കൊച്ചി: കെ.ടി. ജലീലിനെതിരെ 164 സ്റ്റേറ്റ്‌മെന്റില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ഉടന്‍ വെളിപ്പെടുത്തുമെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. യഥാര്‍ത്ഥ ഗൂഢാലോചന നടത്തിയത് സര്‍ക്കാരും കെ.ടി ജലീലുമാണ്. ഒരു ഗൂഢാലോചനയും താന്‍ നടത്തിയിട്ടില്ല. ജലീലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു. ജലീല്‍ എന്തൊക്കെ കേസ് കൊടുക്കുമെന്ന് കാണട്ടെയെന്നും കൊച്ചിയില്‍ അഭിഭാഷകനുമായ കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ സ്വപ്ന വെല്ലുവിളിച്ചു.
തനിക്ക് പോലീസ് സുരക്ഷ ആവശ്യമില്ല. കുടുംബത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി താന്‍ രണ്ടു പേരെ സെക്യൂരിറ്റിയായി നിയോഗിച്ചിട്ടുണ്ട്. കേരളാ പോലീസിന്റെ സഹായം വേണ്ട. തന്റെ വീടിന്റെ പരിസങ്ങളിലും മറ്റും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാരെ എത്രയും പെട്ടെന്ന് മുഖ്യമന്ത്രി തിരിച്ചു വിളിക്കണമെന്നും സ്വപ്ന ആവശ്യപ്പെട്ടു.
തനിക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത് ഗൂഢാലോചനക്കേസാണ്. ഇവിടെ യഥാര്‍ത്ഥ ഗൂഢാലോചന നടന്നിരിക്കുന്നത് എതിര്‍ഭാഗത്താണ്. ഷാജ് കിരണ്‍ എന്നയാളെ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി വിട്ട് ഇതൊരു ഒത്തുതീര്‍പ്പിലോട്ട് കൊണ്ടു പോകാന്‍ ഗൂഢാലോചന നടത്തിയത് ആരാണ്? ഇതിന്റെ പേരില്‍ ഒരു ഗൂഢാലോചനയും ഞാന്‍ നടത്തിയിട്ടില്ല. കെ.ടി ജലീലിനെക്കുറിച്ച് നേരത്തെ തന്നെ കോടതിയില്‍ വെളിപ്പെടുത്തിയ കാര്യങ്ങളാണ്. തനിക്കെതിരെ കേസ് കൊടുത്ത്, അവര്‍ പറഞ്ഞു വിട്ട പ്രതിനിധിയെ സാക്ഷിയാക്കിക്കൊണ്ട് അവരാണ് ഗൂഢാലോചന നടത്തിയത്.
ഷാജ് കിരണിനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും സ്വപ്ന ചോദിച്ചു. ഷാജ് കിരണ്‍ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ നടന്നില്ലേ. ആരാണ് ഷാജ് കിരണ്‍? എന്തിനാണ് എഡിജിപിക്കെതിരെ നടപടിയെടുത്തത്? ഇവിടെ ആരാണ് ഗൂഢാലോച നടത്തുന്നതെന്നും സ്വപ്ന ചോദിച്ചു. അഭിഭാഷകനൊപ്പമായിരുന്നു സ്വപ്ന മാധ്യമങ്ങളെ കാണാനെത്തിയത്. രണ്ട് ദിവസം ജലീല്‍ വിയര്‍ക്കട്ടെയെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ അഡ്വ. കൃഷ്ണരാജ് പറഞ്ഞു.
ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന നാളെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. ചില പ്രമുഖരെ കുറിച്ച് തനിക്ക് അറിയാവുന്ന വസ്തുതകള്‍ പുറത്തുവിട്ടതോടെ ജീവന് തന്നെ ഭീഷണിയുണ്ടെന്നും സ്വപ്ന കോടതിയെ അറിയിക്കും. മുഖ്യമന്ത്രിക്കെതിരെ രഹസ്യമൊഴി നല്‍കിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നാണ് സ്വപ്നയുടെ വാദം. ഇതിനിടെ ജീവന് ഭീഷണിയുള്ള പശ്ചാത്തലത്തില്‍ സ്വപ്ന സുരേഷ് സ്വന്തം നിലയില്‍ രണ്ട് സുരക്ഷാ ഗാര്‍ഡുമാരെ നിയോഗിച്ചു. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് താന്‍ വേവലാതിപ്പെടുന്നില്ലെന്നും സ്വപ്ന വ്യക്തമാക്കി.