ത് സി.പി.എം–കോണ്‍ഗ്രസ് സംഘര്‍ഷം. കെപിസിസി ഓഫീസിനു മുന്നില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍, സ്ഥിതി നിയന്ത്രിക്കാന്‍ ദ്രുതകര്‍മസേന ഇറങ്ങി. കെപിസിസി ഓഫിസ് സിപിഎം പ്രവർത്തകർ ആക്രമിച്ചു. ഓഫിസിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് കേടുപാട് വരുത്തി. വെള്ളയമ്പലത്തെ സിഐടിയു ഓഫിസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു.

കൊല്ലം ചവറ പന്മനയിലും കോൺഗ്രസ് ഡിവൈഎഫ്ഐ സംഘർഷമുണ്ടായി. മുഖ്യമന്ത്രിയുടെ കോലം കത്തിയ്ക്കാൻ ശ്രമിച്ചതായിരുന്നു സംഘർഷത്തിൽ കലാശിച്ചത്. അടൂരിലും മല്ലപ്പള്ളിയിലും കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ ആക്രണമുണ്ടായി. കോഴഞ്ചേരി ഇന്ദിര ഗാന്ധി പ്രതിമയ്ക്ക് സമീപത്തെ കോണ്‍ഗ്രസിന്‍റെ കൊടിമരം സിപിഎം തകര്‍ത്തു. കണ്ണൂർ ഇരിട്ടിയിൽ യൂത്ത് കോൺഗ്രസ്-ഡിവൈഎഫ്ഐ സംഘർഷത്തില്‍ ഒട്ടേറെ പേർക്ക് പരുക്കേറ്റു. തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫിസ് തകര്‍ത്തു; സ്കൂട്ടര്‍ അഗ്നിക്കിരയാക്കി തലശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിന്റെ ബോര്‍ഡും ചില്ലുകളും തകര്‍ത്തു. കാസര്‍കോട് നീലേശ്വരത്ത് കോണ്‍ഗ്രസ് ഓഫിസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു.

Back to top button
error: