HealthLIFE

മഹാധമനി തകര്‍ന്ന ബീഹാറുകാരന് കരുതലുമായി സര്‍ക്കാര്‍

ലക്ഷങ്ങള്‍ ചെലവ് വരുന്ന അതിസങ്കീര്‍ണ ശസ്ത്രക്രിയ സൗജന്യമായി നടത്തി

തിരുവനന്തപുരം: മഹാധമനി തകര്‍ന്ന ബീഹാര്‍ സ്വദേശിയായ അതിഥിതൊഴിലാളിയ്ക്ക് കരുതലായി സംസ്ഥാന ആരോഗ്യ വകുപ്പ്. സാമ്പത്തികമായി സഹായിക്കാന്‍ ആരുമില്ലാതിരുന്ന ബീഹാര്‍ സ്വദേശി മനോജ് ഷായെയാണ് (42) എല്ലാമെല്ലാമായി നിന്ന് സ്വകാര്യ ആശുപത്രികളില്‍ 25 ലക്ഷത്തോളം രൂപ ചെലവ് വരുന്ന അതിസങ്കീര്‍ണ ശസ്ത്രക്രിയ കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. നെഞ്ചിലേയും വയറിലേയും മഹാധമനി മാറ്റിവച്ച് കരള്‍, ആമാശയം, വൃക്ക, സുഷുമ്‌ന നാഡി എന്നിങ്ങനെ പ്രധാന അവയവങ്ങളിലേക്ക് രക്തം എത്തിക്കാനുള്ള ശസ്ത്രക്രിയയാണ് നടത്തിയത്. അതി സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കും ശേഷം മനോജ് ഷാ ആശുപത്രി വിട്ടു.

അതിസങ്കീര്‍ണ ശസ്ത്രക്രിയ വിജയകരമാക്കിയ കോട്ടയം മെഡിക്കല്‍ കോളേജ് ടീം അംഗങ്ങളേയും ചികിത്സാ പദ്ധതി ഏകോപിപ്പിച്ച സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി അംഗങ്ങളേയും ആരോഗ്യ വകുപ്പ് വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിനെ ഫോണില്‍ വിളിച്ചാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്. ഹൃദയ ശസ്ത്രക്രിയയും, കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുമെല്ലാം വിജയകരമായി നടത്തുന്ന കോട്ടയം മെഡിക്കല്‍ കോളേജ് അഭിമാനമാണെന്ന് മന്ത്രി പറഞ്ഞു.

മേയ് ഒന്നാം തീയതിയാണ് അതീവ ഗുരുതരാവസ്ഥയില്‍ മനോജ് ഷായെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചത്. ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള പരിശോധനയില്‍ മഹാധമനി തകര്‍ന്നതായി കണ്ടെത്തി. അടിയന്തര സങ്കീര്‍ണ ശസ്ത്രക്രിയ നടത്തിയേ പറ്റു. അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ നിറയെ വെല്ലുവിളികളായിരുന്നു മുന്നില്‍. അഥിതിതൊഴിലിനായി തന്റെയൊപ്പം വന്ന പ്രദീപ് എന്ന സഹോദരന്‍ മാത്രമാണ് കൂടെയുള്ളത്. അടിയന്തര ശസ്ത്രക്രിയയ്ക്കും, അതിനനുബന്ധമായ മറ്റ് സംവിധാനങ്ങള്‍ക്കും വേണ്ട പണം സമാഹരിക്കുക പ്രദീപിനെ സംബന്ധിച്ച് അസാധ്യമായിരുന്നു. പ്രദീപ് തന്റെ നിസഹായാവസ്ഥ ഡോ. ജയകുമാറിനെ അറിയിച്ചു.

ആശുപത്രി ചെലവുകളെല്ലാം വഹിക്കാമെങ്കിലും ശസ്ത്രക്രിയയ്ക്കും അനുബന്ധ ചെലവുകള്‍ക്കുമുള്ള പണം വെല്ലുവിളിയായി. അങ്ങനെയാണ് സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി സഹായമൊരുക്കിയത്. കാസ്പിന്റെ പോര്‍ട്ടബിലിറ്റി സംവിധാനത്തിലൂടെയാണ് മനോജ് ഷായ്ക്ക് സൗജന്യ ചികിത്സയ്ക്ക് ശ്രമമാരംഭിച്ചത്. ബീഹാറില്‍ നിന്നും രോഗിയുടെ ചികിത്സാ കാര്‍ഡ് ലഭ്യമാക്കണം. അതിനായി രോഗിയുടെ വിരലടയാളം നിര്‍ബന്ധമാണ്. ഐ.സി.യുവില്‍ പ്രത്യേകം ക്രമീകരിച്ച ലാപ്‌ടോപ് ഉപയോഗിച്ചാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ ഈ സാങ്കേതിക പ്രശ്‌നം മറികടന്നത്. അങ്ങനെ ബീഹാറില്‍ നിന്ന് ദ്രുതഗതിയില്‍ ചികിത്സാ കാര്‍ഡ് ലഭ്യമാക്കി മനോജ് ഷായ്ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി.

ഇത്രയും നൂലാമലകളുണ്ടായിട്ടും അതൊന്നും നോക്കാതെ അന്നുതന്നെ മനോജ് ഷായുടെ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ്ക്ക് ശേഷവും മനോജ് ഷായ്ക്ക് അസ്വസ്ഥകൾ ഉണ്ടായതിനാല്‍ തുടര്‍ ശസ്ത്രക്രിയയും ആവശ്യമായി വന്നു. ഐസിയു നിരീക്ഷണത്തിനും തുടര്‍ചികിത്സയ്ക്കും ശേഷം മനോജ് ഷാ ആശുപത്രി വിട്ടു. സഹായിക്കാന്‍ ആരുമില്ലാതിരുന്നിട്ടും മറുനാട്ടില്‍ തന്നെ സഹായിച്ച ഡോ. ജയകുമാറിനോടും സഹപ്രവര്‍ത്തകരോടും നിറകണ്ണുകളോടെ നന്ദി പറഞ്ഞ് മനോജ് ഷാ ആശുപത്രി വിട്ടു. ഇനി സ്വദേശത്തേയ്ക്ക് മടങ്ങണം. ഭാര്യയേയും മൂന്ന് കുഞ്ഞുമക്കളെയും എത്രയും വേഗം കാണാനുള്ള ശ്രമത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: