CrimeNEWS

കശ്മീരി പണ്ഡിറ്റുകൾക്കെതിരായ കണ്ണീർവാതക ഷെൽ പ്രയോഗം: അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

ജമ്മു കശ്മീർ: കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. തെറ്റുചെയ്ത ഉദ്യോഗസ്ഥർക്ക് നേരെ കർശന നടപടിയുണ്ടാകുമെന്ന് സർക്കാർ അറിയിച്ചു. കൊലപാതകം നടന്ന ബുദ്ഗാം മേഖലയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്എച്ച്ഒയെ സ്ഥലം മാറ്റിയിട്ടുണ്ട്. ഭയത്തിന്‍റെ അന്തരീക്ഷം സൃഷ്ടിക്കാനായി ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണെന്നും, പ്രത്യേക അന്വേഷണസംഘം എല്ലാ വശങ്ങളും പരിശോധിക്കുമെന്നും ലഫ്. ഗവർണർ മനോജ് സിന്‍ഹ പറഞ്ഞു.

ജമ്മു കശ്മീരില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ട് പേരെ ഭീകരര്‍ വധിച്ചതിന് പിന്നാലെയാണ് വൻ പ്രതിഷേധം പൊട്ടിപുറപ്പെട്ടത്. സംഘർഷത്തിൽ പുൽവാമയില്‍ പൊലീസ് ഉദ്യോഗസ്ഥനും ബുദ്ഗാമിൽ സർക്കാർ ജീവനക്കാരനായ കശ്മീരി പണ്ഡിറ്റും കൊല്ലപ്പെട്ടിരുന്നു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനായ രാഹുല്‍ ഭട്ടാണ് ഓഫീസിനുള്ളിൽ ഭീകരരുടെ വെടിയേറ്റ് മരിച്ചത്. കശ്മീർ ടൈഗേഴ്സ്  എന്ന ഭീകര സംഘടന കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പിന്നാലെയാണ് പുൽവാമയിലെ സ്പെഷ്യല്‍ പൊലീസ് ഓഫീസർ റിയാസ് അഹമ്മദ് വെടിയേറ്റ് മരിച്ചത്. രാഹുല്‍ ഭട്ടിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ കശ്മീരി പണ്ഡിറ്റ് വിഭാഗം സുരക്ഷയൊരുക്കുന്നതില്‍ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ചു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചിരുന്നു.

കൊലപാതകങ്ങളെ അപലപിച്ച ജമ്മു കശ്മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിന്‍ഹ കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് വ്യക്തമാക്കിയിരുന്നു.താഴ്വരയില്‍ സുരക്ഷ ഒരുക്കുന്നതില്‍ കേന്ദ്രം സമ്പൂർണ പരാജയമാണെന്ന് ആരോപിച്ച് മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയും രംഗത്തെത്തി. തുടർച്ചയായി കശ്മീരി പണ്ഡിറ്റുകളും ഇതര സംസ്ഥാനക്കാരും ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്നത് സംസ്ഥാനത്ത് വലിയ ആശങ്ക ഉയർത്തിയിട്ടുണ്ട്.

Back to top button
error: