അദ്ധ്യാപിക പഠിപ്പിക്കുമ്പോൾ ക്ലാസ്സിലിരുന്ന് ഉറങ്ങിയ ടെഡിയോട്, ക്ലാസ്സ് ടീച്ചർ , എഴുന്നേറ്റ് നിൽക്കാൻ പറഞ്ഞു. എഴുന്നേറ്റ് തല കുനിച്ചു നിന്ന ടെഡിയെ “ആനിടീച്ചർ ” നന്നായി ശകാരിച്ച ശേഷം ,മറ്റു കുട്ടികളോട് ഇങ്ങനെ പറഞ്ഞു.
” ഈ ക്ലാസ്സിലെ ഉഴപ്പനും, മണ്ടനുമായ, ടെഡി ഒഴികെ, ബാക്കി എല്ലാവരേയും എനിക്ക് ഇഷ്ടമാണ്..!”
ടെഡി;അവന്റെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു..
പഠനത്തിൽ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്..
ആരോടും മിണ്ടാതെ അന്തർമുഖനായി ജീവിക്കുന്നവനായ… ടെഡി മിക്കവാറും ക്ലാസ്സിലിരുന്ന് ഉറങ്ങും.
കഴിഞ്ഞ ഒരു വർഷം അവനെ പഠിപ്പിക്കുകയും, അവന്റ ഉത്തരപ്പേപ്പർ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ്, ആനി ടീച്ചർ അങ്ങനെയൊരു പ്രഖ്യാപനംനടത്തിയത്..
പരീക്ഷയിൽ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നൽകി, ” മണ്ടൻ “എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാർത്ഥി..!
അങ്ങിനെയിക്കെ ഒരു ദിവസം, താൻ പഠിപ്പിക്കുന്ന എല്ലാ വിദ്യാർത്ഥികളുടേയും ഇതുവരേയുള്ള പഠനഡയറി പരിശോധിക്കണമെന്ന കൽപന ആനി ടീച്ചറിന് ലഭിച്ചു..
അപ്രകാരം അവർ ടെഡിയുടെ ഡയറിയും പരിശോധിക്കുന്നതിനിടയിൽ അൽഭുതകരമായ ഒരു കാര്യം അവരുടെ ശ്രദ്ധയിൽപ്പെട്ടു;
അവന്റെ ഒന്നാം തരത്തിലെ ഡയറിയിൽഅന്നത്തെ ക്ലാസ് ടീച്ചർ അവനെക്കുറിച്ച് എഴുതിയത് അവർ വായിച്ചു..
അത് ഇപ്രകാരമായിരുന്നു;
”ടെഡി ,സമർത്ഥനായ ഒരു വിദ്യാർത്ഥിയാണ്..
ഒട്ടേറെ കഴിവുകൾ അവനു നൽകപ്പെട്ടിരിക്കുന്നു,
അവനെ കൃത്യമായ ആസൂത്രണത്തോടെ, പ്രത്യേക പരിഗണന നൽകി വളർത്തേണ്ടതുണ്ട്..”
അവർ ഉടൻ അവന്റെ രണ്ടാം ക്ലാസിലെ ടീച്ചർ എഴുതിയത് എന്താണെന്ന് നോക്കി.. അതിൽ,
“ബുദ്ധിമാനായ വിദ്യാർത്ഥിയാണ് ടെഡി..
കൂട്ടുകാർക്ക് വളരെ പ്രിയങ്കരനാണ് അവൻ.. പക്ഷെ മാതാവിനു ക്യാൻസർ ബാധിച്ചതിനെ തുടർന്ന് അവനിപ്പോൾ അസ്വസ്ഥനാണ്.. “
എന്നു എഴുതിയിരിക്കുന്നു..
എന്നാൽ മൂന്നാം ക്ലാസിലെ ടീച്ചർ കുറിച്ചതു നോക്കിയപ്പോൾ;
“മാതാവിന്റെ മരണം അവനെ വല്ലാതെ തളർത്തിയിരിക്കുന്നു..
പിതാവ് അവനെ സ്നേഹിക്കുന്നില്ല പരിഗണിക്കുന്നില്ല.
വളരെ പെട്ടെന്ന് തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത പക്ഷം ഈ കുഞ്ഞിന്റെ ജീവിതം താറുമാറാവുന്നതാണ്’...'” എന്ന് എഴുതിയിരിക്കുന്നു.
ഉടനെ അവർ നാലാം ക്ലാസിലെ ടീച്ചർ എഴുതിയത് നോക്കി;
“ടെഡി ആരോടും ഒട്ടും ഇടപഴകാതെ ഒതുങ്ങി ജീവിക്കുന്നവനാണ്.പഠനത്തിൽ അവനു അശ്ശേഷം താൽപ്പര്യമില്ല..
അവനു കൂട്ടുകാരുമില്ല..
ക്ലാസിനിടയിൽ ഇരുന്ന് ഉറങ്ങുന്ന ശീലമുണ്ട് “
ഇത്രയും വായിച്ചപ്പോഴാണ്, ആനി ടീച്ചർക്ക്, ടെഡിയുടെ യഥാർത്ഥ പ്രശ്നം മനസ്സിലായത്..
അവർക്കു തന്നോടു തന്നെ ലജ്ജ തോന്നി..
അങ്ങനേയിരിക്കെ, ആനി ടീച്ചറുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും ചിത്രപ്പണി ചെയ്ത് അലങ്കരിച്ച കവറിൽ സമ്മാനം നൽകിയപ്പോൾ,
പഴയ പോളിത്തീൻ കവറിൽ പൊതിഞ്ഞ സമ്മാനമാണ് ടെഡി നൽകിയത്..
ഇത് ആനി ടീച്ചറെ കൂടുതലൽ വിഷമത്തിലാക്കി..
ടീച്ചർ ടെഡിയുടെ സമ്മാനപ്പൊതി മാത്രം തുറന്നു നോക്കി.
സാധാരണ ചെറിയ കല്ലുകൾ കോർത്തിണക്കിയ മാലയും, മുക്കാൽഭാഗത്തോളം ഉപയോഗിച്ച് തീർന്ന ഒരു അത്തർ കുപ്പിയുമായിരുന്നു അതിലെ സമ്മാനം..
ഇതു കണ്ട കുട്ടികളൊക്കെ ഉറക്കെ ചിരിക്കുകയും കൂടി ചെയ്തതോടെ ആനി ടീച്ചറിന് അങ്ങേയറ്റം വേദനിച്ചു..
പക്ഷെ, തനിക്ക് ലഭിച്ച സമ്മാനങ്ങളിൽ മാലയും, അത്തറുമാണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് ടീച്ചർ പ്രഖ്യാപിച്ചതോടെ കുട്ടികളുടെ ചിരിയടങ്ങി..
മാത്രമല്ല, ആനി ടീച്ചർ ടെഡിക്ക് നന്ദിപറയുകയും ചെയ്തു.. എന്നിട്ട് ആ മാല അവർ ധരിക്കുകയും, അത്തർ ശരീരത്തിൽ പുരട്ടുകയും ചെയ്തു.
ആ ദിവസം ക്ലാസ്സ് കഴിഞ്ഞിട്ടും ടെഡി വീട്ടിലേക്ക് മടങ്ങിയില്ല..
അവൻ സ്ക്കൂളിൻ്റെ ഗേറ്റിന് സമീപം തന്റെ ടീച്ചറെ കാത്തു നിന്നു –
ടീച്ചർ വന്നപ്പോൾ ടെഡി പറഞ്ഞു;
”ഇന്ന് ആനിടീച്ചർക്ക് , എന്റെ അമ്മയുടെ മണമാണ് ഉള്ളത്…!’ “
ഇതുകേട്ട ആ ടീച്ചർ പൊട്ടിക്കരഞ്ഞുപോയി..
ടെഡിയുടെ അമ്മ ഉപയോഗിച്ചിരുന്ന അത്തറാണ് തനിക്ക് ടെഡി കൊണ്ട് വന്നതെന്ന് അവർ തിരിച്ചറിഞ്ഞു..
മരിച്ചുപോയ മാതാവിനെയാണ് ടെഡി തന്നിൽ കാണുന്നതെന്ന് ആ അദ്ധ്യാപികയ്ക്ക് ബോധ്യപ്പെട്ടു..
അന്നുമുതൽ ആനി ടീച്ചർ , ടെഡിക്ക് പ്രത്യേകമായ പരിഗണന നൽകി..
അവന്റെ ഉന്മേഷവും പ്രസരിപ്പും വീണ്ടെടുത്തു..
വർഷാവസാനമായപ്പോഴേക്കും സ്ക്കൂളിലെ ഏറ്റവും സമർത്ഥരായ കുട്ടികളുടെ ഗണത്തിലായി അവന്റെ സ്ഥാനം..
ഒരു ദിവസം അദ്ധ്യാപികയ്ക്ക് ടെഡിയുടെ കത്ത് കിട്ടി അതിൽ അവൻ ഇങ്ങനെ കുറിച്ചിരുന്നു.;
“എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽവെച്ച് ഏറ്റവും നല്ല അദ്ധ്യാപികയാണ് ആനി ടീച്ചർ..”
അവർ ഉടനെ ടെഡിക്ക് ഇങ്ങനെ മറുപടി എഴുതി;
“നല്ല ഒരു അദ്ധ്യാപികയാവുന്നത് എങ്ങനെയെന്ന്, എന്നെ പഠിപ്പിച്ചത് ,എൻ്റെ പ്രീയ വിദ്യാർത്ഥി ടെഡിയാണ്..!’
വർഷങ്ങൾക്കുശേഷം അവിടത്തെ വൈദ്യശാസ്ത്ര കോളേജിൽനിന്ന് ,ആനി ടീച്ചറെ തേടി ഒരു ക്ഷണക്കത്ത് എത്തി..
ആ വർഷത്തെ ബിരുദ ദാന സമ്മേളനത്തിൽ പങ്കെടുക്കാൻ ടെഡിയുടെ മാതാവെന്ന നിലയിലാണ് ക്ഷണം..
ടെഡി സമ്മാനിച്ച കല്ലുമാല അണിഞ്ഞ്, അവൻ പണ്ട് സമ്മാനിച്ച അത്തർ പുരട്ടി ആനി ടീച്ചർ, അന്നവിടെ എത്തിച്ചേർന്നു..
പിൽക്കാലത്ത് “ഡോക്ടർ ടെഡി ” പ്രശ്സ്തനായ ഡോക്ടറായി മാറി.
തൻ്റെ വിദ്യാർത്ഥിയുടെ മാനസീക പ്രശ്നങ്ങൾ കൃത്യസമയത്തുതന്നെ തിരിച്ചറിഞ്ഞ്, വേണ്ട പരിഗണനയും, സ്നേഹവും കൊടുത്ത് കൈപിടിച്ച് ഉയർത്താൻ ആനി ടീച്ചർ എന്ന ഒരാൾ മുന്നോട്ട് വന്ന് ഒരു കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന “ടെഡി “യുടെ കഥ..
എന്നാൽ ഇതുപോലെ നമുക്ക്ചുറ്റും പലവിധ മാനസീകപ്രശ്നങ്ങൾക്കിടയിലും ആരാലും തിരിച്ചറിയപ്പെടാതെ ഒതുങ്ങിക്കൂടുന്ന നിരവധി ടെഡിമാർ ഉണ്ടാവാം..
ഒന്നിനും കൊള്ളാത്തവൻ എന്നു മുദ്രകുത്തി എഴുതിത്തള്ളപ്പെട്ട ബാല്യങ്ങൾ..!!