കൊച്ചി: എസ്.ഡി.പി.ഐയും പോപ്പുലർ ഫ്രണ്ടും തീവ്രവാദ സംഘടനകളാണെന്ന് കേരള ഹൈക്കോടതി അസന്നിഗ്ധമായി വിലയിരുരുത്തി. ഇരുസംഘടനകളും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരാണെന്നു തുടങ്ങി എസ്.ഡി.പി.ഐയെയും പോപ്പുലർ ഫ്രണ്ടിനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. പാലക്കാട് സഞ്ജിത്ത് വധക്കേസ് സി.ബി.ഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെടുന്ന ഹർജിയിലെ ഉത്തരവിലാണ് കോടതിയുടെ ഗൗരവമുള്ള പരാമർശം.
സി.ബി.ഐക്ക് കേസ് കൈമാറാൻ ജസ്റ്റിസ് കെ.ഹരിപാൽ തയ്യാറായില്ലെങ്കിലും എസ്.ഡി.പി.ഐയേയും പോപ്പുലർ ഫ്രണ്ടിനേയും പ്രതിക്കൂട്ടിൽ നിർത്തുന്ന ഗുരുതരമായ പരാമർശങ്ങളാണ് കോടതി ഉത്തരവിലുള്ളത്. ഉത്തരവിന്റെ 27-ാം ഖണ്ഡികയിലാണ് ഇരു സംഘടനകൾക്കുമെതിരായ പരാമർശമുള്ളത്.
എസ്.ഡി.പി.ഐയും പോപ്പുലർ ഫ്രണ്ടും തീവ്രവാദ സംഘടനകളാണെന്ന കാര്യത്തിൽ സംശയമില്ല എന്നാണ് കോടതി വ്യക്തമാക്കുന്നത്. ഇരുസംഘടനകളും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരാണ് എന്ന് ഹൈക്കോടതി പറഞ്ഞു. രണ്ട് സംഘടനകളേയും നിരോധിച്ചിട്ടില്ലെന്ന കാര്യംകൂടി ഉത്തരവിൽ ഹൈക്കോടതി എടുത്തു പറയുന്നു.
സഞ്ജിത്ത് വധക്കേസിൽ എസ്.ഡി.പി.ഐയുടേയും പോപ്പുലർ ഫ്രണ്ടിന്റേയും സംസ്ഥാന-ദേശീയ നേതാക്കൾക്ക് ബന്ധമില്ലെന്നാണ് പോലീസ് റിപ്പോർട്ടുള്ളതെന്ന കാര്യം കോടതി ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേസ് സി.ബി.ഐക്ക് കൈമാറാതിരുന്നതിൻ്റെ കാരണങ്ങൾ കോടതി വ്യക്തമാക്കി.
കേസിലെ പ്രധാന പ്രതികളെല്ലാം അറസ്റ്റിലായി കഴിഞ്ഞു. ഇനി കേസ് സി.ബി.ഐക്ക് കൈമാറിയാൽ അന്വേഷണം നീണ്ടുപോകുമെന്നാണ് കോടതിയുടെ വിലയിരുത്തൽ.