NEWS

എന്താണ് ലോകസഭയും രാജ്യസഭയും നിയമസഭയും തമ്മിലുള്ള വ്യത്യാസം?

രാജ്യസഭാ തെരഞ്ഞെടുപ്പ്  എങ്ങനെയാണ് ? ലോക്സഭയും ,രാജ്യസഭയും തമ്മിലുള്ള വ്യത്യാസം എന്ത്? രാജ്യസഭ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഒറ്റ കൈമാറ്റ വോട്ടും (Single Transferable Vote) , ഡ്രൂപ് ക്വോട്ട (Droop quota) സംവിധാനം എന്താണ്?

 ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ജനാധിപത്യമെന്നാൽ ജനങ്ങൾക്കുവേണ്ടി ജനങ്ങൾ തെരഞ്ഞെടുക്കുന്ന ഭരണസംവിധാനം. രാജ്യത്തെ വോട്ടവകാശമുള്ള, അതായത് 18 വയസ്സ് പൂർത്തിയായ, പൗരൻമാർ ചേർന്നാണ് തങ്ങളെ ഭരിക്കേണ്ടവരെ തെരഞ്ഞെടുക്കുന്നത് എന്നർഥം. ഇങ്ങനെ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികളുടെ പ്രധാന ജോലിയാണ് നിയമനിർമാണം. ജനങ്ങളുടെ പ്രതിനിധികൾ തയ്യാറാക്കുന്ന നിയമങ്ങൾ നടപ്പാക്കലാണ് ഉദ്യോഗസ്ഥരുടെയും, പൊലിസിന്റെയും , കോടതികളുടെയുമെല്ലാം ജോലി. അപ്പോൾ ജനാധിപത്യത്തിൽ ജനങ്ങളുടെ വില മനസ്സിലായില്ലേ.
കേന്ദ്രത്തിൽ പാർലമെൻറും , സംസ്ഥാനങ്ങളിൽ നിയമസഭകളുമാണ് നിയമനിർമാണ സഭകൾ. ഇതിനു താഴെ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭകൾ, ഗ്രാമ പഞ്ചായത്ത് എന്നിങ്ങനെ ജനപ്രതിനിധികളുടെ സഭകളുണ്ടെങ്കിലും ഇവക്കൊന്നും നിയമം നിർമിക്കാനുള്ള അധികാരമില്ല. പ്രാദേശിക തലത്തിലുള്ള വികസനപ്രവർത്തനങ്ങളും , നികുതിപിരിവുമെല്ലാമാണ് ഇവയുടെ പ്രധാന ചുമതലകൾ.
പാർലമെൻറിന് ഭരണഘടന ഭേദഗതി ചെയ്യാനും , രാഷ്ട്രപതിയെയും , സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരെയും പുറത്താക്കാനും വരെ അധികാരമുണ്ട്.
⚡ രാജ്യഭരണത്തിന് മേൽനോട്ടം വഹിക്കുക,
⚡ബജറ്റ് പാസാക്കുക,
⚡ജനങ്ങളുടെ പ്രശ്‌നങ്ങളും ,പരാതികളും , വികസന പദ്ധതികളും , അന്താരാഷ്ട്ര ബന്ധങ്ങളും , ദേശീയ നയങ്ങളുമെല്ലാം ചർച്ച ചെയ്യുക തുടങ്ങിയവയും പാർലമെന്റിന്റെ ചുമതലകളാണ്.
ഹിന്ദിയിൽ ലോക് എന്നാൽ ജനം. അപ്പോൾ ലോക്‌സഭ എന്നാൽ ജനസഭ. ഇതിലെ അംഗങ്ങളെ പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾ നേരിട്ടാണ് തെരഞ്ഞെടുക്കുന്നത്.
ഭരണഘടന അനുസരിച്ച് ലോക്‌സഭയിലെ പരമാവധി അംഗസംഖ്യ 552 ആണ്. 530 അംഗങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 20 പേർ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ജയിച്ചെത്തുന്നു. ആംഗ്ലോ ഇന്ത്യക്കാർക്ക് സഭയിൽ മതിയായ പ്രാതിനിധ്യമില്ലെന്ന് രാഷ്ട്രപതിക്ക് തോന്നുകയാണെങ്കിൽ രണ്ടു സീറ്റിലേക്ക് അവരുടെ പ്രതിനിധികളെ രാഷ്ട്രപതിക്ക് നാമനിർദേശം ചെയ്യാം. പട്ടികജാതി,പട്ടിക വർഗക്കാർക്ക് സഭയിൽ മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്താനായി ഏതാനും സീറ്റുകൾ അവർക്കായി സംവരണം ചെയ്തിട്ടുണ്ട്.
ആകെ സീറ്റിനെ ജനസംഖ്യാടിസ്ഥാനത്തിൽ വിവിധ സംസ്ഥാനങ്ങൾക്കും , കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി വീതിച്ചിരിക്കുന്നു. 18 വയസ്സ് പൂർത്തിയായവർക്ക് ലോക്‌സഭയിലേക്ക് വോട്ട്‌ചെയ്യാമെങ്കിലും മത്സരിക്കാൻ 25 വയസ്സ് തികയണം. ഇന്ത്യൻ പൗരനുമായിരിക്കണം. മറ്റൊരു യോഗ്യതയും നിർബന്ധമില്ല. രാജ്യത്തെ ഏതു മണ്ഡലത്തിൽ നിന്നും മൽസരിക്കുകയും ചെയ്യാം. അഞ്ചു വർഷമാണ് ലോക്‌സഭയുടെ കാലാവധി. എന്നാൽ, അടിയന്തരാവസ്ഥ പ്രാബല്യത്തിലുണ്ടെങ്കിൽ പാർലമെൻറിന് ഇത് ഒരുസമയം ഒരുവർഷം എന്നതോതിൽ നീട്ടിയെടുക്കാം. പ്രധാനമന്ത്രി ശിപാർശ ചെയ്താൽ രാഷ്ട്രപതിക്ക് ലോക്‌സഭ പിരിച്ചുവിടാം. ലോക്‌സഭയുടെ അധ്യക്ഷൻ സ്പീക്കറാണ്. അദ്ദേഹത്തിന്റെ അഭാവത്തിൽ ഡപ്യൂട്ടി സ്പീക്കർ സഭ നിയന്ത്രിക്കും.
രാജ്യസഭ അഥവാ ഉപരിമണ്ഡലം എന്നാൽ സംസ്ഥാനങ്ങളുടെ പ്രതിനിധികളടങ്ങുന്ന സഭ. രാജ്യസഭയിലെ പരമാവധി അംഗസംഖ്യ 250 ആണ്. സംസ്ഥാനങ്ങളെയും , കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രതിനിധീകരിച്ച് 238 പേരും രാഷ്ട്രപതി നാമനിർദേശം ചെയ്യുന്ന 12 പേരുമുണ്ടാകും. ആറുവർഷമാണ് അംഗങ്ങളുടെ കാലാവധി. കല, സാഹിത്യം, ശാസ്ത്രം, സാമൂഹികസേവനം എന്നീ മേഖലകളിൽ നിന്നുള്ള പ്രഗൽഭരെയാണ് രാഷ്ട്രപതി നോമിനേറ്റ് ചെയ്യുക.
ലോക്‌സഭയിൽ നിന്ന് വ്യത്യസ്തമായി രാജ്യസഭ സ്ഥിരം സഭയാണ്. ഇത് ഒരിക്കലും പിരിച്ചു വിടുന്നില്ല. പക്ഷേ മൂന്നിലൊന്നു അംഗങ്ങൾ ഓരോ രണ്ടുവർഷം കൂടുമ്പോഴും ആറുവർഷ കാലാവധി പൂർത്തിയാക്കി പിരിഞ്ഞു പോകുന്നു. പകരം അത്രയും പേർ പുതുതായി വരും. രണ്ടുവർഷം കഴിയുമ്പോൾ കാലാവധി പൂർത്തിയാക്കിയ അടുത്ത മൂന്നിലൊന്ന് സംഘം പിരിയുന്നു. അതുകൊണ്ട് തന്നെ രാജ്യസഭ എല്ലാകാലത്തും നിലവിലുണ്ടാകും. അംഗങ്ങൾ മാറിക്കൊണ്ടിരിക്കുകയും ചെയ്യും.
ജനങ്ങൾക്ക് നേരിട്ട് രാജ്യസഭ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനാവില്ല. ആനുപാതിക പ്രാതിനിധ്യ വോട്ടിങ് രീതിയനുസരിച്ച് അതത് സംസ്ഥാനത്തെ നിയമസഭാംഗങ്ങൾക്കാണ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളത്. ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനത്ത് നിന്നുമുള്ള രാജ്യസഭാ അംഗങ്ങളുടെ എണ്ണം കണക്കാക്കുന്നത്. കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനത്തിന് കൂടുതൽ പ്രതിനിധികളുണ്ടാകും.കേരളത്തിന്റെ രാജ്യസഭാ പ്രാതിനിധ്യം ഒമ്പതാണ്. ഇവരെ കേരളത്തിലെ എം.എൽ.എമാർ ചേർന്ന് തെരഞ്ഞെടുക്കുന്നു. രാജ്യസഭയിലേക്ക് മൽസരിക്കാനുളള ചുരുങ്ങിയ പ്രായം 30 ആണ്.
ലോക്‌സഭാ അധ്യക്ഷനെ സ്പീക്കർ എന്നു വിളിക്കുമ്പോൾ രാജ്യസഭാ അധ്യക്ഷൻ ചെയർമാൻ എന്നാണ് അറിയപ്പെടുന്നത്. തെരഞ്ഞെടുപ്പിലുമുണ്ട് വ്യത്യാസം. ലോക്‌സഭാ സ്പീക്കറായി തങ്ങളിലൊരാളെ ലോക്‌സഭാ അംഗങ്ങൾ തന്നെ തെരഞ്ഞെടുക്കുമ്പോൾ രാജ്യസഭാ ചെയർമാനെ തെരഞ്ഞെടുക്കുന്നത് അതിലെ അംഗങ്ങൾ മാത്രമല്ല.
ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ എക്‌സ് ഒഫീഷ്യോ ചെയർമാൻ. ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് പാർലമെൻറിന്റെ ഇരുസഭകളും ചേർന്നാണ്. ഇദ്ദേഹത്തിന്റെ അഭാവത്തിൽ സഭ നിയന്ത്രിക്കാനായി ഡപ്യൂട്ടി ചെയർമാനെ രാജ്യസഭയിൽ നിന്ന് തന്നെ തെരഞ്ഞെടുക്കും.
രണ്ടു സഭകളിൽ ലോക്‌സഭക്കാണ് പ്രാമുഖ്യം. സാധാരണ നിയമനിർമാണങ്ങളിൽ രാജ്യസഭക്ക് തുല്യഅധികാരമുണ്ടെങ്കിലും ധനകാര്യങ്ങളിൽ ലോക്‌സഭക്കാണ് പരമാധികാരം. മറ്റേത് ബില്ലുകളും ആദ്യമായി രാജ്യസഭയിൽ അവതരിപ്പിക്കാമെങ്കിലും ധനബില്ലുകൾ ലോക്‌സഭയിലേ അവതരിപ്പിക്കാവൂ. ലോക്‌സഭ പാസാക്കിയ ധന ഇതര ബില്ലുകളും മറ്റും നിയമമാകണമെങ്കിൽ രാജ്യസഭയുടെ കൂടി അംഗീകാരം ആവശ്യമാണ്. എന്നാൽ, ധനബില്ലുകൾ ലോക്‌സഭ പാസാക്കിയാൽ രാജ്യസഭക്ക് അംഗീകരിക്കുകയേ നിവൃത്തിയുള്ളൂ. പരമാവധി 14 ദിവസം വെച്ചു താമസിപ്പിക്കാമെന്നു മാത്രം. ഖജനാവിൽ നിന്ന് പൊതു ആവശ്യത്തിനായി പണമെടുക്കാനാണ് ധനബില്ലുകൾ പാസാക്കുന്നത്. ചുരുക്കത്തിൽ രാജ്യസഭയും , അധോസഭയായ ലോക്‌സഭയും ഉൾപ്പെടുന്നതാണ് പാർലമെൻറ്.
രാജ്യസഭാ അംഗങ്ങൾക്ക് കേന്ദ്ര മന്ത്രിസഭയിൽ ചേരാമെങ്കിലും മന്ത്രിസഭയെ പുറത്താക്കാനായി അവിശ്വാസപ്രമേയം പാസാക്കാൻ ലോക്‌സഭക്ക് മാത്രമേ അധികാരമുള്ളൂ. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തവും ലോക്‌സഭയോടാണ്. ലോക്‌സഭയിൽ ഭൂരിപക്ഷമുള്ളിടത്തോളം കാലമേ സർക്കാറിന് അധികാരത്തിൽ തുടരാനാവൂ.
കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്സ് (രാജ്യസഭ) നിലവില്‍വന്നത് 1952 ഏപ്രില്‍ മൂന്നിനാണ്. 1952 മെയ് 13ന് പേര് ഹിന്ദിയില്‍ രാജ്യസഭ എന്നാക്കി. ഡോ. എസ് രാധാകൃഷ്ണനായിരുന്നു ആദ്യ അധ്യക്ഷന്‍. എസ് വി കൃഷ്ണമൂര്‍ത്തി റാവു ആദ്യ ഡെപ്യൂട്ടി ചെയര്‍മാനുമായി. ഉപരാഷ്ട്രപതി ചെയര്‍മാനും , അംഗങ്ങള്‍ക്കിടയില്‍നിന്ന് തെരഞ്ഞെടുക്കുന്നയാള്‍ വൈസ് ചെയര്‍മാനുമാകുന്നു.രാജ്യസഭയിലേക്ക്  തെരഞ്ഞെടുക്കുന്നവര്‍ അതാത് സംസ്ഥാനങ്ങളുടെ പ്രതിനിധികളാണ്.
ജനസംഖ്യാ ആനുപാതികമായി ഓരോ സംസ്ഥാനത്തുനിന്നും ഉണ്ടാകേണ്ട അംഗങ്ങളുടെ എണ്ണം ഭരണഘടനയുടെ നാലാം ഷെഡ്യൂളില്‍ പറയുന്നു. ഉത്തര്‍പ്രദേശില്‍നിന്നാണ് ഏറ്റവും കൂടുതല്‍ അംഗങ്ങള്‍- 31. കേരളത്തിന് ഒമ്പത് അംഗങ്ങളുണ്ട്. ആന്ധ്രപ്രദേശില്‍നിന്ന് തെലങ്കാന വേര്‍പെട്ടപ്പോള്‍ ആന്ധ്രയില്‍നിന്ന് ആകെയുള്ള രാജ്യസഭാംഗങ്ങളടെ എണ്ണവും വിഭജിക്കപ്പെട്ടു.ആകെ 18 പേര്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ ആന്ധ്ര- 11, തെലങ്കാന- 7 എന്നിങ്ങനെയായി. അരുണാചല്‍പ്രദേശ്- 1, അസം- 7, ബിഹാര്‍- 16, ഛത്തീസ്ഗഢ്- 5, ഗോവ- 1, ഗുജറാത്ത്-11, ഹരിയാന- 5, ഹിമാചല്‍പ്രദേശ്- 3, ജമ്മു കശ്മീര്‍- 4, ഝാര്‍ഖണ്ഡ്- 6, കര്‍ണാടകം- 12, മധ്യപ്രദേശ്- 11, മഹാരാഷ്ട്ര- 19, മണിപ്പുര്‍- 1, മേഘാലയ- 1, മിസേറം-1,നാഗാലന്‍ഡ്- 1, ഒറീസ- 10, പഞ്ചാബ്- 7, രാജസ്ഥാന്‍-10, സിക്കിം- 1, തമിഴ്നാട്- 18, ത്രിപുര- 1, ഉത്തരാഞ്ചല്‍-3, പശ്ചിമ ബംഗാള്‍- 16 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍.സംസ്ഥാന നിയമസഭാംഗങ്ങള്‍ ഒറ്റ കൈമാറ്റ വോട്ടിലൂടെയാണ് ഇവരെ തെരഞ്ഞെടുക്കുന്നത്. ഡല്‍ഹി (3), പുതുശേരി (1) എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും പ്രാതിനിധ്യമുണ്ട്.
ആദ്യതവണ നറുക്കെടുപ്പിലൂടെയാണ് പിരിയേണ്ട അംഗങ്ങളെ നിശ്ചയിച്ചത്.മൊത്തം അംഗങ്ങളെ തെരഞ്ഞെടുപ്പു കമീഷന്‍ നടത്തിയ നറുക്കെടുപ്പിലൂടെ മൂന്നു വിഭാഗങ്ങളിലായി തിരിച്ചു.ആദ്യ വിഭാഗത്തിലപ്പെട്ടവര്‍ക്ക് ആറുവര്‍ഷം കിട്ടി. രണ്ടാമത്തെ വിഭാഗത്തിന് നാലുവര്‍ഷവും മൂന്നാമത്തെ വിഭാഗത്തിന് രണ്ടുവര്‍ഷവും കാലാവധി നിശ്ചയിച്ചു. അതിനുശേഷം ആറുവര്‍ഷമാണ് ഒരംഗത്തിന്റെ കാലാവധി. എന്നാല്‍ ഒരാള്‍ മരിക്കുകയോ , രാജിവയ്ക്കുകയോ മറ്റോ ചെയ്ത് ഉണ്ടാകുന്ന ഒഴിവില്‍ തെരഞ്ഞെടുക്കുന്നയാള്‍ക്ക് നിലവിലുണ്ടായിരുന്ന അംഗത്തിന്റെ ശേഷിച്ച കാലാവധിയേ ലഭിക്കൂ. ചില സവിശേഷ അധികാരങ്ങളും രാജ്യസഭയ്ക്കുണ്ട്.
 ഉദാഹരണത്തിന്, സാധാരണഗതിയില്‍ സംസ്ഥാനത്തിന് അധികാരമുള്ള വിഷയങ്ങളിൽ (State List)സംസ്ഥാന നിയമസഭകള്‍ക്കാണ് അധികാരം. എന്നാല്‍ അത്തരത്തിലുള്ള ഒരു വിഷയത്തില്‍ പാര്‍ലമെന്റ് നിയമനിര്‍മാണം കൊണ്ടു വരണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെടാന്‍ രാജ്യസഭയ്ക്ക് അധികാരമുണ്ട്. ഹാജരാകുന്ന അംഗങ്ങളുടെ മൂന്നില്‍ രണ്ടിന്റെ അംഗീകാരത്തോടെ ആ പ്രമേയം പാസാകണം. പ്രമേയം ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി ആകുകയും വേണം. ഇത്തരത്തില്‍ പ്രമേയം പാസായാല്‍ അതനുസരിച്ച് നിയമം നിര്‍മിക്കാന്‍ പാര്‍ലമെന്റിന് അധികാരമാകും. മുപ്പതു വയസ്സ് തികഞ്ഞ ഒരു ഇന്ത്യന്‍ പൗരന് രാജ്യസഭയിലേക്ക് മത്സരിക്കാം. (ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിക്കാന്‍ 25 വയസ്സ് തികഞ്ഞാല്‍മതി).
വോട്ടിങ് വേണ്ടിവന്നാല്‍ ഒറ്റ കൈമാറ്റ വോട്ടാ(Single Transferable Vote) ണ് ഉപയോഗിക്കുന്നത്.തെരഞ്ഞെടുപ്പു തുടങ്ങിയാൽ ഓരോ നിയോജകമണ്ഡലത്തിനും ഓരോ വിഹിതം (quota) നിശ്ചയിക്കുന്നു. ഇതു പല വിധത്തിലാകാമെങ്കിലും,
ബെൽജിയംകാരനായ എച്ച്.ആർ. ഡ്രൂപ്പ് ആസൂത്രണം ചെയ്തിട്ടുള്ള ‘ഡ്രൂപ്പ് ക്വോട്ടാ’ (Droop Quota) എന്നറിയപ്പെടുന്ന സമ്പ്രദായമാണ് ഇന്നധികവും പ്രയോഗത്തിലിരിക്കുന്നത്. ഇതനുസരിച്ച് നിയോജകമണ്ഡലത്തിൽ പോൾചെയ്ത മൊത്തം (സാധുവായ) വോട്ടുകളുടെ സംഖ്യയെ, പൂരിപ്പിക്കുവാനുളള സീറ്റുകളുടെ എണ്ണത്തോട് ഒന്നു കൂട്ടിചേർത്ത് ആ സംഖ്യകൊണ്ട് ഹരിച്ചു കിട്ടുന്ന ഹരണഫലത്തോട് ഒന്നുകൂടി ചേർത്തു കിട്ടുന്ന സംഖ്യയായിരിക്കും ക്വോട്ടാ.
