കോഴിക്കോട്: മാവൂർറോഡിലെ മാളിൽ പട്ടാപ്പകൽ പൊലീസ് ചമഞ്ഞ് പത്ത് ലക്ഷം കവർന്ന കേസിലെ പ്രതികൾ പിടിയിൽ. കണ്ണൂർ സ്വദേശിയും വർഷങ്ങളായി മലപ്പുറം പറമ്പിൽപീടിക ഭാഗങ്ങളിൽ വാടകക്ക് താമസിക്കുന്ന നവാസ് കെ പി (45), കണ്ണൂർമാടായി സ്വദേശി ബാബു എന്ന ഷാജിദ് ആരീപ്പറമ്പിൽ (43), ആലപ്പുഴ ചുങ്കംവാർഡിൽ കരുമാടിപ്പറമ്പ് കെ എൻ സുഭാഷ് കുമാർ (34), തിരുവനന്തപുരം വെള്ളനാട് സ്വദേശി ജിജോ ലാസർ (29) എന്നിവരാണ് പാലക്കാട് കൊളപ്പുള്ളിയിലെ ആഡംബര ഹോട്ടലിൽ നിന്നും പിടിയിലായത്. മറ്റൊരു പ്രതിയായ കണ്ണൂർ പിലാത്തറ സ്വദേശി ഇഖ്ബാലിനെ സംഭവ ദിവസം തന്നെ അറസ്റ്റ്ചെയ്തിരുന്നു.
കോഴിക്കോട് ഡി സി പി ആമോസ് മാമന്‍റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് എ സി പി ജോൺസൺ എ ജെയുടെ കീഴിലുള്ള ഡാൻസാഫ് സ്ക്വാഡും നടക്കാവ് ഇൻസ്പെക്ടർ അലവിയുടെ നേതൃത്വത്തിൽ എസ് ഐ മനോജും സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്. ഒരു കിലോ സ്വർണ്ണം വെറും പത്തുലക്ഷം അഡ്വാൻസ് നൽകി ബാക്കിതുക എഗ്രിമെൻറ് തയ്യാറാക്കി ഘട്ടം ഘട്ടമായി നൽകിയാൽ മതിയെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ഹോട്ടലുകളിൽ വിളിച്ചു വരുത്തി ‘ഡീലിങ്ങ്’ നടത്തുകയാണ് ഇവരുടെ തട്ടിപ്പ് രീതി. സംഘത്തിൽപ്പെട്ട നാലഞ്ചുപേരിൽ ഒരാൾ സി ഐ റാങ്കിലുള്ള ഓഫീസറായും മറ്റുള്ളവർ പൊലീസ് ആയും വന്ന് പണം കൈക്കലാക്കി കടന്നുകളയുകയാറാണ് പതിവ്. പിടിക്കപ്പെട്ടാൽ ആക്രമിച്ച് പണം കവരുകയും ചെയ്യും. പൊലീസിന്റെ വേഷവിധാനവും, ശരീരഭാഷയും, സംഘാംഗങ്ങളെപോലും പരാതിക്കാരുടെ മുന്നിൽ വെച്ച് മർദ്ദിക്കുന്ന രീതിയും ആർക്കും ഒരുതരത്തിലുമുള്ള സംശയം തോന്നാത്ത വിധത്തിലുള്ള അഭിനയവുമാണ് ഇവരുടെ പ്രത്യേകത.
കഴിഞ്ഞമാസം പതിനാറാം തിയ്യതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരാതിക്കാർക്ക് സംശയം തോന്നി യഥാർത്ഥ പൊലീസിനെ വിളിക്കാൻ ശ്രമിച്ചപ്പോഴാണ് ഇവരുടെ ആക്രമണത്തിൽ പയ്യോളി സ്വദേശിയായ പരാതിക്കാരന് പരിക്കേറ്റത്. പ്രതികളിൽപ്പെട്ട ഷാജിദ് മാളിന്‍റെ ആറാം നിലയിലെ റൂമിന്‍റെ ബാത്ത്റൂമിലെ വിൻഡോയിലൂടെ താഴേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. സംഭവം കഴിഞ്ഞ ഉടനെ പലഭാഗത്തേക്ക് രക്ഷപ്പെട്ട പ്രതികൾ വളാഞ്ചേരിയിൽ ഒരുമിച്ചുകൂടുകയും മൊബൈൽ ഫോണുകൾ സ്വിച്ച്ഓഫ്ചെയ്ത് പലസ്ഥലങ്ങളിലേക്ക് ഒളിവിൽ പോകാൻ തീരുമാനിക്കുകയുംചെയ്തു.
എറണാകുളം, തിരുവനന്തപുരം, കോയമ്പത്തൂർ, ചെന്നൈ, തുടങ്ങിയ സ്ഥലങ്ങളിൽ ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് ആർഭാഢ ജീവിതം നയിച്ചു വരവെ ജൂൺ മൂന്നാം തിയ്യതിയിലെ സുഭാഷിന്‍റെ ബർത്ത്ഡേ ആഘോഷിക്കാൻ കൊളപ്പുള്ളിയിലെ ആഡംബര ഹോട്ടലിൽ മുറിയെടുത്ത് ആഘോഷത്തിന് തയ്യാറെടുക്കവെയാണ് ബർത്ത് ഡേ സർപ്രൈസ് ആയി പൊലീസ് എത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സംഘാംഗങ്ങൾ ഒരുമിച്ച് ഒരു ‘ഓപ്പറേഷൻ’ നടത്തി പല ഭാഗത്തേക്ക് ‘തെറിക്കുകയും’ അടുത്ത ഓപ്പറേഷന് തയ്യാറാവുമ്പോൾ ഒന്നിച്ചു കൂടുകയുംചെയ്യുന്നതാണ് രീതി. വ്യാജപേരുകളിലും, വ്യാജ മൊബൈൽനമ്പർ, വ്യാജനമ്പർ ഘടിപ്പിച്ച വാഹനങ്ങൾ തുടങ്ങിയവ ഉപയോഗിച്ചാണ് ഇവർ ഇരകളുമായി ബന്ധപ്പെട്ടിരുന്നത്. ഓപ്പറേഷൻ വിജയിച്ചു കഴിഞ്ഞാൽ സിം നശിപ്പിച്ചു കളയും. വ്യാജ രേഖകൾ ഉപയോഗിച്ചായിരിക്കും റൂം എടുക്കുക. ഈ സംഭവം നടന്നമാളിൽ തമിഴ്നാട് സ്വദേശിയുടെ ഐ ഡി പ്രൂഫിന്‍റെ കോപ്പിയാണ് നൽകിയത്. അങ്ങനെ ഇരകളാക്കപ്പെടുന്നവർക്ക് ഒരു തെളിവും അവശേഷിപ്പിക്കാത്ത രീതിയിൽ നടത്തുന്ന ഓപ്പറേഷൻ ആയതിനാൽ പലർക്കും പരാതി നൽകാൻ സാധിക്കാറില്ല. പരാതി നൽകിയാൽ തന്നെ പൊലീസിന് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻസാധിക്കാറില്ല.
എന്നാൽ പൊലീസ് ചമഞ്ഞ് നടത്തിയ ഓപ്പറേഷൻ ആയതിനാൽ ഡി സി പി ആമോസ് മാമന്‍റെ മേൽനോട്ടത്തിൽ നടക്കാവ് പൊലീസും, ഡാൻസാഫ് സ്ക്വാഡും അന്വേഷണം നടത്തിയാണ് മൂന്നാഴ്ചക്കുള്ളിൽ പ്രതികളെ ശാസ്ത്രീയ അന്വേഷണത്തിലൂടെ വലയിലാക്കാൻ സാധിച്ചത്. പല ജില്ലകളിലുംപ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ ഇവർക്ക് ഏജൻറുമാർ ഉണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ച് വരികയാണ്. കൂടാതെ ഇവർക്ക് വ്യാജ സ്വർണ്ണം നൽകുന്നവരെ കുറിച്ചും പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. സംഭവദിവസം വ്യാജ നമ്പർ ഘടിപ്പിച്ച് ഉപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യഥാർത്ഥ ഉടമയെകുറിച്ച് പൊലീസിന് വിവരംലഭിച്ചിട്ടുണ്ട്. ഡാൻസാഫ് സബ്ബ് ഇൻസ്പെക്ടർ ഒ മോഹൻദാസ്, എസ് സി പി ഒമാരായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, സി പി ഒ അർജുൻ അജിത്ത് നടക്കാവ്സ്റ്റേഷനിലെ എ എസ് ഐ വിജയൻ, സി പി ഒ സുജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.