കൊച്ചി; തൃക്കാക്കരയില്‍ പോളിംഗ് ശതമാനത്തിലെ കുറവ് എല്‍ ഡി എഫിനാണ് ഗുണം ചെയ്യുകയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്.മണ്ഡലത്തില്‍ ജോ ജോസഫ് മെച്ചപ്പെട്ട ഭൂരിപക്ഷത്തില്‍ തന്നെ ജയിക്കുമെന്നും കൂടുതൽ ആളുകൾ ഉടൻതന്നെ കോൺഗ്രസ് വിടുമെന്നും കെ വി തോമസ് അവകാശപ്പെട്ടു.
ഉമ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം തെറ്റായിരുന്നുവെന്ന് കെ വി തോമസ് ആവര്‍ത്തിച്ചു.പി ടി തോമസിന്റെ പേരിലായിരുന്നു മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രചാരണം നടത്തിയത്. ഇതായിരുന്നോ പി ടി പുലര്‍ത്തിയ കാഴ്ചപ്പാട്.ബന്ധുക്കളും ഭാര്യയും മക്കളുമൊന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് ആഗ്രഹിച്ച വ്യക്തിയായിരുന്നു പി ടി തോമസ്. ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ സഹതാപ തരംഗമാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിച്ചത്, പക്ഷെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതോടെ അത് ചീറ്റി.കോൺഗ്രസിന്റെ ഉറച്ച ബൂത്തിൽ പോലും വോട്ട് കുറയാൻ കാരണം ഇതാണെന്ന് കെ വി തോമസ് കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിലെ ആഭ്യന്തര വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ അവരെ സാരമായി ബാധിച്ചിട്ടുണ്ട്.പ്രതിപക്ഷ നേതാവ് വിഡി സതീശന്റേത് ഏകപക്ഷീയമായ നിലപാടാണ്.തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന് പിന്നാലെ നിരവധി പേര്‍ കോണ്‍ഗ്രസ് വിട്ട് സി പി എമ്മില്‍ ചേരുമെന്നും കെ വി തോമസ് പറഞ്ഞു.