ഒന്നുകിൽ ആശാൻ്റെ നെഞ്ചത്ത്, അല്ലെങ്കിൽ കളരിക്കു പുറത്ത് എന്നതാണ് പി.സി ജോർജിൻ്റെ ശൈലി. തിരുവനന്തപുരത്ത് വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ അറസ്റ്റിലായ പി.സി. ജോർജിന് കർശനമായ മുന്നറിയിപ്പോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
എന്തു ഫലം, അടുത്ത ദിവസം കൊച്ചിയിലും മതവൈരത്തിൻ്റെ വിഷം ശർദ്ദിച്ചു. ഒടുവിൽ ആശാൻ അകത്തായി.
പിന്നീട് നീതി പീഠത്തിൻ്റെ കാരുണ്യത്താൽ ജയിൽമോചിതനായി. പക്ഷേ താൻ ഒരിഞ്ചുപോലും പിന്നോട്ടില്ല എന്നാണ് പി.സി യുടെ ഭാവം.
ഹൈക്കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് പൂജപ്പുര ജയിലിൽനിന്ന് പി.സി ജോർജിനെ മോചിപ്പിച്ചത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നു ജോർജ് പറഞ്ഞു. പിണറായി വിജയന്റെ ഒരു കളിയുടെ ഭാഗമായാണ് താൻ ജയിലിൽ പോയതെന്നും ജാമ്യം അനുവദിച്ച ഹൈക്കോടതിയോട് നന്ദിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
തൃക്കാക്കരയിൽ വെച്ചാണ് പിണറായി തന്നെക്കുറിച്ച് അഭിപ്രായം പറഞ്ഞത്. അതിന് തൃക്കാക്കരയിൽ വെച്ച് താൻ മറ്റന്നാൾ മറുപടി പറയുമെന്നു ജോർജ് പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഹൈക്കോടതിയുടെ വിധി മാനിച്ചുകൊണ്ട് മാത്രമേ പ്രവർത്തിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ഉച്ചക്കാണ് ജോര്‍ജിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മതവിദ്വേഷമുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നു ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രായവും ദീര്‍ഘകാലം ജനപ്രതിനിധിയായിരുന്നതും ജാമ്യം നല്‍കുന്നതില്‍ കോടതി പരിഗണിച്ചു.
അന്വേഷണവുമായി സഹകരിക്കണം. ആവശ്യമായ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാകണം. ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന പരാമര്‍ശങ്ങളാണ് പി.സി ജോര്‍ജിന്‍റേതെന്നും വളരെ ഗൗരവതരമാണെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന പ്രസംഗങ്ങള്‍ നടത്തില്ല എന്ന് കോടതി തന്നെ ഉറപ്പാക്കണമെന്നും ജാമ്യം നല്‍കുകയാണെങ്കില്‍ കര്‍ശന ഉപാധികള്‍ വയ്ക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ജാമ്യത്തിന് ഏത് ഉപാധികളും അംഗീകരിക്കാമെന്നും വെണ്ണല കേസില്‍ കോടതി അറസ്റ്റ് തടഞ്ഞതിന് ശേഷം ഒരു പരാമര്‍ശവും നടത്തിയിട്ടില്ലന്നും പിസി ജോര്‍ജ് കോടതിയില്‍ പറഞ്ഞു. വെണ്ണല കേസിലും തിരുവന്തപുരത്തെ കേസിലും ജസ്റ്റിസ് പി ഗോപിനാഥാണ് ജാമ്യം അനുവദിച്ചത്.