ഡല്‍ഹി: കള്ളപ്പണക്കേസില്‍ ജാര്‍ഖണ്ഡ് ഖനന വകുപ്പ് സെക്രട്ടറി പൂജ സിംഗാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 18 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് അറസ്റ്റ്. രണ്ട് ദിവസമായി നടത്തിയ ചോദ്യം ചെയ്യലിനൊടുവില്‍ ബുധനാഴ്ച വൈകീട്ടോടെയാണ് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.
2000 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് പൂജ സിംഗാള്‍. കേസിലെ രണ്ടാമത്തെ അറസ്റ്റാണിത്. മേയ് ഏഴിന് സിംഗാളിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സുമാന്‍ കുമാറിനേയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വീട്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത 17.51 കോടി രൂപയും ഇ.ഡി പിടിച്ചെടുത്തിരുന്നു. ഇയാളുമായി പൂജ സിംഗാളിനുള്ള ബന്ധത്തിന് കൃത്യമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൂജയെ അറസ്റ്റ് ചെയ്തത്.
നേരത്തെ കേസുമായി ബന്ധപ്പെട്ട് റാഞ്ചിയിലെ പള്‍സ് ആശുപത്രിയിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. പൂജ സിംഗാളിന്റെ ഭര്‍ത്താവായ അഭിഷേകിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയാണിത്. 1.8 കോടി ഇവിടെനിന്നും ഇ.ഡി പിടിച്ചെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഭിഷേകിനെയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു.