IndiaNEWS

പ്രണയിച്ച് വിവാഹം കഴിച്ച ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് വീണ്ടും ഒളിച്ചോടി; ഭാര്യയെ തിരിച്ചുകൊണ്ടുവരണമെന്ന് പരാതി

നാഗ്പൂര്‍: പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ രണ്ടു ഭര്‍ത്താക്കന്മാരെയും ഉപേക്ഷിച്ച് മൂന്നാമതും ഒളിച്ചോടിയ യുവതിയെ കണ്ടെത്തണമെന്ന ആവശ്യവുമായി ഭര്‍ത്താക്കന്മാര്‍ പോലീസ് സ്‌റ്റേഷനില്‍. മഹാരാഷ്ട്രയിലെ സൊനഗാവോനിലാണ് സംഭവം.

നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് സ്ത്രീ രണ്ടാമത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഇവര്‍ ഇറങ്ങിപ്പോയത്. എന്നാല്‍ ഇവര്‍ സ്വന്തം വീട്ടിലേക്ക് പോയിട്ടില്ല. അന്ന് മുതല്‍ ഇവര്‍ എവിടെയാണെന്ന് ഭര്‍ത്താക്കന്‍മാര്‍ക്ക് അറിയില്ല. എന്നാല്‍ സമൂഹമാധ്യമം വഴി പരിചയപ്പെട്ടയാളുമൊത്താണ് ഇവര്‍ പോയതെന്ന വിവരം മാത്രമാണ് ഭര്‍ത്താക്കന്മാര്‍ക്ക് അറിയുന്നത്. തുടര്‍ന്ന് ആദ്യ രണ്ടു ഭര്‍ത്താക്കന്മാരും ചേര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.

Signature-ad

യുവതിയുടെ ആദ്യ ഭര്‍ത്താവ് കല്‍പ്പണിക്കാരനാണ്. രണ്ടാമത്തെയാള്‍ക്ക് ഒപ്റ്റിക് ഫൈബര്‍ വിരിക്കുന്ന ജോലിയും. പ്രണയിച്ചാണ് ഇവര്‍ ആദ്യഭര്‍ത്താവുമായി വിവാഹം ചെയ്തത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുമുണ്ട്. വിവാഹത്തിന് നാല് വര്‍ഷത്തിന് ശേഷം പരിചയപ്പെട്ട സുഹൃത്തുമായി പ്രണയത്തിലാകുകയും വിവാഹം ചെയ്യുകയും ചെയ്തു. രണ്ട് വര്‍ഷം മുമ്പ് ഒരു ക്ഷേത്രത്തില്‍ വച്ചാണ് ഇവര്‍ രണ്ടാമത്തെ വിവാഹം കഴിച്ചത്.

അറിയാത്ത നമ്പറില്‍ നിന്ന് വന്ന മിസ്ഡ് കോളിലൂടെയാണ് രണ്ടാമത്തെ ഭര്‍ത്താവും ഇവരും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. ആദ്യ ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് രണ്ടാമത്തെ ഭര്‍ത്താവിനൊപ്പം ഇറങ്ങിയ യുവതി വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ രണ്ടാമനുമായി ഒരുമിച്ച് ജീവിതം ആരംഭിച്ചു. രണ്ട് വര്‍ഷം മുമ്പ് ഇവര്‍ വിവാഹം കഴിച്ചു.

മൂന്നാമത്തെ കാമുകനൊപ്പം യുവതി പോയതോടെ രണ്ടാമത്തെ ഭര്‍ത്താവ് യുവതിയ്‌ക്കെതിരേ പരാതി നല്‍കാന്‍ ആദ്യ ഭര്‍ത്താവിനെ തേടി ഇറങ്ങുകയും ഒടുവില്‍ കണ്ടെത്തുകയുമായിരുന്നു. ആദ്യ ഭര്‍ത്താവ് ഇപ്പോള്‍ മദ്യത്തിന് അടിമപ്പെട്ട അവസ്ഥയിലാണ്. അയാളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി തനിക്കൊപ്പം സ്റ്റേഷനിലേക്ക് കൂട്ടി.

തന്റെ ഭാര്യയെ തിരിച്ചുകിട്ടാന്‍ അങ്ങേയറ്റം കെഞ്ചിയാണ് രണ്ടാമത്തെ ഭര്‍ത്താവ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ ആദ്യ ഭര്‍ത്താവ് ഇതിനൊന്നും തയ്യാറല്ല. ഇരുവരുടെയും പരാതിയില്‍ സൊനഗാവോന്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ യുവതിയെപ്പറ്റി വിവരമൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്.

 

Back to top button
error: