കൊച്ചി:തൃക്കാക്കരയിൽ എൽഡിഎഫ് പിന്നോട്ടല്ല മുന്നോട്ടാണ് പോയതെന്ന് കെ വി തോമസ്.കെ വി തോമസിനെ ഇറക്കിയിട്ടും വോട്ട് കിട്ടിയില്ലല്ലോ എന്ന പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.താന്‍ അവസരവാദിയാണ് എന്ന പ്രതീതി ഉണ്ടാക്കിയത് മാധ്യമങ്ങളാണെന്നും കെ വി തോമസ് പറഞ്ഞു.
2021-ൽ എൽഡിഎഫ് തൃക്കാക്കരയിൽ നേടിയത് 45510 വോട്ടുകളാണ്.ഇത്തവണ അത് 47752 ആയി ഉയർത്തി.അതായത് 2242 വോട്ടുകൾ ഇത്തവണ എൽഡിഎഫ് അധികമായി നേടി.കോണ്‍ഗ്രസ്സിന്റെ ഉരുക്കു കോട്ടയില്‍ വോട്ട് കൂടിയത് വലിയ കാര്യം തന്നെയാണ്.യുഡിഎഫിനൊപ്പം എസ്ഡിപിഐ, ട്വന്റി ട്വന്റി,ആം ആദ്മി പാർട്ടി, വെൽഫെയർ പാർട്ടി പിന്നെ എന്നത്തേയും പോലെ വോട്ട് മറിക്കാൻ ബിജെപിയും.ഇവരോടെല്ലാം മത്സരിച്ചാണ് എൽഡിഎഫ് ഈ നേട്ടം കൊയ്തത്. കഴിഞ്ഞ തവണ ലഭിച്ച ബിജെപിയുടെ അയ്യായിരത്തോളം വോട്ടുകൾ എവിടെപ്പോയി എന്നും കെ വി തോമസ് ചോദിച്ചു.
സെബാസ്റ്റ്യന്‍ പോളിന്റെ പ്രസ്താവനയോട് പ്രതികരണത്തിനില്ലെന്നും തനിക്കെതിരെ നടക്കുന്നത് രൂക്ഷമായ സൈബര്‍ ആക്രമണമാണ് എന്നും കെ വി തോമസ് പറഞ്ഞു.ഓരോരുത്തരും അതാത് നിലവാരം കാണിക്കുന്നു.എല്ലാവരും ഈ രീതിയില്‍ ആക്രമിക്കുന്നത് കാണുമ്ബോള്‍ താന്‍ ഒരു സ൦ഭവമാണല്ലോ എന്ന തോന്നലുണ്ട് എന്നും ചിരിയോടെ കെ വി തോമസ് കൂട്ടിച്ചേർത്തു.
സില്‍വര്‍ ലൈന്‍ സ൦സ്ഥാനത്തിന് ആവശ്യമാണ്.തന്‍റെ നിലപാടില്‍ മാറ്റമില്ല. തെരഞ്ഞെടുപ്പില്‍ ഇതെങ്ങനെ ബാധിച്ചുവെന്നത് സിപിഎം പരിശോധിക്കും.താന്‍ എല്‍ ഡി എഫിന്റെ ഭാഗമല്ല.ഒപ്പം നില്‍ക്കാന്‍ സ്ഥാനങ്ങള്‍ ആവശ്യമില്ല എന്നും കെ വി തോമസ് വ്യക്തമാക്കി.