ഹരിദ്വാർ: കീറിയ ജീൻസിനെക്കുറിച്ച് വീണ്ടും വിവാദ പ്രസ്താവനയുമായി ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ തിരത് സിങ് റാവത്ത്. കീറിയ ജീൻസ് ഭാരതീയ സംസ്കാരത്തെ നശിപ്പിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. കീറിയ ജീൻസ് ധരിക്കുന്ന സ്ത്രീകൾക്കെതിരെ കഴിഞ്ഞ വർഷംനടത്തിയ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീകൾ കീറിയ ജീൻസ് ധരിക്കുന്നത് സാമൂഹിക അധഃപതനത്തിന് ഇടയാക്കുമെന്നായിരുന്നു നേരത്തെ അദ്ദേഹം പറഞ്ഞത്. ഇത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. എന്നാൽ താൻ നടത്തിയ പ്രസ്താവനകളിൽ ഉറച്ചുനിൽക്കുന്നു എന്നാണ് അദ്ദേഹം ഇപ്പോൾ വ്യക്തമാക്കിയത്. തന്റെ പ്രസ്താവനകൾക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കീറിയ ജീൻസിന്റെ ഉത്ഭവ രാജ്യങ്ങളിലുള്ളവർ പോലും ഇന്ത്യയിലെത്തുമ്പോൾ മാന്യമായ വസ്ത്രങ്ങളാണ് ധരിക്കുന്നത്. എന്നാൽ രാജ്യത്തെ ജനങ്ങൾ കീറിയ ജീൻസ് ധരിക്കുന്ന ട്രെൻഡ് ആണ് സ്വീകരിച്ചു വരുന്നത് എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ താൻ ജീൻസ് ധരിക്കുന്നതിന് എതിരല്ലെന്നും കീറിയ ജീൻസിനെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
അവർ വിചാരിക്കുന്നത്, ഇത്തരത്തിലുള്ള ജീൻസ് ധരിക്കുന്നത് സമ്പന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണ് എന്നാണ്. എന്നാൽ ഇത് ഭാവിയിൽ നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.