ഉദാ. നിയോജകമണ്ഡലത്തിലെ സാധുവായ വോട്ടുകൾ = 33,000
അവിടത്തെ മൊത്തം സീറ്റുകൾ = 4
ക്വോട്ടാ=((33000)/(4+1))+1
ആകെയുള്ള സീറ്റുകളുടെ എണ്ണം എത്രയാണോ അത്രയും സ്ഥാനാർഥികൾക്ക്, മുൻഗണനാക്രമമനുസരിച്ച് അവരുടെ പേരുകൾക്കു നേരെ 1, 2, 3, 4………… എന്നിങ്ങനെ വോട്ടു രേഖപ്പെടുത്തുവാനുള്ള അവകാശം ഓരോ സമ്മതിദായകനും ഉണ്ടെന്നുള്ളതാണ് ഈ പദ്ധതിയുടെ ഒരു സവിശേഷത. എന്നാൽ ഒരു വോട്ടർക്ക് ഒരു സ്ഥാനാർഥി മാത്രമേ സ്വീകാര്യനായിട്ടുള്ളുവെങ്കിൽ, തന്റെ വോട്ടുകൾ ആ സ്ഥാനാർഥിക്കു മാത്രമായി രേഖപ്പെടുത്താവുന്നതുമാണ്. എത്ര വോട്ടുകൾ രേഖപ്പെടുത്തിയാലും ഒരു സമ്മതിദായകന്റെ ‘യഥാർഥ’ വോട്ട് ഒന്നു മാത്രമായിരിക്കുമെന്നുള്ളതും പ്രത്യേകം ശ്രദ്ധേയമാണ്.
വോട്ടുകൾ എണ്ണുമ്പോൾ ഒന്നാം മുൻഗണനാ വോട്ടുകൾ (First Preference Votes) ആയിരിക്കും ആദ്യം എണ്ണി തിട്ടപ്പെടുത്തുക. ചിലപ്പോൾ ഒന്നാം വട്ടത്തിൽ ആർക്കുംതന്നെ ക്വോട്ടാ ലഭിച്ചില്ലെന്നു വരാം. എന്നാൽ ഏതെങ്കിലും സ്ഥാനാർഥിക്ക് ക്വോട്ടായോ അതിൽ കൂടുതലോ വോട്ടുകൾ ആദ്യറൌണ്ടിൽ തന്നെ ലഭിക്കുകയാണെങ്കിൽ അയാൾ ജയിച്ചതായി പ്രഖ്യാപിക്കുകയും, അയാളുടെ അധിക വോട്ടുകൾ (surplus votes) ഉണ്ടെങ്കിൽ അവയിലെ മുൻഗണനാക്രമമനുസരിച്ച് മറ്റു സ്ഥാനാർഥികൾക്കായി വിഭജിക്കുകയും ചെയ്യുന്നു . അതുപോലെ തന്നെ ഏറ്റവും കുറച്ചു വോട്ടുകൾ ലഭിച്ചിട്ടുള്ള സ്ഥാനാർഥിയുടെ വോട്ടുകളും, അയാളെ ലിസ്റ്റിൽനിന്നും നീക്കിയ ശേഷം, മുൻഗണനാക്രമത്തിൽ, മറ്റു സ്ഥാനാർഥികൾക്കായി വീതിച്ചുകൊടുക്കുന്നു. ഇപ്രകാരം കൈമാറ്റം ചെയ്തതിനുശേഷം വോട്ടുകൾ വീണ്ടും എണ്ണുകയും, അപ്പോൾ ക്വോട്ടായോ അതിൽ കൂടുതലോ വോട്ടുകൾ ലഭിക്കുന്ന സ്ഥാനാർഥികൾ വിജയികളാവുകയും, അവർക്കും മിച്ച വോട്ടുകൾ വരികയാണെങ്കിൽ, അവയും ഇനി തെരഞ്ഞെടുക്കുവാനിരിക്കുന്ന സ്ഥാനാർഥികൾക്കായി മാറ്റപ്പെടുകയും, വീണ്ടും വോട്ടെണ്ണിയശേഷം, അവരിൽ ക്വോട്ടാ കിട്ടിയവരെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ ആകെ പൂരിപ്പിക്കേണ്ട സീറ്റുകൾ തികയുന്നതുവരെ ആവർത്തിക്കപ്പെടും.
ഇംഗ്ലണ്ടിൽ അഭിഭാഷകനായിരുന്ന തോമസ് റൈറ്റ് ഹില്ലാണ് ഈ വോട്ടിംഗ് രീതിയുടെ ഉപജ്ഞാതാവ്. 1821 – ലാണ് അദ്ദേഹം ഇത് അവതരിപ്പിച്ചത്. എന്നാൽ ആദ്യമായി ഇത് പരീക്ഷിച്ചത് 1855 -ൽ ഡെൻമാർക്കിലാണ്.
തോമസ് റൈറ്റ് ഹിൽ അവതരിപ്പിച്ചത് “കൈമാറ്റ വോട്ട്” ആയിരുന്നു. എന്നാൽ മറ്റൊരു ഇംഗ്ലീഷ് അഭിഭാഷകൻ തോമസ് ഹെയർ 1857 -ൽ ഇത് “ഒറ്റ കൈമാറ്റ വോട്ട്” ആയി പരിഷ്കരിച്ചു. അതിനാൽ ഈ രീതി ഹെയർ സമ്പ്രദായം എന്നും അറിയപ്പെടുന്നു. ബ്രിട്ടീഷ് സമ്രാജ്യത്വത്തിന്റെ വ്യാപനത്തിന്റെ ഭാഗമായി ലോകത്ത് പലയിടങ്ങളിലും ഈ സമ്പ്രാദായം വ്യാപിക്കുകയും അതുവഴി ഇതിന് “ബ്രിട്ടീഷ് ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം” എന്ന് പേര് സിദ്ധിക്കുകയും ചെയ്തിട്ടുണ്ട്.
ആൻഡ്രൂ ഇംഗ്ലിസ് ക്ലർക്ക് എന്നയാൾ ചില പരിഷ്കരണങ്ങൾ നടത്തി 1897 -ൽ ടാസ്മാനിയയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ സമ്പദായം നടപ്പിലാക്കിയതോടെയാണ് ലോകത്ത് ആദ്യമായി ഒരു രാജ്യത്ത് ഇത്തരത്തിൽ തെരഞ്ഞെടുപ്പ് നടത്തി പാർലമെന്റ് ഉണ്ടായത്. അതിനുശേഷം ഈ പദ്ധതിയെ ഹെയർ – ക്ലർക്ക് സമ്പ്രദായം എന്നും വിളിക്കാറുണ്ട്. മേൽ വിവരിച്ച ഹെയർ പദ്ധതി അല്പം ചില വ്യത്യാസങ്ങളോടുകൂടി അയർലണ്ട്, ടാസ്മേനിയ, മാൾട്ട, ആസ്റ്റ്രേലിയ, ദക്ഷിണാഫ്രിക്ക മുതലായ രാജ്യങ്ങളിലെ നിയമസഭകളിലേക്ക്-പ്രത്യേകിച്ച് അവയുടെ ഉപരിസഭകളിലേക്ക്-വേണ്ടിയുള്ള തെരഞ്ഞെടുപ്പുകളിൽ പ്രായോഗികമാക്കിയിട്ടുണ്ട്. ബ്രിട്ടനിൽ, ചില സർവകലാശാലകളിൽനിന്നും കോമൺസ് സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ സമ്പ്രദായത്തിലൂടെയാണ് നടത്താറുള്ളത്. ഇന്ത്യയിലാകട്ടെ, പ്രസിഡന്റ് തെരഞ്ഞെടുപ്പിലും, രാജ്യസഭയിലേക്കും ഏതാനും സംസ്ഥാനനിയമസഭകളുടെ ഉപരിമണ്ഡലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പുകളിലും ഹെയർ പദ്ധതിയാണ് നിലവിലുള്ളത്.വോട്ടുകള്‍ പാഴാകാത്ത ഈ വോട്ടിങ്ങ് രീതി കൂടുതല്‍ ജനാധിപത്യപരമാണെന്ന അവകാശവാദമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: