BusinessTRENDING

അദാനിയെ പിന്നിലാക്കി റിലയന്‍സ്; ഫോര്‍ബ്സ് ഗ്ലോബല്‍ 2000 പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

100 ബില്യണ്‍ ഡോളറിലധികം വാര്‍ഷിക വരുമാനം ഉണ്ടാക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ് മാറിയതിന് പിന്നാലെ ഫോര്‍ബ്സ് ഗ്ലോബല്‍ 2000 പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ലോകത്തിലെ ഏറ്റവും വലിയ പൊതു കമ്പനികളുടെ പട്ടികയില്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 53-ാമത് ആയി. ഇന്ത്യന്‍ കമ്പനികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനമാണ് റിലയന്‍സിനുള്ളത്.

90.7 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള മുകേഷ് അംബാനി ഈ വര്‍ഷത്തെ ഫോര്‍ബ്സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 10-ാം സ്ഥാനത്താണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, 2021 ഏപ്രിലിനും 2022 മാര്‍ച്ചിനും ഇടയില്‍ 104.6 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് 1960-കളുടെ തുടക്കത്തില്‍ നൈലോണ്‍, റയോണ്‍, പോളിസ്റ്റര്‍ എന്നിവയുടെ ഇറക്കുമതി, കയറ്റുമതി രംഗത്താണ് ബിസിനസ് ആരംഭിച്ചത്. ഇന്ന്, കമ്പനിയുടെ ബിസിനസുകളില്‍ പ്ലാസ്റ്റിക്, പെട്രോകെമിക്കല്‍സ്, മൊബൈല്‍ ടെലികോം സേവനങ്ങള്‍, റീട്ടെയില്‍ എന്നിവ ഉള്‍പ്പെടുന്നു.

56.12 ബില്യണ്‍ ഡോളര്‍ വിപണി മൂലധനത്തോടെ, പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഇന്ത്യയിലെ ഏറ്റവും വലിയ പൊതുകമ്പനികളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യയിലെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിന് രാജ്യത്തുടനീളം 24,000 ശാഖകളും 62,617 എടിഎമ്മുകളും ഉണ്ട്. സ്വകാര്യമേഖലാ ബാങ്കുകളായ ഐസിഐസിഐയും എച്ച്ഡിഎഫ്‌സിയും പട്ടികയില്‍ തൊട്ടുപിന്നാലെയാണ്. ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനിയുടെ കമ്പനികളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഈ വര്‍ഷമാദ്യം വാറന്‍ ബഫറ്റിനെ മറികടന്ന് അദാനി ലോകത്തിലെ അഞ്ചാമത്തെ ധനികനായി മാറിയിരുന്നു. 2008 ലാണ് ഫോര്‍ബ്സിന്റെ ലോക ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 9.3 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി അദ്ദേഹം ആദ്യമായി എത്തുന്നത്.

Back to top button
error: