പൊലീസ് അക്കാദമിയില്‍ ഒമ്പത് മാസത്തെ വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയ 446 വനിതാ പോലീസുകാരുടെ യോഗ്യത കേട്ട് ഞെട്ടരുത്. ഭൂരിഭാഗം പേരും ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവർ. ബി.ടെക് ബിരുദധാരികളാണ് 59 പേര്‍. ഇതില്‍ എം.ടെക് നേടിയവർ 7 പേര്‍, കൂടാതെ 50 പേര്‍ക്ക് ബി.എഡ്, 6 എം.ബിഎ, 2 എംസിഎ. പി.ജി കഴിഞ്ഞ 50 പേരും പുതിയ ബാച്ചിലുണ്ട്.
പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ പോലീസ് ബറ്റാലിയന്റെ മൂന്നാമത് ബാച്ചിലെ 446 സേനാംഗങ്ങളുടെ പാസ്സിംഗ് ഔട്ട് പരേഡ് ഇന്ന് തൃശൂര്‍ രാമവര്‍മ്മപുരം കേരള പൊലീസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിച്ചു.
പരേഡ് കമാന്റര്‍ പി.ജെ ദിവ്യയുടെ നേതൃത്വത്തില്‍ 16 പ്ലട്ടൂണുകളിലായി അണിനിരന്ന നാലു കമ്പനികള്‍ സത്യപ്രതിജ്ഞ ചെയ്ത് കേരള പൊലീസിന്റെ ഭാഗമായി.
ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി വൈ അനില്‍കാന്ത്, ട്രെയിനിംഗ് എഡിജിപിയും പൊലീസ് അക്കാദമി ഡയറക്ടറുമായ ബല്‍റാം കുമാര്‍ ഉപാധ്യായ തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
പരേഡ്, ശാരീരിക ക്ഷമതാ പരിശീലനം, ആംസ് ഡ്രില്‍, ആയുധപരിശീലനം, ഫയറിങ് പ്രാക്ടീസ്, യോഗ, കരാട്ടെ, ലാത്തിപ്രയോഗം, സെല്‍ഫ് ഡിഫന്‍സ്, ഫീല്‍ഡ് എന്‍ജിനീയറിങ്, കമാന്‍ഡോ ട്രെയിനീങ്, ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍, വി.വി.ഐ.പി. സെക്യൂരിറ്റി, ജംഗിള്‍ ട്രെയിനിങ്, ഫയര്‍ ഫൈറ്റിങ്, ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിങ്, ഭീകരവിരുദ്ധ പരിശീലനം, ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലുള്ള പരിശീലനം തുടങ്ങി വിദഗ്ധ പരിശീലനം പൂർത്തിയാക്കിയവരാണ് ഇവര്‍.
തിരുവനന്തപുരം ജില്ലയില്‍ നിന്നാണ് പുതിയ ബാച്ചില്‍ ഏറ്റവുമധികം അംഗങ്ങള്‍. 109 പേര്‍. ഏറ്റവും കുറവ് കാസര്‍ഗോഡ് ജില്ലയില്‍ നിന്നാണ്, 5 പേര്‍.
പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കൊല്ലം കരിക്കോട് കൃഷ്ണാജ്ഞനം വീട്ടില്‍ എ വര്‍ഷ (മികച്ച ഇന്‍ഡോര്‍), വൈക്കം പടിഞ്ഞാറേക്കര പുതുക്കാട്ട് വീട്ടില്‍ പി ജെ ദിവ്യ (മികച്ച ഔട്ട്‌ഡോര്‍), വൈക്കം ആലവേലില്‍ വീട്ടില്‍ കെ എസ് ഗീതു (മികച്ച ഷൂട്ടര്‍), പാറശ്ശാല മുറിയങ്കര തെക്കേ ചിറ്റാറ്റ്‌വിള വീട്ടില്‍ എസ് ഐശ്വര്യ (മികച്ച ഓള്‍റൗണ്ടര്‍) എന്നിവര്‍ക്ക് മുഖ്യമന്ത്രി ട്രോഫികള്‍ സമ്മാനിച്ചു.
സേനകളില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പാസ്സിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കവേ അറിയിച്ചു.
ഉയര്‍ന്ന പ്രഫഷനല്‍ ബിരുദമുള്ളവരും റാങ്ക് ജേതാക്കളും ഉള്‍പ്പെടുന്നതാണ് പുതിയ വനിതാ ബറ്റാലിയന്‍. ഇത് പൊലിസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കും. ക്രമസമാധാന പാലനത്തിലും കുറ്റാന്വേഷണത്തിലും ശ്രദ്ധേയമായ പ്രകടനമാണ് കേരള പൊലിസ് കാഴ്ചവയ്ക്കുന്നത്. പൊലിസിന്റെ ഈ യശസ്സ് കൂടുതല്‍ ഉയര്‍ത്താന്‍ പുതുതായി സേനയുടെ ഭാഗമാകുന്ന ഓരോരുത്തരും ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.