കോഴിക്കോട്: പുന്നശ്ശേരി കുട്ടമ്പൂർ സ്വദേശിനി അശ്വതി ഒട്ടേറെ ദുരൂഹതകളോടെയാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. വീട്ടുകാർ പൊലീസ് പരാതി നൽകിയെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്ന് പറയുന്നു. മാങ്കാവ് മിനി ബൈപാസിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അശ്വതി (29) മേയ് 20നാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
19ന് പതിവുപോലെ ജോലിക്കുപോയ അശ്വതി വൈകീട്ടോടെ എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായെന്ന് സഹോദരൻ അശ്വിനെ ഫോണിൽ അറിയിക്കുകയായിരുന്നു. ബന്ധുക്കൾ ആശുപത്രിയിലെത്തിയതിനു ശേഷം രാത്രിയിൽ ആരോഗ്യ നില കൂടുതൽ മോശമായതോടെ അശ്വതിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഐ.സി.യുവിൽ ചികിത്സയിലിരിക്കെ 20നാണ് മരണപ്പെട്ടത്.
അശ്വതി അമിതമായി ഗുളിക കഴിച്ചു എന്നാണ് ഡോക്ടർമാർ ബന്ധുക്കളോട് പറഞ്ഞത്.
തുടർന്ന് ബന്ധുക്കളുടെ അന്വേഷണത്തിൽ 19ന് വീട്ടിൽ നിന്ന് ജോലിക്കുപോയ ഇവർ ആ ദിവസം ജോലിസ്ഥലത്ത് എത്തിയിരുന്നില്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇതോടെയാണ് മരണത്തിൽ ദുരൂഹത ഉയർന്നത്. തുടർന്നാണ് സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കാക്കൂർ പൊലീസിൽ പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്ന് പിതാവ് കെ. ബാലകൃഷ്ണനും സഹോദരൻ ഒ. അശ്വിനും വ്യക്തമാക്കി. ഇത്ര ദിവസമായിട്ടും അശ്വതിയുടെ മൊബൈൽഫോൺ പോലും പൊലീസ് പരിശോധിച്ചിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കാത്തതിനാൽ മരണ കാരണത്തിലെ പ്രാഥമിക നിഗമനം പോലും അറിയില്ല.
ജോലിക്കുപോയ അശ്വതി അന്ന് പകൽ മുഴുവൻ എവിടെയായിരുന്നു എന്നും ആരാണ് അവശ നിലയിൽ ആശുപത്രിയിൽ എത്തിച്ചത് എന്നതും വ്യക്തമല്ല. ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ ആരാണ് ആശുപത്രിയിലെത്തിച്ചതെന്ന് വ്യക്തമാകുമെങ്കിലും ഈ നിലക്കുള്ള നടപടികളൊന്നും പൊലീസ് സ്വീകരിച്ചിട്ടില്ല. ഓട്ടോയിലാണ് അശ്വതി ആശുപത്രിയിലെത്തിയത് എന്നാണ് ലഭിച്ച സൂചനയെന്ന് ബന്ധുക്കൾ പറഞ്ഞു. അശ്വതിയുടെ ഭർത്താവ് അഖിലേഷ് എട്ടുമാസം മുമ്പ് ഗൾഫിലേക്ക് പോയിരുന്നു.
ഭാര്യയുടെ മരണവിവരമറിഞ്ഞ് നാട്ടിലെത്തിയ അഖിലേഷിൻ്റെയും ബന്ധുക്കളുടെയും മൊഴിയെടുത്തിട്ടുണ്ട് പൊലീസ്. അശ്വതി ആശുപത്രിയിലെ ജീവനക്കാരുമായി നിരന്തരം സംസാരിച്ചതും പണമിടപാടുകൾ നടത്തിയതും സംശയകരമാണെന്നും ബന്ധുക്കൾ പറയുന്നു. മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നു ആവശ്യവുമായി ബന്ധുക്കൾ മുഖ്യമന്ത്രി അടക്കമുള്ളവർക്കു പരാതി നൽകിയിട്ടുണ്ട്.