ഒരു കാലത്ത് മലയാളത്തിലെ ആക്ഷൻ കിംഗായിരുന്നു ബാബു ആന്റണി. മുടി നീടി വളര്‍ത്തിയ ബാബു ആന്റണി അക്കാലത്തെ യുവാക്കളുടെ ഹരമായിരുന്നു. ഇപ്പോഴിതാ അതേ ലുക്കില്‍ ബാബു ആന്റണി വീണ്ടുമെത്തുകയാണ്. പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലാണ് പഴയ ലുക്ക് അനുസ്‍മരിപ്പിക്കുന്ന വേഷത്തില്‍ ബാബു ആന്റണി എത്തുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടു.
പവർ സ്റ്റാറിന്‍റെ സംവിധായകൻ ഒമർ ലുലു തന്നെയാണ് ഫസ്റ്റ് ലുക്ക് പങ്കുവച്ചത്. ‘ഒരുപാട് നാളത്തെ എന്റെ ഒരു വലിയ സ്വപ്നം പൂവണിയാൻ കൂടെ കട്ടയക്ക് നിന്ന എന്റെ എല്ലാ ചങ്ക് ബഡീസിനും ഡെന്നീസ് ജോസഫ് സാറിനും ഹൃദയത്തിൽ നിന്നുള്ള നന്ദി. ഒരുപാട് പ്രതീക്ഷയോടെ നിങ്ങളുടെ മുന്നിൽ ഞങ്ങൾ ഇതാ പവർസ്റ്റാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമർപ്പിക്കുന്നു’ എന്ന കുറിപ്പോടെയാണ് ഫസ്റ്റ് ലുക്ക് പങ്കുവച്ചിരിക്കുന്നത്.
പ്രമുഖ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്‍റെ അവസാന തിരക്കഥ എന്ന പ്രത്യേകതയോടെയാണ് ചിത്രം എത്തുന്നത്. ബാബു ആന്‍റണി വീണ്ടും ആക്ഷന്‍ ഹീറോ പരിവേഷത്തിലെത്തുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതലേ പ്രേക്ഷക ശ്രദ്ധയിലുള്ള ചിത്രവുമാണ്. പത്തു വർഷങ്ങൾക്കു ശേഷമാണു ബാബു ആന്റണി മലയാള സിനിമയില്‍ നായകനായി തിരിച്ചെത്തുന്നത്. മുഴുനീള ആക്ഷന്‍ ചിത്രത്തിന്‍റെ നിര്‍മ്മാണം റോയൽ സിനിമാസും ജോയ് മുഖർജി പ്രൊഡക്ഷൻസും ചേർന്നാണ്.
ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണിത്. നായികയും പ്രണയവും കോമഡി രംഗങ്ങളും ഇല്ലാതെ ആക്ഷന് മാത്രം പ്രാധാന്യം നൽകി ചെറിയ പിരീഡിൽ നടക്കുന്ന കഥ പറയുന്ന ചിത്രമായിരിക്കും ‘പവർസ്റ്റാർ’ എന്ന് ഒമർ ലുലു നേരത്തെ പറഞ്ഞിരുന്നു. നീണ്ട മുടിയും കാതിൽ കുരിശിന്റെ കമ്മലുമിട്ട് മാസ് ലുക്കിലാണ് ചിത്രത്തിൽ ബാബു ആന്റണി എത്തുന്നത്. ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ബാബു ആന്റണിയുടെ പഴയ ലുക്കിനെ ഓർമ്മപ്പെടുത്തുന്നതിനാണ് ചിത്രത്തിലെ ലുക്കെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
കഥ, തിരക്കഥ, ഡെന്നിസ് ജോസഫ്, ഛായാഗ്രഹണം സിനു സിദ്ധാർഥ്, ആക്ഷൻ ദിനേശ് കാശി, എഡിറ്റിംഗ് ജോൺ കുട്ടി, സ്പോട്ട് എഡിറ്റർ രതിൻ രാധാകൃഷ്ണൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സ്വപ്‌നേഷ് കെ നായർ, കലാസംവിധാനം ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം ജിഷാദ് ഷംസുദ്ദീന്‍, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഗിരീഷ് കറുവാന്തല, മാനേജർ: മുഹമ്മദ് ബിലാൽ, ലൊക്കേഷൻ മാനേജർ: സുദീപ് കുമാർ, സ്ക്രിപ്റ്റ് അസ്സിസ്റ്റന്റ്സ് ഹൃഷികേശ്, സയ്യിദ്, സ്റ്റീൽസ് അജ്‍മൽ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ദിയ സന, റൊമാരിയോ പോൾസൺ, ഷിഫാസ്, ഷിയാസ്, ടൈറ്റിൽ ഡിസൈൻ ജിതിൻ ദേവ്, പിആർഒ പ്രതീഷ് ശേഖർ.