KeralaNEWS

മഹീന്ദ്ര കമ്പനി വഴിപാടായി സമര്‍പ്പിച്ച ഗുരുവായൂരിലെ ഥാര്‍ പുനര്‍ലേലം ജൂൺ 6ന് രാവിലെ 11 മണിക്ക് , കൂടുതല്‍ പേര്‍ എത്തും

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാര്‍ വാഹനത്തിന്റെ പുനര്‍ലേലം ഈ മാസം ആറിന് രാവിലെ 11 മണിക്ക് ക്ഷേത്ര പരിസരത്ത് നടക്കും. നേരത്തെ ഈ വാഹനം 15.10 ലക്ഷത്തിന് പ്രവാസിയായ അമല്‍ മുഹമ്മദ് ലേലം കൊണ്ടിരുന്നു. ഇതിനെതിരെ ഹിന്ദുസേന സമാജം ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് പുനര്‍ലേലം നടത്തുന്നത്.

മഹീന്ദ്ര കമ്പനി ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ചതായിരുന്നു ഥാര്‍. ഇത് ലേലത്തിന് വെക്കുമ്പോള്‍ നിരവധി പേര്‍ ലേലത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒരാള്‍ മാത്രമായിരുന്നു എത്തിയത്.

Signature-ad

ഖത്തറില്‍ വ്യവസായിയും ഇടപ്പള്ളി സ്വദേശിയുമായ അമല്‍ മുഹമ്മദ് അലി എന്ന ചെറുപ്പക്കാരന്റെ പ്രതിനിധി മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്. ലിമിറ്റഡ് എഡിഷന് ഥാറിന് 15 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി ഗുരുവായൂര്‍ ദേവസ്വം നിശ്ചയിച്ചിരുന്നത്. ലേലം വിളിച്ചപ്പോള്‍ പതിനായിരം രൂപ അമലിന്റെ പ്രതിനിധി കൂട്ടിവിളിച്ചു. അതിനും മേലെ വിളിക്കാന്‍ വേറെ ആളില്ലാതെ വന്നതോടെ ലേലം അമലിന് ഉറപ്പിക്കുകയായിരുന്നു. ലേലം താല്‍ക്കാലികമായി ഉറപ്പിച്ചെങ്കിലും വാഹനം വിട്ടുനല്‍കുന്നതില്‍ പുനരാലോചന വേണ്ടിവന്നേക്കാമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ പ്രതികരിച്ചതോടെ ലേലതീരുമാനത്തില്‍ ആശയക്കുഴപ്പമായി. 2021 ഡിസംബര്‍ നാലിന് മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കു കാണിക്കയായി നല്‍കിയതാണ് ഈ വാഹനം. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണു ക്ഷേത്രത്തിലേക്കു മഹീന്ദ്ര കമ്പനി സമർപ്പിച്ചത്.
ലേലത്തിനെതിരെ ഹിന്ദു സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ ഥാര്‍ ലേലം നിയമപോരാട്ടത്തിലെത്തി. ഇരുകൂട്ടരേയും കേട്ട ശേഷമാണ് വീണ്ടും ലേലം ചെയ്യാനുള്ള തീരുമാനം ഭരണ സമിതിയെടുത്തത്.

Back to top button
error: