നിരീക്ഷണം
കൊച്ചി: മലപ്പുറം കത്തി, മെഷിൻ ഗൺ, ബോംബ്, ഒലക്കേട് മൂട്… അങ്ങനെ പവനായി ശവമായി എന്ന പ്രവചന സ്വഭാവമുള്ള ഒരു വാചകമുണ്ട് മലയാള സിനിമയിൽ. ‘നാടോടിക്കാറ്റി’ലെ ഈ കിടിലൻ ഡയലോഗ് അന്നും ഇന്നും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കും. അതിൻ്റെ ചുവടുപിടിച്ചു പറഞ്ഞാൽ ‘ദാവൂദ് ഇബ്രാഹിമിൻ്റെ ഡി കമ്പനി’ പിന്നെ ‘വിഐപി’ അടുത്തത് ‘മാഡം’ മറ്റൊന്ന് ‘ഹാക്കർ സായ് ശങ്കര്‍’ ഒടുവിൽ ‘അഭിഭാഷക ഗൂഢാലോചന’… അന്ത്യം ചീറ്റിപ്പോയ ബോംബ്…
ക്രൈം ബ്രാഞ്ച് മേധാവിയും എ.ഡി.പി.ജിയുമായ ശ്രീജിത്ത്, എസ്.പി മോഹനചന്ദ്രൻ, ഡിവൈ.എസ്.പി ബൈജു പൗലോസ് ഈ മൂവർ സംഘംചേർന്നാടിയ നാടകങ്ങൾക്ക് വിരാമം…!
എന്തെല്ലാം ബഹളങ്ങളാണ് പൊലീസ് കാട്ടിക്കൂട്ടിയത്. ഒടുവിൽ കാവ്യാ മാധവൻ കേസിൽ പ്രതിയാകില്ല എന്ന തീർപ്പോടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ക്രൈം ബ്രാഞ്ച് അവസാനിപ്പിച്ചു. കേസിലെ അധിക കുറ്റപത്രം ഈ മാസം 30ന് സമർപ്പിക്കും. തുടരന്വേഷണത്തിനായി ഇനി അന്വേഷണസംഘം സമയം നീട്ടി ചോദിക്കില്ല. നടി കാവ്യയ്ക്കെതിരെ ഗൂഡാലോചനയ്ക്ക് തെളിവില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ദിലീപിന്റെ അഭിഭാഷകരെയും കേസിൽ നിന്ന് ഒഴിവാക്കും.
അഭിഭാഷകരുടെ മൊഴിപോലും എടുക്കാതെയാണ് ക്രൈംബ്രാഞ്ച് പിൻമാറിയത്. കേസ് അട്ടിമറിക്കാൻ അഭിഭാഷകർ ഇടപെട്ടതായി അന്വേഷണസംഘം ആരോപിച്ചിരുന്നു. അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയിലും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാണ് അധിക കുറ്റപത്രത്തിൽ പ്രതിയാവുക.
ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ദൃശ്യങ്ങൾ ചോർന്ന് എന്ന പരാതിയിൽ പനമ്പിള്ളി നഗറിലെ സ്വകാര്യ ബാങ്ക് ലോക്കറും പൊലീസ് പരിശോധിച്ചു. നടിയെ പീഡിപ്പിച്ച സംഭവത്തിനു ശേഷം നടൻ ദിലീപിപ് നിർദേശിച്ചതനുസരിച്ച് കാവ്യ മാധവന്റെ പേരിൽ തുറന്ന ലോക്കറാണു പരിശോധിച്ചത്.
2 പൊലീസ് സംഘങ്ങൾ 2 ദിവസം ബാങ്കിലെത്തി പരിശോധന നടത്തി. ലോക്കറിൽ നിന്ന് എന്താണു ലഭിച്ചതെന്നു അന്വേഷണ സംഘം വെളിപ്പെടുത്തിയില്ല.
കേസുമായി ബന്ധപ്പെട്ടു വ്യക്തമായ തെളിവുള്ള കാര്യങ്ങൾ പോലും നിഷേധിക്കുന്ന മൊഴികളാണു കാവ്യ നൽകിയതെന്നാണ് അന്വേഷണ സംഘം പറഞ്ഞു കൊണ്ടിരുന്നത്. കാര്യങ്ങൾ വ്യക്തമാക്കാൻ കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമെന്നും, ദിലീപിന്റെ മുൻഭാര്യ മഞ്ജു വാരിയരുടെമൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും പറഞ്ഞിരുന്നു.
അഞ്ചു മണിക്കൂറോളമാണ് കാവ്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ദിലീപിന്റെ സഹോരദീ ഭർത്താവ് സൂരജിന്റെ ശബ്ദസന്ദേശം അടക്കമുള്ളവ നിരത്തിയാണ് ചോദ്യം ചെയ്തത്. നടിയെ ആക്രമിക്കാൻ കാവ്യയാണ് മുൻകൈ എടുത്തതെന്ന തരത്തിലുള്ളതാണ് ശബ്ദ സന്ദേശം. എന്നാൽ ഈ രണ്ടു കേസിലും തനിക്ക് അറിവോപങ്കോ ഇല്ലെന്ന് കാവ്യ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനയിൽ കാവ്യാ മാധവന് പങ്കുണ്ടൊന്നാണ് ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നത്. സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴിയനുസരിച്ചാണ് കാവ്യയ്ക്ക് മുന്നറിവുണ്ടായിരുന്നു എന്ന് ക്രൈംബ്രാഞ്ച് നിഗമനത്തിലെത്തിയത്. ഇത് സൂചിപ്പിക്കുന്ന ചില ശബ്ദരേഖകളും പുറത്തുവന്നു. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനും കാവ്യയ്ക്കും ശത്രുത ഉണ്ടായിരുന്നു എന്ന് ക്രൈംബ്രാഞ്ചിന് ബോധ്യപ്പെട്ടിരുന്നത്രേ. വിവാഹത്തിനു മുന്നേതന്നെ ഇരുവരും തമ്മിലുളള അടുപ്പം ആക്രമിക്കപ്പെട്ട നടി, ദിലീപിന്‍റെ മുൻ ഭാര്യ മഞ്ജു വാര്യരോട് പറഞ്ഞതിലുളള വിരോധമാണ് ക്വട്ടേഷന് കാരണമെന്നായിരുന്നു വിലയിരുത്തൽ.
വി.ഐ.പിയായി കാപ്പ കുത്തിയ ശരത്തിനെ അറസ്റ്റ് ചെയ്തത് തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം ചുമത്തിയാണ്. തുടർ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. കേസിലെ ‘വിഐപി’ ശരത് ആണെന്നാണ് അന്വേഷണ സംഘം പറയുന്നത്. നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ ദിലീപിനു നൽകിയത് ശരത്താണെന്നും ക്രൈംബ്രാഞ്ച് ആരോപിക്കുന്നു..
കെട്ടി ഇറക്കിയ ബാലചന്ദ്രകുമാർ എന്ന സാക്ഷിയുടെ വ്യാജ മൊഴികളാണ് പൊലീസിനെ അബദ്ധത്തിലാക്കിയത്. ഇയാളുടെ മൊഴികളുടെ സത്യസന്ധതയിൽ ഹൈക്കോടതിയും വിചാരണക്കോടതിയും പലവട്ടം സംശയം പ്രകടിപ്പിച്ചിരുന്നു.