ദില്ലി: പഞ്ചാബിൽ സുരക്ഷ പിൻവലിച്ച് നടപടിയിൽ ആംആദ്മിസർക്കാരിന് കോടതിയിൽ തിരിച്ചടി. ഈ മാസം ഏഴിനകം 424 പേരുടെയും സുരക്ഷ പുനസ്ഥാപിക്കാൻ പഞ്ചാബ്- ഹരിയാന ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. സുരക്ഷ പിൻവലിച്ച് നടപടിയെ ചോദ്യം ചെയ്ത് അകാലിദൾ എംഎൽഎ നൽകി ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
സുരക്ഷ പിൻവലിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസെവാല കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് എംഎൽഎ കോടതിയെ സമീപിച്ചത്. ഇതിനിടെ പഞ്ചാബ് പൊലീസിന് തന്നെ ചോദ്യം ചെയ്യലിന് വിട്ടു നൽകിയ ജീവൻ അപകടത്തിലാകുമെന്ന് കാണിച്ച് ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയ് സമർപ്പിച്ച ഹർജി കോടതി തള്ളി. നിലവിൽ ഇത്തരം ഒരു ഹർജിയുടെ കാര്യമില്ലെന്ന് കോടതി വ്യക്തമാക്കി. കേസിൽ ബിഷ്ണോയ് പ്രതിയല്ലെന്നും കോടതി വ്യക്തമാക്കി.
ലോറൻസ് ബിഷ്ണോയിയുടെ നിർദ്ദേശപ്രകാരമായിരുന്നു സിദ്ദു വിനെ കൊലപ്പെടുത്തിയതെന്നാണ് പഞ്ചാബ് പൊലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ ദില്ലി പൊലീസ് സ്പെഷ്യൽ സെൽ ലോറൻസ് ബിഷ്ണോയിയെ ചോദ്യം ചെയ്ത് വരികയാണ്. സുരക്ഷ പിൻവലിച്ചതിന് പിന്നാലെ സിദ്ദു മൂസൈവാല കൊല്ലപ്പെട്ടതിൽ പ്രതിപക്ഷം എഎപി സർക്കാരിനെ പ്രതികൂട്ടിലാക്കിയിരുന്നു. സർക്കാരിനെതിരെ പ്രതിഷേധവും ശക്തമാണ്. കൊലപാതകത്തിൽ ജൂഡീഷ്യൽ അന്വേഷണവും പുരോഗമിക്കുകയാണ്. സിദ്ദുവിന്റെ സുരക്ഷ പിൻവലിച്ചതിലും സർക്കാർ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
പഞ്ചാബ് മാന്‍സയിലെ ജവഹര്‍കേയിലെയിൽ വെച്ചാണ് സിദ്ദു വെടിയേറ്റ് മരിച്ചത്. എഎപി സർക്കാർ സുരക്ഷ പിൻവലിച്ച് 24 മണിക്കൂറിനുള്ളിലാണ് മൂസേവാല വെടിയേറ്റ് മരിക്കുന്നത്. മാൻസയിൽ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് കാറിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കവേയായിരുന്നു ആക്രമണം. കാറിന് നേരെ ആക്രമികൾ മുപ്പത് റൗണ്ട് വെടിവച്ചു. ആക്രമണത്തിൽ രണ്ട് സുഹൃത്തുക്കൾക്കും പരിക്കേറ്റു.