പാലക്കാട്: പാര്‍ട്ടി പ്രവര്‍ത്തകയുടെ കുളിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു. കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെയാണ് പ്രാഥമിക അംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തത്. ഒന്‍പതിനു വൈകിട്ടാണ് വീട്ടമ്മയ്ക്ക് ദുരനുഭവമുണ്ടായത്. കുളിമുറിയുടെ ജനാലയ്ക്കരികില്‍ ആളനക്കം കേട്ട് വീട്ടമ്മ ബഹളമുണ്ടാക്കിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു. ഓടുന്നതിനിടെ ഇയാളുടെ മൊബൈല്‍ ഫോണ്‍ നിലത്തു വീണു.
ഇതു കിട്ടിയതോടെ അയല്‍വാസിയും പാര്‍ട്ടി നേതാവുമായ ഷാജഹാനെ സഹായത്തിനായി വിളിച്ചു. അപ്പോഴാണ് നിലത്തുനിന്നു കിട്ടിയ ഫോണ്‍ ബെല്ലടിക്കുകയും ഇത് ഷാജഹാന്റെ ഫോണാണെന്ന് മനസിലാവുകയും ചെയ്തത്. ഇതോടെ പരാതിക്കാരി പാര്‍ട്ടിയെ വിവരമറിയിക്കുകയായിരുന്നു. പരാതി വന്നയുടന്‍ നടപടിയെടുത്തെന്ന് പുതുശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് പറഞ്ഞു. കേസില്‍നിന്ന് പിന്മാറരുതെന്നും നിയമനടപടികളുമായി മുന്നോട്ടുപോകണമെന്നുമാണ് പാര്‍ട്ടിയുടെ നിര്‍ദേശമെന്നും കേസില്‍ പാര്‍ട്ടിയുടെ എല്ലാവിധ പിന്തുണയുമുണ്ടെന്നും പരാതിക്കാരി പറഞ്ഞു.
ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ അടക്കമാണ് വീട്ടമ്മ ടൗണ്‍ സൗത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ബ്രാഞ്ച് സെക്രട്ടറി ഒളിവിലാണെന്നും പിടികൂടുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയതായും കൂടുതല്‍ തെളിവിനായി മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് അയയ്ക്കുമെന്നും സൗത്ത് പോലീസ് അറിയിച്ചു.