NEWS

പെൺകരുത്തിന്റെ 25 വര്‍ഷം, കാൽ നൂറ്റാണ്ടിന്റെ നിറവിൽ കുടുംബശ്രീ

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് 1998-ൽ ആയിരുന്നു കുടുംബശ്രീയുടെ തുടക്കം.കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ സ്വയം പര്യാപ്തതയുടെ ചരിത്രമെഴുതിയ കുടുംബശ്രീ ഇരുപത്തിയഞ്ചാം വയസിലേക്ക് കടക്കുകയാണ്.ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്ന വിശാല കാഴ്ചപ്പാടിൽ തുടങ്ങി സ്ത്രീ ശാക്തീകരണ മേഖലയിൽ ലോകത്തിനാകെ മാതൃകയാകും വിധം നിര്‍ണ്ണായക ചുവടുമായാണ് കാൽനൂറ്റാണ്ട് കാലത്തെ കുടുംബശ്രീ മുന്നേറ്റം.വീട്ടമ്മമാര്‍ വഴി വീട്ടകങ്ങളിലേക്കും അവിടെ നിന്ന് സമൂഹത്തിന്റെ വിശാലതകളിലേക്കും വാതിൽ തുറന്നിട്ട മഹാ പ്രസ്ഥാനത്തിൽ ഇന്ന്  45.85 ലക്ഷം കുടുംബങ്ങളാണ് അംഗങ്ങളായുള്ളത്.
ആഹാരവും പാര്‍പ്പിടവും വസ്ത്രവുമടക്കം അടിസ്ഥാന ആവശ്യങ്ങളായിരുന്നു കുടുംബശ്രീയെന്ന വിശാല പ്രസ്ഥാനത്തിന്റെ തുടക്കത്തിന് പിന്നിൽ.ഇതിനായി ആദ്യം അയൽക്കൂട്ടങ്ങളുണ്ടാക്കി.പിന്നീട് പ്രതിസന്ധികളോട് പൊരുതി മൈക്രോ ഫൈനാൻസ് വായ്പകൾ ലഭ്യമാക്കി സാമ്പത്തിക സുരക്ഷിതത്വമുണ്ടാക്കി. വിദ്യാഭ്യാസവും തൊഴിലും കുടിവെള്ളവും ഗതാഗത സൗകര്യവുമെല്ലാം പിന്നാലെ പരിഗണനകളിലേക്കെത്തി. ഏറ്റവുമൊടുവിൽ സ്വയംതൊഴിലിന്റെയും സ്വയംപര്യാപ്തതയുടേയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയും എല്ലാം ഒറ്റപേരായി കുടുംബശ്രീ മാറിയിരിക്കുകയാണ്.
അച്ചാറുകളിലും കറി പൗഡറുകളിലും തുടങ്ങി വച്ച തൊഴിൽ സാധ്യതകൾ കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് കാന്റീൻ, കാറ്ററിംഗ് മേഖലകളിലേക്കും കഫേ കുടുംബശ്രീ എന്ന ബ്രാന്റിലേക്കും എല്ലാം വളര്‍ന്നത്.കാലഘട്ടത്തിന് അനുസരിച്ച് വിജയസാധ്യതയുള്ള പുതുപുത്തൻ മേഖലകളിലേക്ക് കുടുംബശ്രീ പെണ്ണുങ്ങളുടെ കൈപിടിച്ചു. കെട്ടിട നിര്‍മ്മാണം മുതൽ മാരേജ് ബ്യൂറോയും ഡ്രൈവിംഗ് സ്കൂളും ജനകീയ ഹോട്ടലും വരെ എന്തും പെൺകരുത്തിന് വഴങ്ങി.സോപ്പ് നിര്‍മ്മാണം മുതൽ സോഫ്റ്റ്‌വെയർ നിർമ്മാണം വരെ കുടംബശ്രീ കടന്നു ചെല്ലാത്ത മേഖലകളില്ലെന്നായി.സർക്കാർ മിഷനുകൾ ജനങ്ങളിലേക്കെത്തിക്കാൻ കുടുംബശ്രീ ഇല്ലാതെ പറ്റില്ലെന്ന നിലയിലേക്കെത്തിയിരിക്കുന്നു ഒടുവിൽ ഇന്ന്.
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടുകൊണ്ട് 1998-ല്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് ആവിഷ്കരിച്ച സംവിധാനമാണ് കുടുംബശ്രീ. സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ ആണ് ഈ പ്രോജക്ട് നടത്തുന്നത്.നബാര്‍ഡിന്റെ സഹായത്തോടെ കേരള സര്‍ക്കാര്‍ ഈ പ്രോജക്ടിന് രൂപം നല്‍കി. 1998 മേയ് 17-ന് മലപ്പുറം ജില്ലയില്‍ വച്ച് ബഹു:മുന്‍ പ്രധാനമന്ത്രി ശ്രീ. അടല്‍ ബിഹാരി വാജ്പേയ് ആണ് ഈ പ്രോജക്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഇന്ന് കുടുംബശ്രീയുടെ പ്രവര്‍ത്തനം ശക്തവും വിപുലവുമാകുകയും സ്ത്രീകളുടെ കരുത്തുറ്റ സംഘടനാ സംവിധാനം നിലവില്‍ വരികയും ചെയ്തു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ കുടുംബശ്രീയില്‍ അംഗങ്ങളാണ്. 15 മുതല്‍ 40 വരെ കുടുംബങ്ങളില്‍ നിന്നും ഓരോ വനിത ഉള്‍പ്പെടുന്ന അയല്‍ക്കൂട്ടങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഏരിയാ ഡവലപ്മെന്റ് സൊസൈറ്റികളും കമ്മ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റികളും ഉള്‍പ്പെടുന്ന കുടുംബശ്രീ സംഘടനാ സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രൂപീകരിച്ചിട്ടുണ്ട്.നൂതന ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ജനപങ്കാളിത്തത്തോടുകൂടി നടപ്പിലാക്കുന്ന മികച്ച ജനസേവന പരിപാടിക്ക് കോമണ്‍വെല്‍ത്ത് അസ്സോസിയേഷന്‍ ഫോര്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്റ് മാനേജ്മെന്റ് ഏര്‍പ്പെടുത്തിയിട്ടുള്ള അന്താരാഷ്ട്ര സുവര്‍ണ്ണ പുരസ്കാരം, 119 രാജ്യങ്ങളില്‍ നിന്നുള്ള എന്‍ട്രികളോട് മത്സരിച്ച് നേടിയെടുക്കാന്‍ കേരളത്തിലെ കുടുംബശ്രീക്ക് കഴിഞ്ഞു.
കേരളത്തിൽ നായനാർ സർക്കാർ ആവിഷ്ക്കരിച്ച പദ്ധതിയാണ് കുടുംബശ്രീ.രാജ്യത്ത് ആദ്യമായി ആരംഭിച്ച പദ്ധതി ആയതിനാൽ ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള അന്നത്തെ കേരള സർക്കാർ പദ്ധതി ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചു.1998 മേയ് 17-ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയി മലപ്പുറത്ത് കുടുംബശ്രീ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. 1999 ഏപ്രിൽ 1 ന് കുടുംബശ്രീ- സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ പ്രവർത്തനമാരംഭിച്ചു.പൂർണ്ണമായും സംസ്ഥാന സർക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിയന്ത്രണത്തിലാണ് കുടുംബശ്രീ പ്രവർത്തിക്കുന്നത്.

Back to top button
error: