രാജ്യത്തെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയായ റിലയന്‍സ് 60ഓളം ബ്രാന്‍ഡുകള്‍ ഏറ്റെടുക്കുന്നു. പലചരക്ക്, പേഴ്സണല്‍ കെയര്‍ വിഭാഗങ്ങളിലായി 20ഓളം ഭക്ഷ്യ-ഭക്ഷ്യേതര ബ്രാന്‍ഡുകളെ സ്വന്തമാക്കാനും കമ്പനി ലക്ഷ്യമിടുന്നു. 50,000 കോടി മൂല്യമുള്ള ഉപഭോക്തൃ ഉത്പന്ന സമ്രാജ്യം കെട്ടിപ്പടുക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, നെസ് ലെ, പെപ്സികോ, കൊക്കോ കോള തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകളുമായി മത്സരിക്കാനാണ് നീക്കം. 30ഓളം ജനപ്രിയ പ്രാദേശിക ബ്രാന്‍ഡുകളെ ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ രാജ്യത്തൊട്ടാകെ 2000ലേറെ റീട്ടെയില്‍ ഷോപ്പുകള്‍ റിലയന്‍സിനുണ്ട്. ജിയോമാര്‍ട്ട് വഴി ഓണ്‍ലൈന്‍ മേഖലയിലും സാന്നിധ്യമുറപ്പിച്ചുകഴിഞ്ഞു.
ഏറ്റെടുക്കുന്ന കമ്പനികളുടെ ഉത്പന്നങ്ങള്‍ നേരിട്ട് റീട്ടെയില്‍ ശൃംഖലയിലൂടെ ജനങ്ങളിലെത്തിക്കുയാണ് കമ്പനിയുടെ ലക്ഷ്യം. ലോകത്തെ തന്നെ ഏറ്റവും വലിയ ഇ-കൊമേഴ്സ് വിപണിയായ ഇന്ത്യയില്‍ പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള ശ്രമമാണ് ജിയോമാര്‍ട്ടിലൂടെ കമ്പനി പ്രാവര്‍ത്തികമാക്കുന്നത്. രാജ്യത്തെ 70 ലക്ഷം കോടി മൂല്യമുള്ള ഇ-കൊമേഴ്സ് മേഖലയില്‍ ഉത്പന്ന വൈവിധ്യത്തോടെ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഏറ്റെടുക്കലുകള്‍.