IndiaNEWS

പി സി ജോര്‍ജിന് നിര്‍ണായക ദിനം; വിദ്വേഷ പ്രസംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തിൽ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തത്. രാഷ്ടീയ ലക്ഷ്യങ്ങളോടെയാണ് സർക്കാരിന്‍റെ നടപടിയെന്നും ജാമ്യം വേണമെന്നുമാണ് പി സി ജോർജിന്‍റെ ആവശ്യം. ഹർജിയിൽ സർക്കാർ ഇന്ന് മറുപടി നൽകും. കേസിൽ തന്‍റെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് വേണമെന്ന പി സി ജോർജിന്‍റെ ആവശ്യം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

കൊച്ചി വെണ്ണലയിൽ പി സി ജോര്‍ജിനെ പ്രസംഗിക്കാൻ ക്ഷണിച്ചതിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച്‌ നാഗരാജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുൻ പ്രസംഗം ആവർത്തിക്കാനുള്ള സാഹചര്യമുണ്ടെന്നത് മനസിലാക്കിയാണോ ക്ഷണമെന്ന് സംശയമുണ്ട്. സംഘാടകർക്കെതിരെ ആവശ്യമെങ്കിൽ കേസെടുക്കും.

പി സി ജോര്‍ജിനെതിരെ മത വിദ്വേഷം പരത്തുന്ന പ്രസംഗം നടത്തിയതിന് നിലവില്‍ ഒരു കേസുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ വീണ്ടും ക്ഷണിച്ചു കൊണ്ടുവന്ന് സമാന പ്രസംഗം ആവര്‍ത്തിക്കാനുള്ള പ്രേരണ സംഘാടകര്‍ ചെലുത്തിയോയെന്നും അന്വേഷിക്കും. പിസിക്കെതിരെ ചുമത്തിയ 153 A, 295 A വകുപ്പുകള്‍ നിലനില്‍ക്കും. ജോർജിന്റെ അറസ്റ്റുണ്ടാകും പക്ഷേ തിടുക്കമില്ലെന്നും കമ്മിഷണർ വ്യക്തമാക്കിയിരുന്നു.

Back to top button
error: