ഈയിടെ ഒരു അന്തേവാസി കുത്തേറ്റ് മരിച്ചു. പിന്നാലെ മഞ്ചേരി സ്വദേശിയായ മറ്റൊരന്തേവാസി ആത്മഹത്യ ചെയ്തു. ഇപ്പോൾ റിമാൻഡ് പ്രതി രക്ഷപ്പെടുന്നതിനിടയിൽ ബൈക്ക് അപകടത്തിൽ മരിച്ചു.
കുതിരവട്ടം ഗവ.മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷ കേവലം വ്യർത്ഥമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. കഴിഞ്ഞ 3 മാസത്തിനുള്ളിൽ മതിൽ ചാടിയും ശുചിമുറിയുടെ ചുമർ സ്പൂൺകൊണ്ടു തുരന്നുമൊക്കെ 6 പേർ രക്ഷപെട്ടിട്ടും സുരക്ഷ വർധിപ്പിക്കാൻ അധികൃതർക്കു കഴിഞ്ഞിട്ടില്ല.
ഫെബ്രുവരിയിൽ അന്തേവാസികൾ തമ്മിലുള്ള അടിപിടിക്കിടെ ഇതര സംസ്ഥാന യുവതി മരിച്ചതോടെ കുതിരവട്ടത്തെ സുരക്ഷ ഏറെ വിവാദമായിരുന്നു. ഇതേ തുടർന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേരുകയും സുരക്ഷ വർധിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ മൂന്ന് മാസം കഴിഞ്ഞിട്ടും തീരുമാനം നടപ്പായില്ല.
കഴിഞ്ഞ ദിവസം തടവു ചാടിയ റിമാൻഡ് പ്രതി ശുചിമുറിയുടെ ചുമർ തുരന്നാണു രക്ഷപ്പെട്ടത്. കുതിരവട്ടത്തെ പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങൾ ആർക്കു വേണമെങ്കിലും തുരന്നു പുറത്തു പോകാൻ കഴിയും.
പഴകിയ കെട്ടിടങ്ങൾ അടക്കം പൊളിച്ചു മാറ്റി പുതിയവ നിർമിക്കണമെങ്കിൽ മാസ്റ്റർ പ്ലാനിന് അംഗീകാരം കിട്ടണം. 400 കോടി രൂപയുടെ മാസ്റ്റർ പ്ലാനും 100 കോടി രൂപയുടെ ഡിപിആറും അംഗീകാരത്തിന്റെ അന്തിമ ഘട്ടത്തിലാണെന്നു പറയാൻ തുടങ്ങിയിട്ടു തന്നെ മാസങ്ങളായി. എന്നാൽ ഇത് ഇതുവരെ യാഥാർഥ്യമായിട്ടില്ല. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം നീട്ടിക്കൊണ്ടു പോവുകയാണത്രേ.
സുരക്ഷാ ജീവനക്കാരുടെ ഒഴിവുള്ള തസ്തികയിലേക്കുള്ള നിയമനവും പൂർത്തിയായിട്ടില്ല. പ്രത്യേക വൈദഗ്ധ്യം ഉള്ള ആരെയും നിയമിച്ചിട്ടില്ല . ആശുപത്രി വളപ്പിൽ ചുറ്റി നടന്നു നിരീക്ഷണം നടത്താൻ ഒരേ സമയം 2 പേരെ നിയമിക്കും, സിസിടിവി നിരീക്ഷിക്കാൻ പ്രത്യേക ജീവനക്കാരെ നിയമിക്കും എന്നൊക്കെ പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. ചുറ്റുമതിലിന്റെ ഉയരം വർധിപ്പിക്കുമെന്നു പറഞ്ഞതു പോലും നാമമാത്രമായിട്ടാണ് നടപ്പാക്കിയത്.
മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസം രക്ഷപെട്ടത് ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയായ യുവാവാണ്. വെറും സ്പൂണ്‍ ഉപയോഗിച്ചാണ് പ്രതി ചുവർ തുറന്നത്. കെട്ടിടത്തിന്റ കാലപ്പഴക്കം രക്ഷപ്പെടാന്‍ സഹായകമായിട്ടുണ്ട്. പൊലീസ് റജിസ്റ്റര്‍ ചെയ്ത മിസിംഗ് കേസിന്റ അന്വേഷണം പ്രതി അപകടത്തില്‍പെട്ട് മരിച്ചതോടെ അവസാനിച്ചു. പക്ഷെ റിമാന്‍ഡ് തടവുകാരന് ശുചിമുറിയുടെ ചുവർ തുരന്ന് രക്ഷപെട്ടതിന്റ ഉത്തരവാദിത്തം ആര്‍ക്കെന്ന തര്‍ക്കം നീളുകയാണ്.
ജില്ലാ ജയിലില്‍ മാനസിക വിഭ്രാന്തി കാട്ടിയതിനെത്തുടര്‍ന്ന് കഴിഞ്ഞ 24 നാണ് യുവാവിനെ പൊലീസ് മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. ഇതോടെ സുരക്ഷ ചുമതല മാനസികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് എന്നാണ് പൊലീസ് പറയുന്നത്. റിമാന്‍ഡ് തടവുകാരുടെ സുരക്ഷ ചുമതല മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ തലയില്‍ മാത്രമായി കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നാണ് ഡി.എം.ഒ സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സെല്ലിന് പുറത്ത് പൊലീസുകാരുണ്ടായിരുന്നുവെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാണിക്കുന്നു. അടിയന്തിരമായി സുരക്ഷാജീവനക്കാരെ നിയമിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം പോലും കുതിരവട്ടത്ത് നടപ്പായില്ല.
ഇതിനിടെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോ. കെ.സി.രമേശനെ സര്‍വീസില്‍നിന്നും സസ്പെന്‍ഡ് ചെയ്തു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ട രോഗി മരണപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടില്‍ സൂപ്രണ്ടിന്റെ ഭാഗത്തുനിന്നും കൃത്യവിലോപം സംഭവിച്ചതായി കണ്ടെത്തി. ആശുപത്രിയിലെ തുടര്‍ച്ചയായുണ്ടാകുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന് അനാസ്ഥ കാണിക്കുന്ന സൂപ്രണ്ടിനെതിരെ നടപടി വേണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്.