കോട്ടയം: ശനിയാഴ്ച പോപ്പുലർ ഫ്രണ്റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. കോട്ടയം ഈരാറ്റുപേട്ട സ്വദേശി അന്‍സാറിനെയാണ് പൊലീസ് കസ്റ്റടിയിലെടുത്തത്ത്. റാലിക്ക് കുട്ടിയെ കൊണ്ടുവന്നത് ഇയാളാണ്. കേസിൽ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനവും സെക്രട്ടറി മുജീബുമാണ് ഒന്നും രണ്ടും പ്രതികള്‍. മുദ്രാവാക്യം വിളിച്ച കുട്ടിയെ ചുമലിലേറ്റിയ ആളും പ്രതിയാവും.
ആലപ്പുഴയില്‍ നിന്നെത്തിയ പൊലീസ് സംഘം രാത്രി 10 മണിയോടെയാണ് അന്‍സാറിനെ കസ്റ്റഡിയില്‍ എടുത്തത്. അർദ്ധരാത്രിയിൽ പോലീസിനെതിരെ വെല്ലുവിളിയും പ്രകടനവുമായി പോപ്പുലർഫ്രണ്ട് പ്രവര്‍ത്തകര്‍ ഈരാറ്റുപേട്ട നഗരത്തില്‍ സംഘർഷാവസ്ഥ സൃഷ്ടിച്ചു.
മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിനാണ് കേസ്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. ശനിയാഴ്ചയാണ് ആലപ്പുഴയില്‍ നടന്ന പ്രകടനത്തിനിടെ ഒരാളുടെ തോളിലിരുന്ന് ചെറിയ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. സംഭവത്തില്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിരുന്നു. കേന്ദ്ര ഏജന്‍സികളും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ തേടി.
10 വയസ്സ് പോലും തോന്നിക്കാത്ത കുട്ടി മറ്റൊരാളുടെ ചുമലില്‍ ഇരുന്ന് വിദ്വേഷ മുദ്രവാക്യം വിളിക്കുകയും മറ്റുള്ളവര്‍ ഏറ്റുവിളിച്ച് ആഹ്ലാദനൃത്തം ചവിട്ടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിവിധ മതവിഭാഗങ്ങളെ പ്രകോപിപ്പിക്കുന്ന മുദ്രാവാക്യങ്ങളാണിത്. എന്നാല്‍ കുട്ടിയെ പോപ്പുലര്‍ ഫ്രണ്ട് തള്ളിപ്പറഞ്ഞു. സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല ഇതെന്നാണ് പോപ്പുലര്‍ ഫ്രണ്ട് അറിയിച്ചത്. ജാഥയില്‍ സംഘടനാ പ്രവര്‍ത്തകരും അല്ലാത്തവരും ആയ നിരവധി പേര്‍ പങ്കെടുത്തിരുന്നെന്നും പോപ്പുലര്‍ ഫ്രണ്ട് പറയുന്നു. സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും തിരുത്തല്‍ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന സെക്രട്ടറി സിഎ റൗഫ് ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
‘അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ നിന്റെയൊക്കെ കാലന്മാര്‍ വരുന്നുണ്ടെ’ന്നായിരുന്നു കുട്ടിയുടെ മുദ്രാവാക്യങ്ങള്‍. ഹിന്ദു മതസ്ഥര്‍ മരണാനന്തര ചടങ്ങിന് ഉപയോഗിക്കുന്ന വസ്തുക്കളാണ് അരിയും മലരും. ക്രിസ്ത്യനികള്‍ ഉപയോഗിക്കുന്നത് കുന്തിരിക്കമാണ്
ഇതിനെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യർ രംഗത്തു വന്നു:
അരിയും മലരും വാങ്ങി കാത്തിരിക്കാൻ ഹിന്ദുക്കൾക്കും കുന്തിരിക്കം വാങ്ങി കാത്തിരിക്കാൻ ക്രൈസ്തവർക്കും മുന്നറിയിപ്പ് തന്ന ശേഷം തങ്ങൾ കാലന്മാർ ആണെന്നും ആ കുട്ടി വിളിച്ച് പറയുന്നുണ്ട്.തോളത്തിരുത്തി മുദ്രാവാക്യം വിളിപ്പിച്ചവൻ താഴത്തിറക്കി ആ കുട്ടിക്ക് പറഞ്ഞ് കൊടുക്കണം. ‘ഇത് ഇന്ത്യയാണ് . നമ്മടെ പരിപ്പൊന്നും ഇവിടെ വേവില്ല’ എന്ന്