KeralaNEWS

ജീവനക്കാരുടെ ശമ്പള വിതരണത്തിൽ പ്രതിസന്ധി ഉണ്ടാകില്ല: കെ.എൻ.ബാലഗോപാൽ

കൊട്ടാരക്കര: സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിൽ പ്രതിസന്ധി ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. അടുത്ത മാസത്തെ ശമ്പളത്തിൽ 10% പിടിച്ചുവയ്ക്കുമെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പു മുന്നിൽക്കണ്ടു ആശങ്ക സൃഷ്ടിക്കാനുള്ള വ്യാജ പ്രചാരണമാണിത്. ശമ്പളം മുടങ്ങാതിരിക്കാനുള്ള ലിക്വിഡിറ്റി മാനേജ്മെന്റ് സർക്കാർ ചെയ്യുന്നുണ്ടെന്നും മന്ത്രി കൊട്ടാരക്കരയിൽ പറഞ്ഞു.

സംസ്ഥാനത്തിന്റെ കടമെടുക്കൽ പരിധി നിശ്ചയിച്ചു നൽകേണ്ടതു കേന്ദ്ര സർക്കാരാണ്. നാലോ അഞ്ചോ സംസ്ഥാനങ്ങൾക്കു മാത്രമാണു പുതിയ സാമ്പത്തിക വർഷം തുടങ്ങിയ ശേഷം കടമെടുക്കൽ അനുമതി ലഭിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാർ ഇതുസംബന്ധിച്ചു എഴുത്തുകുത്തുകൾ നടത്തിവരികയാണ്. അനുമതി ഉടൻ ലഭിക്കുമെന്നാണു വിശ്വാസം. കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങളുടെയും രക്ഷാകർത്താവാണ്. കഴിഞ്ഞ മാസം സംസ്ഥാനം കടമെടുത്തില്ല എന്ന പേരിൽ ആശങ്ക വേണ്ടെന്നും മന്ത്രി വിശദീകരിച്ചു.

Back to top button
error: