തിരുവനന്തപുരം: പായ്ക്കപ്പലിൽ സഞ്ചരിക്കുന്നതിനിടെ അവശനിലയിലായി പുറംകടലിൽ കുടുങ്ങിയ നെതർലാൻഡ് പൗരനെ തീരദേശ പൊലീസ് കരയ്ക്ക് എത്തിച്ചു. വിഴിഞ്ഞത്തെ തീരദേശ പൊലീസ് ഉദ്യോഗസ്ഥരാണ് ഇയാളെ കരയിൽ എത്തിച്ചത്. പായ്ക്കപ്പലിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന നെതർലാൻഡ് കാരനായ ജെറോൺ ഇലിയൊട്ട് എന്ന 48കാരനാണ് കാലാവസ്ഥാവ്യതിയാനം മൂലം ദിശ തെറ്റി അവശനിലയിൽ വിഴിഞ്ഞത്ത് എത്തിയത്.
തുറമുഖ മൗത്ത് വഴി അകത്തേക്ക് കയറാനാകാതെ പുറംകടലിൽ അലയുന്ന നിലയിൽ കണ്ടെത്തിയ പായ്ക്കപ്പലിനെ പൊലീസ് കെട്ടിവലിച്ച് വാർഫിൽ എത്തിക്കുകയായിരുന്നു. കൊച്ചിയിൽ നിന്നും യാത്രതിരിച്ച് കൊല്ലം വഴി തൂത്തുക്കുടിയിലേക്ക് പോകുകയായിരുന്നു ജെറോൺ. നേരത്തെ കന്യാകുമാരിയിൽ വച്ചും ജെറോണിൻ്റെ ആരോഗ്യനില മോശമാക്കുകയും തുടര്‍ന്ന് കന്യാകുമാരി പൊലീസ് ഇടപെട്ട് ഇയാൾക്ക് വൈദ്യസഹായം നൽകുകയും ചെയ്തിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇയാൾക്ക് കന്യാകുമാരി പൊലീസ് ഇവര്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നൽകിയിരുന്നു.