ഇതിപ്പോൾ പലവട്ടമായി. ആളുകൾ ഫോണിലൂടെ എന്നെ ചീത്തവിളിക്കുന്നു. വളരെ ഭവ്യതയോടെയാണു മിക്കപ്പോഴും സംഭാഷണം ആരംഭിക്കുന്നത്. മെല്ലെ ടോൺ മാറുന്നു. ” സാർ ഇത്ര നാളും കോൺഗ്രസ്സിൽ നിന്നു നേടാനുള്ളതൊക്കെ നേടിയിട്ട് ഇപ്പോൾ ഈ കാണിക്കുന്നതു ശരിയാണോ” എന്നതാണ് ഏറ്റവും സൗമ്യമായ ചോദ്യങ്ങളിലൊന്ന്. ,
എന്നാൽ ചിലരുടെ സംഭാഷണം വളരെ ഉയർന്ന നിലവാരത്തിലുള്ളതാകയാൽ ഇവിടെ ഉദ്ധാരണയോഗ്യമല്ല.
എന്റെ ഈ ഗതികേട് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
കാൽ നൂറ്റാണ്ടു മുമ്പ് എറണാകുളത്തു ബാലചന്ദ്രൻ ചുള്ളിക്കാട് സംഘടിപ്പിച്ച ഒരു മലയാള സമ്മേളനം കഴിഞ്ഞിറങ്ങിയ എനിക്കു നൽകാൻ നിവേദനവുമായി ചിലർ കാത്തു നിന്നതോർക്കുന്നു. സ്ഥലം എറണാകുളമായതു കൊണ്ട് അങ്ങനെ സംഭവിക്കാം എന്നു സമാധാനിക്കാം.
ഈ പൊല്ലാപ്പ് ഒഴിവാക്കാനാണ് ഞാൻ പേരിനൊപ്പം എപ്പോഴും ഡോ. എന്ന പൂർവസർഗം നിർബന്ധമായും ചേർക്കുന്നതു്.
പക്ഷേ അതുകൊണ്ടൊന്നും ഒരു പ്രയോജനവുമുണ്ടായില്ല.
2018 ൽ ഞാനും കാരശ്ശേരി മാഷും ചില മലയാളി സംഘടനകളുടെ ക്ഷണപ്രകാരം ഓസ്ട്രേലിയയിൽ ഒരു മാസം നീണ്ട ഒരു പര്യടനം നടത്തി.
ആദ്യത്തെ യോഗം മെൽബണിലായിരുന്നു.
യോഗം പുരോഗമിക്കവേ സദസ്സിലിരുന്ന പലരും എന്നെ നോക്കി കുശു കുശുക്കുന്നതു പ്രസംഗ വേദിയിലിരുന്ന എനിക്കു കാണാമായിരുന്നു. ആകെ ഒരസ്വസ്ഥത.
എനിക്കൊന്നും മനസ്സിലായില്ല. പരിപാടി കഴിഞ്ഞപ്പോൾ സംഘാടകർ ആ സങ്കടകരമായ കാര്യം പറഞ്ഞു. :
” എന്തിനാണു കാശുമുടക്കി ഈ കോൺഗ്രസ്സുകാരനെ ഇങ്ങോട്ടു വിളിച്ചു കൊണ്ടുവന്നത് ?” എന്നായിരുന്നത്രേ പലരും അമർഷത്തോടെ ചോദിച്ചത്. ഇടതുപക്ഷ സംഘടനകൾ സംഘടിപ്പിച്ച ഒരു പരിപാടിയായിരുന്നു അത്. . ” നിങ്ങൾക്കാളു തെറ്റി “എന്നു പ്രതിഷേധക്കാരെ ധരിപ്പിക്കാൻ സംഘാടകർ ഒട്ടൊന്നുമല്ല പാടുപെട്ടത്.
കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ കോഴിക്കോട്ടെ ഒരു കോൺഗ്രസ് നേതാവ് എന്നെ വിളിച്ചു. അദ്ദേഹം എന്റെ ചിരപുരാതന സുഹൃത്താണ്. അദ്ദേഹത്തിന്റെ നമ്പർ എന്റെ ഫോണിൽ തെളിഞ്ഞപ്പോൾ ഞാൻ പേരെടുത്തു പറഞ്ഞു കൊണ്ട് വിശേഷങ്ങൾ ആരാഞ്ഞു.
“സാർ എന്റെ പേരു് ഓർത്തിരിക്കുന്നല്ലോ സന്തോഷം എന്നു പറഞ്ഞ് അദ്ദേഹം തന്റെയും ചില സുഹൃത്തുക്കളുടെയും കദന കഥ പറഞ്ഞു: കോൺഗ്രസ് പാർട്ടിയിൽ നിന്നു നിരന്തരമായുണ്ടായിക്കൊണ്ടിരിക് കുന്ന അവഗണനയാണു കഥാസാരം. അതിനാൽ ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിനു ഞങ്ങൾ കുറച്ചാളുകൾ സാറിനെ കാണാൻ വരുന്നു. സംഗതി ഇത്രത്തോളമെത്തിയപ്പോൾ ഞാൻ പറഞ്ഞു: “കാര്യം ഗൗരവമുള്ളതു തന്നെ. പക്ഷേ നിങ്ങൾ വിളിച്ചതു കോഴിക്കോട്ടുള്ള അതേ പേരുകാരനെയാണ്.” പിന്നെയുണ്ടായ പൂരം പറയാവതല്ല. (ഗുണപാഠം :ഫോണിൽ പേരുകൾ വ്യക്തമായി സേവു ചെയ്യണം)
രണ്ടു പേർക്ക് ഒരേ പേരുണ്ടായിപ്പോയതാണ് മഹാഭാരതത്തിലെ സകല കുഴമാന്ത്രങ്ങൾക്കും കാരണം. ചിത്രാംഗദൻ എന്ന ഗന്ധർവ്വനും അതേ പേരുകാരനായ കൗരവ പൂർവികനും തമ്മിൽ പേരിനെച്ചൊല്ലിയുണ്ടായ കശപിശയ്ക്കൊടുവിൽ ഗന്ധർവൻ കൗരവനെ അടിച്ചു കൊന്നു.
ദോഷം പറയരുതല്ലോ ഞാനും എന്റെ പേരുകാരനുമായി ശണ്ഠയൊന്നുമില്ല. .
എന്റെ ഒരു പുസ്തകം തൃശൂരു വച്ച് അദ്ദേഹം പ്രകാശിപ്പിച്ചിട്ടുണ്ട്. കെ.വി.തോമസിന്റെ പുസ്തകം കെ.വി.തോമസ് പ്രകാശിപ്പിക്കുന്നതിലെ സാരസ്യത്തെപ്പറ്റി അന്നദ്ദേഹം സൂചിപ്പിച്ചിരുന്നു.
എറണാകുളത്തു വച്ച് എനിക്ക് ഒരു അവാർഡും തന്നിട്ടുണ്ടദ്ദേഹം.
ഗൂഗിളിൽ സർച്ച് ചെയ്യുന്നവരുടെ മുമ്പിൽ ഞങ്ങളുടെ പേരുകൾ ഒന്നിച്ചാവിർഭവിക്കുന്നതുമൂലം ചില്ലറ പ്രശ്നങ്ങൾ ഇല്ലാതില്ല. പല മീറ്റിംഗുകളിലും “കുമ്പളങ്ങിക്കഥകളു” ടെ പേരിൽ സ്വാഗതപ്രസംഗകർ എന്നെ മുച്ചൂടും അനുമോദിച്ചിട്ടുണ്ട്.
എന്തു ചെയ്യാം.?
എന്തായാലും രണ്ടു മൂന്നുദിവസത്തെ അനുഭവം കൊണ്ട് , വിനയത്തിൽ പൊതിഞ്ഞ തെറി പറയാൻ കോൺഗ്രസ്സുകാർ പഠിച്ചു എന്ന് എനിക്കുറപ്പിച്ചു പറയാനാവും.
ഭാഷ നന്നാവുന്നതു നല്ല കാര്യം തന്നെ.
എന്നാലും ഈ തൃക്കാക്കര തിരഞ്ഞെടുപ്പ് ഒന്നു വേഗം കഴിഞ്ഞു കിട്ടിയാൽ മതിയായിരുന്നു.
എന്ന് കോഴിക്കോട്ട് എരഞ്ഞിപ്പാലത്തു താമസിക്കുന്ന കോട്ടയം പാമ്പാടി കരോട്ട് വർഗ്ഗീസ് മകൻ
ഡോ.കെ.വി.തോമസ്
(ഡോക്ടർമാർ ഫേസ്ബുക്കിൽ കുറിച്ചത്/കടപ്പാട്)