മലപ്പുറം: സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലുകളെ പരിഹസിച്ച് തള്ളിയ കെ ടി ജലീലിനെ പരോക്ഷമായി പരിഹസിച്ച് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് രംഗത്ത്. ‘സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒപ്പം വന്നിട്ട് വാപ്പ കളി കാണാൻ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ..’ എന്ന ജലീലിന്‍റെ പ്രതികരണത്തിന് അതേ നാണയത്തിലാണ് ഫിറോസിന്‍റെ പരിഹാസം. “ബാപ്പാനെ കുറ്റം പറയാൻ പറ്റില്ല, സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒരുമിച്ച് വന്നാലും കോൺസുലേറ്റിൽ നിന്ന് വീട്ടിലേക്ക് ‘ബിരിയാണിച്ചെമ്പ്’ വരുന്ന ദിവസം ആരായാലും പുറത്ത് പോവില്ല” എന്നായിരുന്നു ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചത്.
അതേസമയം പ്രമാദമായ സ്വർണ്ണക്കടത്ത് കേസിലും കറൻസി കടത്തിലും മുഖ്യപ്രതി മുഖ്യമന്ത്രി തന്നെയാണെന്ന് തെളിയിക്കുന്നതാണ് സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകളെന്നായിരുന്നു മുസ്ലിം ലീഗ് നേതാവ് പി എം എ സലാം പ്രതികരിച്ചത്. വ്യാജ ആരോപണങ്ങൾ പോലും സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കുന്ന ഗവൺമെന്‍റാണ് കേരളം ഭരിക്കുന്നത്. പുകമറ സൃഷ്ടിച്ച് രക്ഷപ്പെടുന്ന പതിവ് ശൈലിയാണ് ഇപ്പോഴും സർക്കാർ അവലംബിക്കുന്നത്. എത്ര ഒളിച്ച് വെക്കാൻ ശ്രമിച്ചാലും സത്യം ഒരുനാൾ പുറത്തുവരിക തന്നെ ചെയ്യുമെന്ന് തെളിയിക്കുന്നതാണ് പുതിയ സംഭവവികാസങ്ങളെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി എം എ സലാം പ്രസ്താവനയിൽ പറഞ്ഞു.
സി പി എം -ബി ജെ പി ബാന്ധവം മുസ്ലിം ലീഗടക്കമുള്ള യു ഡി എ ഫ് ഘടകകക്ഷികൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യക്തമാക്കിയത് നൂറു ശതമാനവും ശരിയായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകളിലൂടെ അനാവരണം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന എം ശിവശങ്കറിലൂടെയാണ് സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യതത്. മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും കൃത്യമായ പങ്കാളിത്തമുള്ള കള്ളക്കച്ചവടമായിരുന്നു ഇത്. കെ ടി ജലീൽ ഉൾപ്പെടെയുള്ളവർ ഈ അച്ചുതണ്ടിന്റെ ഭാഗമാണ്. എത്ര കഴുകിക്കളയാൻ ശ്രമിച്ചാലും ലാവ്‌ലിൻ അഴിമതിക്കറ മായാത്ത വ്യക്തിയാണ് കേരളം ഭരിക്കുന്നത്. ആ അഴിമതികളുടെ തുടർച്ച മാത്രമായിട്ടേ ഇതിനെയൊക്കെ കാണാൻ കഴിയൂ. ഇനിയും വസ്തുതകൾ പുറത്തു വരാനുണ്ട്. പകൽ മാന്യന്മാരുടെ മുഖംമൂടികൾ അഴിഞ്ഞു വീഴാനുണ്ട്. കേന്ദ്രവുമായി കൈ കോർത്തും ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടും അധികനാൾ മുന്നോട്ട് പോകാനാവില്ല. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണം ഉണ്ടാകണമെന്നും പി എം എ സലാം പറഞ്ഞു.