കുറ്റകൃത്യങ്ങളുടെയൊരു കേന്ദ്രമാണ് മെക്സികോ എന്ന് പറഞ്ഞാൽ അതിശയോക്തിയല്ല. ഒരു വർഷം നടക്കുന്നത് മുപ്പതിനായിരത്തിലേറെ കൊലപാതകങ്ങൾ. കാണാതാകുന്നത് ആയിരക്കണക്കിന് പേരെ. രാജ്യത്തെ അഞ്ചിലൊന്ന് പേരും ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളുടെ ഇരകളാണെന്നാണ് കണക്ക്. മയക്കുമരുന്ന് മാഫിയ ശക്തമായ രാജ്യം. അത്യാധുനിക ആയുധങ്ങളുമായി കളം നിറയുകയാണ് മാഫിയ. പരസ്പരമുള്ള ഏറ്റുമുട്ടലും വെടിവയ്പ്പും എല്ലാം പതിവ്. അമേരിക്കയിലെ ചില ആയുധ നിർമാണ കമ്പനികൾ മാഫിയ സംഘങ്ങൾക്ക് ആയുധങ്ങൾ എത്തിക്കുന്നുവെന്ന് മെക്സികോ ആരോപിക്കുന്നു.
5,97,000 തോക്കുകൾ വർഷം തോറും ഇത്തരത്തിൽ കടത്തുന്നുണ്ടെന്നാണ് മെക്സികോ പറയുന്നത്. അമേരിക്കയിലെ തോക്ക് നിർമാണ കമ്പനികൾക്കെതിരെ നിയമയുദ്ധത്തിലാണിപ്പോൾ മെക്സികോ. 10 ബില്യൺ ഡോളർ നഷ്ടപരിഹാരമാവശ്യപ്പെട്ടാണ് അമേരിക്കയിലെ ഫെഡറൽ ജില്ലാ കോടതിയിലെ കേസ്. അനധികൃതമായി കടത്തിയ ആയുധങ്ങൾ രാജ്യത്ത് രക്തച്ചൊരിച്ചിലിന് കാരണമായെന്നാണ് പരാതി. എന്നാൽ നിയമപരമായി വിറ്റഴിക്കുന്ന തോക്കുകൾ പല കൈ മറിഞ്ഞാണ് ക്രിമിനലുകളുടെ കയ്യിലെത്തുന്നതെന്നും അതിൽ ഉത്തരവാദിത്തം ഇല്ലെന്നും ആണ് തോക്ക് നിർമാണ കന്പനികളുടെ വാദം.
മാത്രമല്ല, അമേരിക്കൻ നിയമമനുസരിച്ച്, വിൽക്കുന്ന ആയുധങ്ങൾ ആരെങ്കിലും ദുരുപയോഗം ചെയ്താൽ അതിൽ ഉത്തരവാദിത്തമില്ലെന്നും കമ്പനികൾ പറയുന്നു. നിയമനടപടികൾക്കൊപ്പം തോക്ക് കള്ളക്കടത്ത് തടയാൻ കർശന നടപടിയുമായി മുന്നോട്ട് പോകുകയാണ് മെക്സിക്കൻ സർക്കാർ. 2015 മുതൽ 2020 വരെ മാഫിയ സംഘങ്ങളിൽ നിന്ന് ഒരു ലക്ഷത്തോളം ആയുധങ്ങൾ പിടിച്ചെടുത്ത മെക്സികോ, ഇത് യുഎസ് ബ്യൂറോ ഓഫ് ആൽക്കഹോൾ, ടുബാക്കോ, ഫയർ ആംസ് ആൻഡ് എക്സ്പ്ലോസിവ്സ് (BATFE) ന് കൈമാറി.
സർക്കാർ നടപടി ശക്തമാക്കിയപ്പോൾ ഇതുവരെ ആയുധങ്ങളെത്തിച്ചിരുന്ന മേഖലകളൊഴിവാക്കി, അമേരിക്കയിലെ മറ്റ് മേഖലകളിൽ നിന്നും കൊളംബിയ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും തോക്കുകളെത്തിക്കുകയാണ് ക്രിമിനൽ സംഘങ്ങൾ. പഴയത് പോലെ സുഗമമല്ലെങ്കിലും ആയുധങ്ങളെത്തുന്നത് നിർബാധം തുടരുന്നു. ഇതിനൊരു മറുവശവുമുണ്ട്. മാഫിയ സംഘങ്ങൾക്ക് തോക്കുകൾ ലഭിക്കുന്നത് കള്ളക്കടത്തിലൂടെ മാത്രമല്ല, അനധികൃതമായി കുറ്റവാളികൾക്ക് ആയുധങ്ങൾ കൈമാറുന്നവരിൽ പൊലീസുകാരും സൈനികരുമുണ്ട്. ക്രിമിനൽ സംഘങ്ങളിൽ നിന്ന് പിടിച്ചെടുക്കുന്ന ആയുധങ്ങളാണ് പ്രധാനമായും ഇങ്ങനെ കൈമറുന്നത്. സേനയുടെ ഭാഗമായ ആയുധങ്ങളും ഇത്തരത്തിൽ കൈമാറുന്ന സുരക്ഷാ ഉദ്യോഗസ്ഥരുണ്ട്. ഇങ്ങനെ കൈമാറുന്ന ആയുധങ്ങൾ മോഷണം പോയെന്നോ ഏറ്റുമുട്ടലിനിടെ നഷ്ടമായെന്നോ ഒക്കെയാകും റിപ്പോർട്ട് ചെയ്യപ്പെടുക എന്ന് മാത്രം.
സ്വയം പ്രതിരോധിക്കാൻ തോക്ക് കൈവശം വയ്ക്കാൻ അവകാശമുണ്ട് മെക്സികോയിൽ. എന്നാൽ രാജ്യത്ത് വിൽക്കാവുന്ന തരം തോക്കുകളുടെ കാര്യത്തിൽ കർശന നിയന്ത്രണമുണ്ട്. അധികൃതരുടെ അനുമതിയോടെ മാത്രമേ ആയുധങ്ങൾ വാങ്ങാൻ അനുമതിയുളളൂ. ഇതിന് മാസങ്ങളുടെ നടപടിക്രമങ്ങളിലൂടെ കടന്നുപോകണം. തോക്ക് വാങ്ങുന്നയാളുടെ വിവരങ്ങളെല്ലാം കൈമാറണം. എന്നാൽ ചിലരെങ്കിലും നിയമപരമായി കൈവശപ്പെടുത്തുന്ന ആയുധം പിന്നീട് മാഫിയകൾക്ക് കൈമാറുന്നുവെന്നാണ് അധികൃതരുടെ കണ്ടെത്തൽ. സാധാരണക്കാർക്കിടയിലെ തോക്കുപയോഗത്തിനൊപ്പം കുറ്റകൃത്യങ്ങൾ കൂടുന്നുവെന്ന് കണ്ട് അതെങ്കിലും നിയന്ത്രിക്കാനുള്ള നീക്കത്തിലാണ് ഇപ്പോൾ മെക്സികോ.
തലസ്ഥാനമായ മെക്സികോ സിറ്റിയിൽ സാധാരണക്കാർ കൈവശം വച്ചിരിക്കുന്ന തോക്കുകളെല്ലാം തിരികെ വാങ്ങുകയാണ് അധികൃതർ. ‘നിരായുധീകരണത്തോട് യെസ് പറയൂ;സമാധാനത്തോടും’ എന്നാണ് പദ്ധതിയുടെ പേര്. പ്രത്യേകമൊരുക്കിയ കൗണ്ടറുകളിലെത്തി ആയുധം കൈമാറാം. 2019 മുതൽ തുടങ്ങിയ പദ്ധതിയിൽ ഇതുവരെ 6,320 തോക്കുകളാണ് ലഭിച്ചത്.
മുതിർന്നവരെ മാത്രം ലക്ഷ്യം വച്ചുള്ളതല്ല മെക്സികോയുടെ പദ്ധതി. കളിത്തോക്കുകളുപയോഗിക്കുന്നതിൽ നിന്ന് കുട്ടികളെയും വിലക്കാനാണ് ശ്രമം.അക്രമത്തിനെതിരായ അവബോധം ചെറുപ്പത്തിലേ സൃഷ്ടിക്കുകയാണ് ലക്ഷ്യം. കളിത്തോക്കുകൾ ഉദ്യോഗസ്ഥർക്ക് കൈമാറി മറ്റ് കളിപ്പാട്ടങ്ങൾ ഏറ്റുവാങ്ങുകയാണ് കുട്ടികൾ.
നിരന്തരം നടക്കുന്ന കൂട്ടവെടിവയ്പ്പുകളുടെ പശ്ചാത്തലത്തിൽ തോക്കുപയോഗം നിയന്ത്രിക്കുന്നത് സംബന്ധിച്ച് അമേരിക്ക ചർച്ചകൾ നടത്തുമ്പോഴാണ് മെക്സികോ നടപടികളുമായി മുന്നോട്ടുപോകുന്നത്. മെക്സികോ അമേരിക്കയിൽ നടത്തുന്ന കേസിന്‍റെ ഫലം അമേരിക്കയിലെ നിയമങ്ങളിൽ എന്തെങ്കിലും സ്വാധീനം ചെലുത്തിയേക്കില്ല. പക്ഷേ ആയുധനിർമാതാക്കൾക്കടക്കം നിയന്ത്രണം വേണമെന്ന ചർച്ചകൾക്ക് ഇത് വഴിമരുന്നിടും.
തോക്കുപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾക്കെതിരായ ബോധവത്കരണ ദിനമായിരുന്നു ഇക്കഴിഞ്ഞ വെള്ളിയാഴ്ച അമേരിക്കയിൽ. വൈറ്റ്ഹൗസ് ഓറഞ്ച് നിറമുള്ള ദീപപ്രഭയിലായിരുന്നു. മുൻഗാമികളെ പോലെ വെടിവയ്പ്പുകളിൽ രോഷവും ആശങ്കയും പ്രകടിപ്പിക്കുന്നതല്ലാതെ, വൻ ശക്തികളായി മാറിയ ആയുധനിർമ്മാതാക്കൾക്കെതിരെ പ്രസിഡന്‍റ് ജോ ബൈഡന് എന്ത് ചെയ്യാനാകുമെന്നാണ് അറിയേണ്ടത്. യുവാൾഡയിലെ സ്കൂളിലെ കൂട്ടക്കുരുതിക്ക് ശേഷം എന്തെങ്കിലും ചെയ്യേണ്ട സമയമായെന്ന് പറഞ്ഞതല്ലാതെ ഒരു വാഗ്ദാനവും നൽകിയില്ല ബൈഡൻ. വ്യക്തിസ്വാതന്ത്ര്യം പറഞ്ഞ് ആയുധം കൈവശം വയ്ക്കുന്നവരെയും തോക്ക് നിർമാതാക്കളെയും ചൊൽപ്പടിക്ക് കൊണ്ടുവരാൻ നന്നായി വിയർക്കും ബൈഡനെന്നുറപ്പ്.