KeralaNEWS

പി.ടി.എ ഫണ്ട് എന്ന പേരിൽ സ്കൂളുകളിൽ നിർബന്ധിത പിരിവ് നടത്തിയാൽ നടപടി

      തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ പി.ടി.എ ഫണ്ട് എന്ന പേരിൽ രക്ഷിതാക്കളിൽനിന്ന് നിർബന്ധിത പിരിവ് നടത്തരുതെന്നും നടത്തിയാൽ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. പി.ടി.എ ഫണ്ട് പിരിക്കുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം പ്രധാനാധ്യാപകർക്ക് ആയിരിക്കണം. രക്ഷിതാക്കളുടെ കഴിവിന് അനുസരിച്ചുള്ള തുക മാത്രമേ ഈടാക്കാവൂ.

വിദ്യാർഥികളോട് വിവേചനത്തോടെ പെരുമാറുന്ന സ്വകാര്യ ബസുകൾക്കെതിരെയും നടപടിയുണ്ടാകും. കുട്ടികളെ സ്കൂളിലെത്തിക്കുന്ന വാഹനങ്ങളിലെ ജീവനക്കാർക്ക് പൊലീസിന്റെ സ്വഭാവസർട്ടിഫിക്കറ്റ് നിർബന്ധമാണ്. രാവിലെയും വൈകിട്ടും സ്കൂളുകൾക്ക് മുന്നിൽ പൊലീസ് സേവനമുണ്ടാകും. സ്‌കൂൾ പരിസരത്തെ കടകളിൽ ലഹരിയും നിരോധിത വസ്തുക്കളും വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പരിശോധന നടത്തും.

സ്കൂൾ പ്രവേശനോത്സവത്തിന് എയ്ഡഡ് സ്കൂളുകൾക്കും 71 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മറിച്ചുള്ള പ്രചാരണം ശരിയല്ല. ഈ സാമ്പത്തിക വർഷം പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 312.88 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകി. പഠനമികവ് ഉയർത്തുന്ന വിവിധ പദ്ധതികൾക്കൊപ്പം കലോത്സവവും കായിക, ശാസ്ത്ര മേളകളും അടക്കം പാഠ്യേതര പ്രവർത്തനങ്ങൾക്കും തുക മാറ്റിവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Back to top button
error: