IndiaNEWS

തമിഴ്നാട്ടിലെ കടലൂരിൽ ഏഴ് പെണ്‍കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു

കടലൂര്‍: തമിഴ്നാട് കടലൂർ ജില്ലയിലെ കെടിലം പുഴയിൽ കുളിക്കാനിറങ്ങിയ ഏഴു പെൺകുട്ടികൾ മുങ്ങിമരിച്ചു. കടലൂരിനടുത്ത് അന്നം കുച്ചിപ്പാളയം ഭാഗത്താണ് ദുരന്തമുണ്ടായത്. മരിച്ചവരെല്ലാം പത്തിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവരാണ്. കെടിലം പുഴയിലെ തടയണയ്ക്ക് സമീപമാണ് ഇവർ കുളിക്കാനിറങ്ങിയത്.മൃതദേഹങ്ങൾ കടലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

ഞായറാഴ്ച ഉച്ചയ്ക്ക് നെല്ലിക്കുപ്പത്തിന് സമീപമുള്ള ഗ്രാമങ്ങളിൽ നിന്നുള്ള സ്ത്രീകളും പെൺകുട്ടികളും ചേർന്ന് കെടിലം പുഴയിൽ കുളിക്കാൻ ഇറങ്ങിയിരുന്നു. എന്നാൽ നദിയിലെ നീരൊഴുക്ക് പൊടുന്നനെ വര്‍ധിച്ചതോടെ നീന്താനോ പൊങ്ങിക്കിടക്കാനോ സാധിക്കാതെ പുഴയിലുള്ളവര്‍ മുങ്ങി മരിക്കുകയായിരുന്നു. സംഭവസമയം ഇതിലെ കടന്നു പോയവര്‍ സ്ത്രീകളുടെ നിലവിളി കേട്ട് എത്തി മുങ്ങിപ്പോയവരെ രക്ഷിച്ച് കരയ്ക്ക് എത്തിച്ചെങ്കിലും എല്ലാവരും അതിനോടകം മരണപ്പെട്ടിരുന്നു.

Signature-ad

എ മോനിഷ (16), ആർ പ്രിയദർശിനി (15), സഹോദരി ആർ ദിവ്യദർശിനി (10), എം നവിത (18), കെ പ്രിയ (18), എസ് സങ്കവി (16), എം സുമുത (18) എന്നിവരാണ് മരിച്ചത് എന്നാണ് പ്രാഥമിക വിവരം. പ്രിയദർശിനിയും ദിവ്യദർശിനിയും ആയങ്കുറിഞ്ഞിപ്പാടി ഗ്രാമത്തിൽ നിന്നുള്ളവരാണ്, ബാക്കിയുള്ളവർ കടലൂർ ജില്ലയിലെ നെല്ലിക്കുപ്പത്തിനടുത്ത് എകുച്ചിപ്പാളയത്തിൽ നിന്നുള്ളവരാണ്.

Back to top button
error: