IndiaNEWS

മസ്ജിദില്‍ ശിവലിംഗം കണ്ടെന്ന് അഭ്യൂഹങ്ങള്‍; സീല്‍ ചെയ്യാന്‍ കോടതി ഉത്തരവ്

ന്യൂഡൽഹി: ശിവലിംഗം കണ്ടെത്തിയെന്ന അഭ്യൂഹങ്ങള്‍ക്കിടെ, ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ കുളം സീല്‍ ചെയ്യാന്‍ വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ്. മസ്ജിദില്‍ നടത്തിയ സര്‍വ്വേയ്ക്കിടെ കുളത്തില്‍നിന്നും ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദവുമായി പരാതിക്കാരനായ സോഹന്‍ലാല്‍ ആര്യ രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് കോടതി ഉത്തരവുണ്ടായിരിക്കുന്നത്. സീൽ ചെയ്ത ഭാഗത്തേക്ക് ആരെയും കടത്തി വിടരുതെന്നും സുരക്ഷയ്ക്കായി സിആര്‍പിഎഫിനെ നിയോഗിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

സുരക്ഷയുടെ ഉത്തരവാദിത്തം ജില്ലാ മജിസ്ട്രേറ്റിനും പൊലീസ് കമ്മീഷണര്‍ക്കുമായിരിക്കുമെന്നും ഉത്തരവിലുണ്ട്. നിസ്കാരത്തിനായുള്ള വുളൂ നിര്‍വഹിക്കാനാണ് കുളം ഉപയോഗിക്കുന്നത്. കുളത്തിലെ വെള്ളം വറ്റിച്ചു പരിശോധിച്ചപ്പോഴാണ് ശിവലിംഗം കണ്ടെത്തിയതെന്നാണ് ഹര്‍ജിക്കാരുടെ അവകാശവാദം.

അതിനിടെ, മസ്ജിദില്‍ കോടതിയുടെ നിര്‍ദേശപ്രകാരം അഭിഭാഷക കമ്മീഷന്‍ നടത്തുന്ന സര്‍വ്വേ പൂര്‍ത്തിയായി. സര്‍വ്വേ റിപ്പോര്‍ട്ട് ചൊവ്വാഴ്ച കോടതി പരിഗണിക്കും. സര്‍വ്വേയുടെ തുടര്‍ നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് മസ്ജിദ് പരിപാലന സമിതി നല്‍കിയ ഹര്‍ജി സുപ്രീംകോടതിയും ചൊവ്വാഴ്ച പരിഗണിക്കും.

Back to top button
error: