NEWS

ഡോ.കെ പി ജോർജ് അന്തരിച്ചു

കോട്ടയം :കഴിഞ്ഞ നാൽപതു വർഷമായി മനോരമ ആഴ്ചപ്പതിപ്പിൽ ‘ഡോക്ടറോടു ചോദിക്കാം’ പംക്തി നിസ്തുലമായി കൈകാര്യം ചെയ്തിരുന്ന ഡോ. കെ.പി. ജോർജ് അന്തരിച്ചു. 94 വയസ്സായിരുന്നു.
മനോരമ ആഴ്ചപ്പതിപ്പിനുള്ള ലേഖനം എഴുതിക്കഴിഞ്ഞ ശേഷം കസേരയിൽനിന്ന് എഴുന്നേൽക്കുമ്പോൾ വീണു തലയ്ക്കേറ്റ ആഘാതത്തെത്തുടർന്നാണ് അദ്ദേഹത്തെ രണ്ടു ദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഒരു പ്രസിദ്ധീകരണത്തിൽ നാൽപതു വർഷം തുടർച്ചയായി ഒരു ആരോഗ്യപംക്തി കൈകാര്യം ചെയ്തിട്ടുള്ള മറ്റൊരു ഡോക്ടറും  ഇല്ല.അവസാന ദിവസം വരെ വായനക്കാരുടെ ഫോൺ കോളുകൾ അറ്റൻഡ് ചെയ്യുകയും മറുപടി നൽകുകയും ചെയ്തിരുന്നു.
കോട്ടയം  മെഡിക്കൽ കോളജിൽ നിന്ന് മെഡിസിൻ വിഭാഗം അധ്യാപകനായി റിട്ടയർ ചെയ്ത സമയത്താണ് മനോരമ ആഴ്ചപ്പതിപ്പിന്റെ അന്നത്തെ പത്രാധിപർ കെ. എം തരകൻ ആരോഗ്യ സംബന്ധമായ ഒരു ചോദ്യോത്തര പംക്തി തുടങ്ങാൻ പറ്റുമോ എന്ന്  ഡോ. കെ. പി ജോർജിനോട് ചോദിക്കുന്നത്. ആ വർഷം നവംബറിൽ  ‘നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ എന്ന പേരിൽ’ ചോദ്യോത്തര പംക്തി  ആരംഭിച്ചു.
പംക്തി തുടങ്ങിയ കാലം മുതൽ വായനക്കാർ അയച്ച നാൽപതിനായിരത്തോളം കത്തുകൾ ഫയൽ ചെയ്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു, അദ്ദേഹം.
ഈ ചോദ്യോത്തരങ്ങൾ സമാഹരിച്ച് ‘നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ ’ എന്ന പേരിൽ മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ, ഈ പംക്തിയിൽ പരാമർശിച്ച വിഷയങ്ങൾ ഉൾപ്പെടുത്തി, പ്രമേഹവും ജീവിതയാത്രയും, ലൈംഗിക പ്രശ്നങ്ങളും പ്രശ്നോത്തരിയും. സന്തോഷത്തോടെ ജീവിക്കാം സംഘർഷങ്ങളില്ലാതെ, സന്തോഷപ്രദമായ വാർധക്യം എന്നീ പുസ്തകങ്ങളും ഡോ. കെ. പി ജോർജ് രചിച്ചിട്ടുണ്ട്. നല്ലൊരു സഹൃദയൻ കൂടിയായിരുന്ന ഡോക്ടർ ഒട്ടേറെ ആൽബങ്ങൾക്ക് ഗാനരചന നിർവഹിച്ചിട്ടുമുണ്ട്.
കേരളത്തിലെ പല തലമുറകളിലെ ഡോക്ടർമാരുടെ ഗുരുനാഥനാണു ഡോ. കെ.പി. ജോർജ്. കേരളത്തിലെ ആദ്യ മെഡിക്കല്‍ കോളജായ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലെ ആദ്യ ബാച്ചിലെ അധ്യാപകനായിരുന്നു അദ്ദേഹം. മൂന്നാമത്തെ കോളജായ കോട്ടയം മെഡിക്കൽ കോളജിലും ആദ്യ ബാച്ച് ആരംഭിച്ചപ്പോൾ അദ്ദേഹം അധ്യാപനായി. 1983ൽ കോട്ടയം മെഡിക്കല്‍ കോളജില്‍നിന്നു മെഡിസിന്‍ വിഭാഗം അധ്യാപകനായി വിരമിച്ച ഡോ. കെ.പി. ജോർജ്, പ്രശസ്തനായ ഭിഷഗ്വരന്‍, പ്രഗത്ഭനായ അധ്യാപകന്‍, സര്‍വകലാശാലാ പരീക്ഷകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ ആദരിക്കപ്പെടുന്നു. അവസാന കാലം വരെ ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
 തിങ്കളാഴ്ച 11.30ന് മാങ്ങാനത്തെ ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്കു ശേഷം കോട്ടയം പുത്തൻ പള്ളിയിൽ സംസ്കാരം.
ഭാര്യ – മറിയം ജോർജ്
മക്കൾ- പൗലോസ് ജോർജ്, തോമസ് ജോർജ്

Back to top button
error: