മൗസിന്റാം
നിർത്താതെ പെയ്യുന്ന മഴയിൽ എന്നും കുടിചൂടി നിൽക്കുന്ന നാടാണ് മൗസിന്‍റാം. മേഘങ്ങളുടെ വീടായ മേഘാലയയിലെ മാത്രമല്ല, ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന നാടാണ് മൗസിന്‍റാം.മേഘാലയയിലെ ഖാസി കുന്നുകളിൽ സമുദ്ര നിരപ്പിൽ നിന്നും 4,600 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ എപ്പോൾ വേണമെങ്കിലും മഴ പെയ്യാം. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സമയങ്ങളിൽ ഒരു മുന്നറിയിപ്പും തരാതെ കിടിലൻ മഴയായിരിക്കും ഇവിടെ.ഒരു തുള്ളി പോലും മഴ ചാറാത്ത ദിവസങ്ങൾ ഇവിടുത്തുകാരുടെ ജീവിതത്തിൽ ഇല്ല എന്നു തന്നെ പറയാം.
ചിറാപുഞ്ചി
മൗസിന്‍റാമിനോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന, മഴയുടെ പേരിൽ മാത്രം മനസ്സിൽ കയറിക്കൂടിയ ഇടമാണ് ചിറാപുഞ്ചി. ചിറാപുഞ്ചി എന്ന വാക്കിനർഥം ഓറഞ്ചുകളുടെ നാട് എന്നാണെങ്കിലും നിർത്താതെ പെയ്യുന്ന മഴ തന്നെയാണ് ഇവിടുത്തെ താരം.ഇവിടേക്കുള്ള യാത്ര തന്നെ അതിമനോഹരമാണ്. ഇപ്പോൾ വീണു പോകും എന്നു തോന്നിപ്പിക്കുന്ന ചെങ്കുത്തായയ പാതകളും കാടും കൊക്കകളും മലമടക്കും പിന്നെയും സഞ്ചരിച്ചാൽ കാണുന്ന പാടങ്ങളും ഒക്കെ ചേരുമ്പോൾ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത യാത്രയായി ഇത് മാറും എന്നതിൽ ഒരു സംശയവുമില്ല.
അഗുംബെ
തെക്കേ ഇന്ത്യയുടെ സ്വന്തം മഴക്കാടാണ് അഗുംബെ. ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന അഗുംബെ കർണ്ണാടകയിലാണ് സ്ഥിതി ചെയ്യുന്നത്. എന്നും മഴയിൽ കുളിച്ച് സുന്ദരിയായി നിൽക്കുന്ന ഈ നാട് സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാകുന്നതിനു പിന്നിലും ഈ മഴ തന്നെയാണ്.പച്ചപ്പിന്റെ ആധിക്യം കൊണ്ട് ഒരു കാടാണോ ഈ നാട് എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ആളുകളെ ചേർത്തുന്ന ഇടം.പശ്ചിമഘട്ടത്തിലെ ഏറ്റവും മനോഹര ഇടങ്ങളിലൊന്നായ അഗുംബെയിൽ 7691 മില്ലീ മീറ്ററാണ് ശരാശരി ലഭിക്കുന്ന മഴ. ട്രക്കിങ്ങ് പോയന്റുകളും വെള്ളച്ചാട്ടങ്ങളും ക്ഷേത്രങ്ങളും ഒക്കെയാണ് ഇവിടെയും സമീപ പ്രദേശത്തുമായി കാണുവാനുള്ള കാഴ്ചകൾ.
അംബോലി
മഹാരാഷ്ട്രയിലെ പ്രശസ്ത ഹിൽ സ്റ്റേഷനായ അംബോലിയും മഴയുടെ കഥകേൾക്കാനിഷ്ടപ്പെടുന്നവർക്ക് പ്രിയപ്പെട്ട ഇടമാണ്. മഞ്ഞിന്റെ സ്വർഗ്ഗം എന്നാണ് ഇവിടം സഞ്ചാരികൾക്കിടയിൽ അറിയപ്പെടുന്നത്. എല്ലാ കാലത്തും ഹിറ്റായ ഇടമാണെങ്കിലും കൂടുതലും ആളുകൾ ഈ നാട് തേടിയെത്തുന്നത് മഴക്കാലത്താണ്. കുന്നിൻ മുകളിലെ മഴ ആസ്വദിച്ചു കാണുവാൻ അംബോലിയോളം മികച്ച ഇടം വേറെയില്ല എന്നാണ് ഇവിടെ വന്നിട്ടുള്ളവരുടെ അഭിപ്രായം. മഴക്കാലത്ത് സജീവമാകുന്ന ഒട്ടേറെ വെള്ളച്ചാട്ടങ്ങളും ഇവിടെയുണ്ട്. പശ്ചിമ ഘട്ടത്തിന്റെ ഒരു ചെരുവിുൽ സമുദ്ര നിരപ്പിൽ നിന്നും 690 മീറ്റർ ഉയരെയാണ് അംബോലി സ്ഥിതി ചെയ്യുന്നത്.
ലക്കിടി
വയനാട് ജില്ലയുടെ കവാടമായ ലക്കിടിയാണ് കേരളത്തിന്റെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം.താമരശ്ശേരി ചുരത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ലക്കിടി വയനാട്ടിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിലൊന്നു കൂടിയാണ്.സമുദ്ര നിരപ്പിൽ നിന്നും 700 മീറ്റർ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ നിന്നും വയനാടിന്റെ കവാടമായ ലക്കിടിയിലേക്കുള്ള യാത്ര വളരെ മനോഹരമാണ്.അടിവാരത്തു നിന്നും ചുരം കയറി വേണം ഇവിടെ എത്താൻ. 12 ഹെയർപിൻ വളവകളാണ് ഈ റോഡിലുള്ളത്. വയനാട്ടിലേക്കുള്ള യാത്രയുടെ ഏറ്റവും വലിയ ആകർഷണവും ഈ ഹെയർപിൻ വളവുകള്‍ തന്നെയാണ്. ഈ ചുരത്തിനു മുകളിലായാണ് ലക്കിടി സ്ഥിതി ചെയ്യുന്നത്. ഉയരത്തിൽ നിന്നുള്ള കാഴ്ചകളും മലമുകളിലൂടെ ഒലിച്ചിറങ്ങുന്ന അരുവിയുടെ ശബ്ദവും പച്ചപുതച്ച മലനിരകളും ഒക്കെ ഇവിടേക്കുള്ള യാത്രയുടെ മാറ്റു കൂട്ടുന്നു.