പട്‌ന: ബിഹാറില്‍ ജഡ്ജിയുടെ വീട്ടില്‍ ആയുധധാരികളായ മൂന്നംഗസംഘത്തിന്റെ കവര്‍ച്ച. കൂടാതെ ജഡ്ജിയുടെ കുടുംബാംഗങ്ങള്‍ കവര്‍ച്ച സംഘത്തിന്റെ ആക്രമണത്തിനിരയാകുകയും ചെയ്തതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റായ മഹേശ്വര്‍ നാഥ് പാണ്ഡെയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ജഡ്ജി ആ സമയത്ത് കോടതിയിലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും അഞ്ചുവയസുകാരിയായ മകളും വീട്ടില്‍ സഹായത്തിന് നില്‍ക്കുന്ന സ്ത്രീയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പട്‌നയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ബിക്രംഗഞ്ജിലെ സബ് ഡിവിഷണല്‍ കോടതിയിലാണ് ജഡ്ജിയുടെ നിയമനം.
അജ്ഞാതരായ മൂന്ന് പേര്‍ ജഡ്ജിയെ തിരക്കി വീട്ടിലെത്തിയതായും ഭൂപേന്ദ്ര തിവാരി എന്നൊരാള്‍ ആവശ്യപ്പെട്ടതിനാലാണ് ജഡ്ജിയെ കാണാനെത്തിയതെന്നും അവര്‍ പറഞ്ഞതായും പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ജഡ്ജി കോടതിയിലാണെന്ന് അറിയിച്ചതിന് ശേഷം കുടിക്കാന്‍ വെള്ളമാവശ്യപ്പെട്ടതായും അകത്ത് പ്രവേശിച്ച മോഷ്ടാക്കള്‍ ആയുധങ്ങള്‍ പുറത്തെടുക്കുകയും ജഡ്ജിയുടെ ഭാര്യയെ ദേഹോപദ്രവമേല്‍പ്പിക്കുകയും വീട്ടിലുണ്ടായിരുന്ന പണവും ആഭരണങ്ങളും മൊബൈല്‍ഫോണും കവര്‍ന്ന് കടന്നുകളയുകയുമായിരുന്നുവെന്നും പരാതിയിലുണ്ട്.
സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി റോഹ്താസ് പോലീസ് സൂപ്രണ്ട് ആശിഷ് ഭാരതി അറിയിച്ചു. പ്രതികളെ താമസിയാതെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഹാര്‍ ജുഡീഷ്യല്‍ സര്‍വീസസ് അസ്സോസിയേഷന്‍ ന്യായാധിപന്‍മാരുടെ സുരക്ഷയെ സംബന്ധിച്ചുള്ള ആശങ്ക രേഖപ്പെടുത്തി.