NEWSWorld

അന്റാര്‍ട്ടിക്കന്‍ മഞ്ഞുപാളികളിലാദ്യമായി മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം കണ്ടെത്തി

ന്റാര്‍ട്ടിക്കന്‍ മഞ്ഞുപാളികളിലാദ്യമായി മൈക്രോപ്ലാസ്റ്റികുകളുടെ സാന്നിധ്യം കണ്ടെത്തി ഗവേഷകര്‍. അന്റാര്‍ട്ടിക്കയിലെ റോസ് ദ്വീപ് പ്രദേശത്തെ വിവിധയിടങ്ങളിലായിട്ടാണ് മൈക്രോപ്ലാസ്റ്റികുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഒരു സാംപിളില്‍ നിന്നു തന്നെ ശരാശരി 29 -ഓളം പദാര്‍ത്ഥങ്ങളും കണ്ടെത്തി. തുണിത്തരങ്ങളിലും കുപ്പികളിലും പൊതുവേ കാണപ്പെടുന്ന തരത്തിലുള്ള പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങളാണ് കണ്ടെത്തിയവയില്‍ ഏറിയ പങ്കും. പലപ്പോഴും പരിസ്ഥിതിക്ക് വീണ്ടെടുക്കാനാവത്ത തരത്തിലുള്ള പ്രതികൂല അന്തരീക്ഷം സൃഷ്ടിക്കാനും ആവാസവ്യവസ്ഥയ്ക്ക് നാശം വരുത്താനും ഇവയ്ക്ക് സാധിക്കും. മനുഷ്യരില്‍ ശ്വാസകോശ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളും ഇത്തരത്തിലുള്ള പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങള്‍ കാരണമാകാറുണ്ട്.

തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്ക് ശേഷം പ്രദേശം സന്ദര്‍ശിച്ച ഗവേഷകര്‍ സ്റ്റെയിന്‍ലെസ് ബോട്ടിലുകളിലായി മഞ്ഞ് ശേഖരിച്ചു. തുടര്‍ന്ന് ഇവ ന്യൂസീലന്‍ഡിലെ യൂണിവേഴ്സിറ്റി ഓഫ് കാന്റര്‍ബറിയില്‍ പരിശോധനയ്ക്കായി കൊണ്ടുപോയി. മറ്റ് തരത്തിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട രീതിയിലുള്ള ശ്രദ്ധയും ഗവേഷകര്‍ പുലര്‍ത്തിയിരുന്നു.

Signature-ad

13 ഇടങ്ങളില്‍ നിന്നും ശേഖരിക്കപ്പെട്ട മൈക്രോപ്ലാസ്റ്റിക് സാംപിളുകള്‍ ഇവിടെ പരിശോധിച്ചപ്പോള്‍ മറ്റ് 6 സാംപിളുകള്‍ റോസ് ദ്വീപിന് സമീപമുള്ള നിരീക്ഷണ കേന്ദ്രങ്ങളിലായിരുന്നു പരിശോധനയ്ക്ക് വിധേയമാക്കിയത്. 13 തരത്തിലുള്ള പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. പിഇടി (Polyethylene terephthalate) എന്ന വിഭാഗത്തില്‍ പെടുന്ന പ്ലാസ്റ്റിക്കുകളാണ് കണ്ടെത്തിയവയില്‍ ഏറിയ പങ്കും. അതായത് സാംപിളുകളുടെ 79 ശതമാനത്തോളം.

കാറ്റിലോ മറ്റോ വളരെ ദൂരത്തില്‍ യാത്ര ചെയ്താണിവ അന്റാര്‍ട്ടിക്കന്‍ പ്രദേശത്ത് എത്തുന്നത്. റോസ് ദ്വീപിലെ റിസര്‍ച്ച് സ്റ്റേഷനുകളായ സ്‌കോട്ട് ബേസ്, മക്മുര്‍ഡോ സ്റ്റേഷന്‍ എന്നിവിടങ്ങളിലുപയോഗിക്കുന്ന നിര്‍മാണ സാമഗ്രികളോ, തുണിത്തരങ്ങളിലോ നിന്നും ഇവ എത്താനുള്ള സാധ്യതയും പഠനം തള്ളിക്കളയുന്നില്ല.

അഞ്ച് മില്ലീമീറ്ററില്‍ താഴെ വലിപ്പമുള്ള പോളിമര്‍ പദാര്‍ത്ഥങ്ങളാണ് മൈക്രോപ്ലാസ്റ്റികുകള്‍. അന്റാര്‍ട്ടിക്കയിലെ ഭക്ഷ്യശൃംഖലയ്ക്ക് തന്നെ മൈക്രോപ്ലാസ്റ്റികുകള്‍ ഭീഷണിയാണ്. അന്റാര്‍ട്ടിക്കന്‍ ക്രില്‍ പോലെയുള്ളവയ്ക്ക് ഇത്തരത്തിലുള്ള മൈക്രോപ്ലാസ്റ്റികുകള്‍ ഭീഷണിയാണ്. പെന്‍ഗ്വിനുകളുടെ ഭക്ഷണങ്ങളിലും മറ്റും മൈക്രോപ്ലാസ്റ്റിക് പദാര്‍ത്ഥങ്ങളെത്തുന്നത് അവയുടെ നിലനില്‍പിന് തന്നെ ഭീഷണിയാണ്. ക്രൈയോസ്പിയര്‍ എന്ന ജേണലില്‍ ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

Back to top button
error: